Janayugom Online
Abhimanyu - janayugam

അഭിമന്യുവധം: മുഖ്യപ്രതികള്‍ ഇപ്പോഴും കാണാമറയത്ത്

Web Desk

കൊച്ചി

Posted on July 13, 2018, 10:27 pm

സംസ്ഥാനത്തെ നടുക്കിയ അഭിമന്യുകൊലക്കേസില്‍ 12 ദിവസം കഴിയുമ്പോഴും മുഖ്യ പ്രതികള്‍ കാണാമറയത്ത്. സംസ്ഥാനത്തെ തന്നെ പ്രമുഖ കോളജില്‍ അരങ്ങേറിയ കൊലപാതകത്തില്‍ ആരാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നതിനു പോലും നാളിതുവരെ കൃത്യമായ ഉത്തരം കാണാവാത്തത് അന്വേഷണ സംഘത്തിനു കനത്ത തിരിച്ചടിയായി. പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ വ്യാപകമായി കസ്റ്റഡിയിലെടുക്കുന്നുണ്ടെങ്കിലും കൊലക്കേസിലെ പ്രതികളെ സംബന്ധിച്ച അന്വേഷണം എങ്ങുമെത്തുന്നില്ലെന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്. കൊലനടത്തിയ സംഘം രാജ്യംവിട്ടെന്ന സൂചനകളെ കുറിച്ചു പോലും സംസ്ഥാന പൊലീസിനു വ്യക്തമായ ഉത്തരങ്ങളില്ല.

ഇന്നലെ ആലുവയില്‍ നിന്നും 26 ഓളം എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മുഖ്യ പ്രതികളെ സംബന്ധിച്ച് വ്യക്തമയാ സൂചനകള്‍ പൊലീസിനു ലഭിച്ചിട്ടില്ല. കൃത്യം നടത്തിയതിനു ശേഷം തന്ത്രപൂര്‍വം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങിയതിനാല്‍ സൈബര്‍ അന്വേഷണം ഏറെക്കുറെ അവിടെ തന്നെ അവസാനിച്ചിരുന്നു. മെട്രൊ നഗരമായ കൊച്ചിയില്‍ നടന്ന കൊലപാതകത്തില്‍ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലും കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. അതേസമയം പ്രതികളെ കണ്ടെത്താനാവാത്തതില്‍ വ്യാപകമായ പ്രതിഷേധമാണ് നാനാ കോണുകളില്‍ നിന്നും ഉയരുന്നത്.

പ്രതികള്‍ വിദേശരാജ്യങ്ങളിലേക്കു കടന്നിട്ടുണ്ടെന്ന വിവരം അന്വേഷണ സംഘം നിഷേധിക്കുകയാണ്. എന്നാല്‍ പ്രതികള്‍ കേരളം വിട്ടതായുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം കേരളത്തിനു പുറത്ത് എവിടേക്കാണ് ഇവര്‍ എത്തിയതെന്നതിനു പൊലീസിന്റെ പക്കല്‍ വിവരങ്ങള്‍ ഒന്നുമില്ല.

അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നു സംശയിക്കുന്ന ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് മുഹമ്മദിന്റെ സുഹൃത്തുക്കളെയും മറ്റുമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തു കൊണ്ടിരിക്കുന്നത്. എന്നാല്‍ രണ്ടു മുഹമ്മദുമാര്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന സൂചനകളും ശക്തമാണ്. ഇവരാണ് കൊലചെയ്‌തെന്ന വിശ്വാസത്തിലാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നതെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണം നല്‍കാന്‍ പൊലീസ് തയാറായിട്ടില്ല. കൃത്യനിര്‍വഹണത്തിനു പ്രതികള്‍ എത്തിയ കാറും പിന്നീട് രക്ഷപ്പെടാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും മറ്റും പൊലീസ് കണ്ടെത്തിയിരുന്നു. കാറിന്റെ ഡ്രൈവറെ ഇക്കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഓട്ടോ ഡ്രൈവര്‍ക്ക് പ്രതികളുമായി ബന്ധമില്ലെന്നും ഓട്ടം വിളിച്ചതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്ക് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന. കേസില്‍ ഇന്നലെ ആലുവ, എടത്തല, കളമശേരി എന്നിവിടങ്ങള് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ 26 പേരെകൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.