അഭിനന്ദില്‍ അഭിമാനം; പിടിയിലാകുന്നതിനു മുമ്പ് എല്ലാ രേഖകള്‍ നശിപ്പിച്ചു

Web Desk
Posted on February 28, 2019, 3:19 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ വൈമാനികന്‍ അഭിമാന്‍ വര്‍ധമാന്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പിടിയിലാകുന്നതിനു മുമ്പ് കൈവശമുണ്ടായിരുന്ന രേഖകള്‍ എല്ലാം നശിപ്പിച്ചിരുന്നതായി പ്രദേശവാസിയായ യുവാവ് മുഹമ്മദിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിനന്ദിന്‍റെ കൈയിലുണ്ടായിരുന്ന ചില കടലാസുകള്‍ സമീപത്തുണ്ടായിരുന്ന ചെറുകുളത്തില്‍ മുക്കി നശിപ്പിക്കുകയും ചിലത് വിഴുങ്ങുകയും ചെയ്തു. രേഖകള്‍ കുതിര്‍ത്ത് നശിപ്പിച്ച ശേഷമാണ് തോക്ക് മാറ്റിവച്ച് അഭിനന്ദന്‍ കീഴടങ്ങാന്‍ സന്നദ്ധനായത്, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയ്ക്ക് നേരെ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ അയച്ച യുദ്ധ വിമാനത്തെ ചെറുക്കുന്നതിനിടയിലാണ് ഇന്ത്യയുടെ വീര സൈനികന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായത്. ശത്രു വിമാനത്തെ തുരത്തുന്നതിനിടെ തകരാറിലായ വിമാനത്തില്‍ പാരച്യൂട്ടില്‍ രക്ഷപ്പെടുന്നതിനിടയിലാണ് അഭിനന്ദന്‍ പാക് മണ്ണില്‍ അകപ്പെട്ടത്.

പാകിസ്ഥാനിലെത്തിയ അഭിനന്ദന് ആദ്യം താന്‍ എത്തപ്പെട്ടത് ഏതു സ്ഥലത്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. സൈനികന്‍ പാരച്യൂട്ടില്‍ വന്നിറങ്ങുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരോട് ആദ്യം അഭിനന്ദന്‍ ചോദിച്ചത് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്നാണ്. ശേഷം, ഇന്ത്യയെ പ്രകീര്‍ത്തിക്കുന്ന വാക്കുകള്‍ വിളിച്ച പറഞ്ഞ അദ്ദേഹത്തെ ചുറ്റും കൂടിയവര്‍ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് താന്‍ അതിര്‍ത്തി കടന്ന് ശത്രുരാജ്യത്തിന്‍റെ മണ്ണിലാണ് വീണതെന്ന് അഭിനന്ദന്‍ മനസിലാക്കുന്നത്. തുടര്‍ന്ന്, ചെറു പിസ്റ്റളെടുത്ത് യുവാക്കള്‍ക്ക് നേരെ ചൂണ്ടിയശേഷം ആകാശത്തേയ്ക്ക് നിറയൊഴിക്കുകയും പിന്നിലേക്ക് ഓടുകയും ചെയ്യുകയായിരുന്നു ഇന്ത്യന്‍ വൈമാനികന്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ ആളുകള്‍ അഭിനന്ദനെ കല്ലെറിഞ്ഞ് ആക്രമിച്ചു. കല്ലേറുകൊണ്ട് ചോര ഒലിപ്പിച്ചു നിന്ന അഭിനന്ദനെ തുടര്‍ന്ന് പാക് സൈന്യം എത്തി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.