Janayugom Online
abhimanyu murder janayugom

അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് വനിതാ പ്രവര്‍ത്തകര്‍ക്കും പങ്കെന്ന് സൂചന

Web Desk
Posted on July 19, 2018, 11:05 pm

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിക്കും സംഘടനയിലെ വനിതാ പ്രവര്‍ത്തകര്‍ക്കും പങ്കെന്ന് പൊലീസ്.
ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയും പൂത്തോട്ട എസ്എന്‍ ലോകോളജിലെ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റൗഫ് നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും കണ്ണൂര്‍ സ്വദേശിയായ റൗഫ് സംഭവം നടന്ന ശേഷം തലശേരിയില്‍ എത്തിയതിനും തെളിവ് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി.
തലശേരിയില്‍ നിന്ന് കഴിഞ്ഞ ദിവസം പിടിച്ച ഷാനവാസാണ് ഇയാളെ രക്ഷിച്ചത്. ഷാനവാസ് ഇതുസംബന്ധിച്ച് പൊലീസിന് മൊഴി നല്‍കി. പൂത്തോട്ട കോളജിലെ എല്‍എല്‍ബി രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിയായ റൗഫ് കോളജിനുള്ളില്‍ ഒരിക്കലും ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തകനായി പ്രത്യക്ഷപ്പെട്ടിരുന്നില്ല. കഴിഞ്ഞ തവണ മത്സരിച്ചതുപോലും സ്വതന്ത്രനായിട്ടായിരുന്നു. സംഭവത്തിനു ശേഷം പക്ഷെ റൗഫ് കോളജില്‍ എത്തിയിട്ടില്ല. റൗഫിനെ സസ്‌പെന്‍ഡുചെയ്തതായി കോളജ് അധികൃതര്‍ അറിയിച്ചു.
അതിനിടെ അഭിമന്യുവിന്റെ കൊലപാതകത്തില്‍ മഹാരാജാസിലെ വനിതാ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്നുള്ള സൂചനയും പുറത്തുവന്നിട്ടുണ്ട്. അഭിമന്യുവിനെ കൊലപ്പെടുത്തിയ ദിവസവും അതിന് ശേഷവും വനിതാ പ്രവര്‍ത്തകര്‍ മുഖ്യപ്രതി മുഹമ്മദുമായി തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തി.
സംശയനിഴലിലുള്ള ഒരു പെണ്‍കുട്ടി ഒളിവില്‍ പോയതായും സൂചനയുണ്ട്.
അതിനിടെ സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത അറസ്റ്റിലായ മുഹമ്മദിനെയും ആദിലിനെയും പൊലീസ് കൂടുതല്‍ അന്വേഷണത്തിനായി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. മുഹമ്മദ് സംഭവത്തിന് ശേഷം ആലപ്പുഴയിലാണ് ആദ്യം ഒളിവലിരുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്തും എത്തി. അവിടെ നിന്നാണ് ഗോവയിലേക്ക് പോയത്. ഇവരെ രണ്ടു പേരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ സംഭവത്തിന്റെ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഷാനവാസിനെ കൂടാതെ ഫോര്‍്ട്ടുകൊച്ചിയില്‍ നിന്ന് പ്രതികളെ ഓട്ടോയില്‍ രക്ഷപ്പെടാന്‍ സഹായിച്ച മട്ടാഞ്ചേരി സ്വദേശി സജിറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.
ഇതില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേരുണ്ട്. മൂന്നുപേരെ സംഭവസ്ഥലത്തുനിന്നുതന്നെ പൊലീസ് പിടിച്ചിരുന്നു.