Tuesday
26 Mar 2019

അഭിമന്യു

By: Web Desk | Sunday 6 January 2019 7:21 PM IST


Abhimanyu

മീന ശൂരനാട്

അഭിമന്യു നീ
കണ്ണുനീരിന്റെ മൂകസാക്ഷി,
ആതുര പ്രണയത്തിന്‍
മാപ്പുസാക്ഷി,
തുടരും കുരുക്ഷേത്ര
പത്മവ്യൂഹത്തിലെ
ചതിയില്‍ കുടുങ്ങിയ
രക്തസാക്ഷി
മാറുന്ന സൗഹൃദ
ലഘുലേഖയില്‍
വെട്ടിയെഴുതുവാന്‍
ചേര്‍ത്തൊരു സമവാക്യം നീ
ഊരിന്റെ സ്വപ്‌നം
നെറുകയില്‍ കോറിയ
കാടിന്റെ ചൂരും കനല്‍ച്ചൂടുമാണു നീ
വാടിക്കരിയുവാന്‍
നിന്നു കൊടുക്കാത്ത
ചോരത്തുടിപ്പിന്‍
കലാലയ പുഷ്പം നീ
ആരിലുമെന്നും നിലാവു പോല്‍
വീഴുന്നൊരാശാവഹമായ
പുഞ്ചിരിച്ചാറു നീ.
പുത്രകാമേഷ്ടികള്‍
നേരാതൊരമ്മയ്ക്കഷ്ട –
സൗഭാഗ്യത്തിന്‍ ഗംഗാപ്രവാഹം നീ
ഓര്‍ക്കാതിരിക്കെ കരിന്തിരി
കത്തിയൊരാട്ട വിളക്കിലെ
തീ നാളമാണു നീ
ഏതൊരമ്മയ്ക്കുമുറക്കം’
കെടുത്തുമാറാശങ്ക
വീര്‍പ്പിടുമോര്‍മ്മയാണെന്നും നീ
വാള്‍മുനയാഴ്ത്തി പ്രവാചരെത്തുന്നു
മാനവ സ്‌നേഹം വിളയും നിലങ്ങളില്‍
ഏതോ കരിമ്പടം വന്നു മൂടുന്നിതാ
നേരു തെളിയ്ക്കും വഴികളിലെങ്ങുമേ
വീണുപോയ് ചോരച്ചുവപ്പണി –
ഞ്ഞെന്തിനായ് ‘ നാന്‍ പെറ്റ മകനേ ‘
തിരിച്ചു വരാതിനി ?
നിന്നില്‍ ജ്വലിച്ചല്പ മാത്രകളെങ്കിലും
പിന്നെക്കൊടുങ്കാറ്റില്‍
കെട്ടുപോയെങ്കിലും
ഊതിത്തെളിക്കുമാത്തീയില്‍
നിന്നുയിരിടും മാനവത്വത്തിന്ന-
ഭിമന്യുമാര്‍ വീണ്ടും.