അഭിപ്ഷ ചൗഹാൻ

(എഐഎസ്എഫ് ഡൽഹി സംസ്ഥാന സെക്രട്ടറി)

February 05, 2021, 10:12 pm

പുറത്ത് മുള്ളുവേലികൾ പണിയട്ടെ, അകത്ത് ഉള്ളുലയ്ക്കാത്ത പോരാട്ടവീര്യമാണ്

Janayugom Online

ഇവിടെ ഗാസിപ്പൂരിന് ചുറ്റും പൊലീസിന്റെ മുള്ളുവേലികളാണ്. ഇവിടെ നിന്ന് പുറത്തുപോകുന്നതും ഇവിടേയ്ക്ക് കടന്നുവരുന്നതും തടയുന്നതിനുവേണ്ടിയുള്ള കിരാത മുറകളാണ് പൊലീസിന്റേത്. എങ്കിലും ഇവിടെ ഗാസിപ്പൂരിലും പിന്നെ ടിക്രിയിലും ഷാജഹാൻപൂരിലും സിംഘുവിലും ബാരിക്കേഡുകളും മുള്ളുവേലികളും കോൺക്രീറ്റ് ചുമരുകളും തീർത്ത് തുറന്ന ജയിലിന് സമാനമാക്കിയ പ്രക്ഷോഭകേന്ദ്രങ്ങൾക്ക് അകത്ത് ഉള്ളുലയ്ക്കാത്ത പോരാട്ടവീര്യമാണ്. കർഷകരുടേതെന്ന് മുദ്രയടിച്ച് മാറ്റിനിർത്താൻ ശ്രമിച്ച സമരഭൂമികളിലേയ്ക്ക് ഞങ്ങൾ എഐഎസ്എഫ്, എഐവൈഎഫ് പ്രവർത്തകർ ഇടക്കിടെ വന്നു പോകാറുണ്ടായിരുന്നു. പല കേന്ദ്രങ്ങളിലും കുടുംബത്തോടൊപ്പമെത്തിയ എത്രയോ വിദ്യാർത്ഥികൾ ‑അവരിൽ നിരവധി എഐഎസ് എഫ്, എഐവൈഎഫ് പ്രവർത്തകർ.

രണ്ടരമാസത്തിനിടെ പല തവണ സിംഘുവിലും ടിക്രിയിലും ഷാജഹാൻപൂരിലും ഗാസിപ്പൂരിലും ഞങ്ങൾ ഐക്യദാർഢ്യവുമായി വന്നുപോയി. അതിനിടയിലാണ് ഗാസിപ്പൂരിൽ രണ്ടു രാത്രികളിൽ യുപി പൊലീസിന്റെ ഒഴിപ്പിക്കൽ ശ്രമമുണ്ടായത്. അതുകൊണ്ട് വന്നുപോകുന്നതിന് പകരം കർഷകരോടൊപ്പം ഇവിടെ താമസിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. വെള്ളവും വെളിച്ചവും നിഷേധിക്കപ്പെട്ട സമരഭൂമിയിലേയ്ക്ക് ഡൽഹിയിൽനിന്നും യുപിയിൽ നിന്നും ശേഖരിച്ച വെള്ളക്കുപ്പികളുമായി വന്ന് ഗാസിപ്പൂരിലെ സമരഭൂമിക്ക് മൂന്ന് കിലോമീറ്റർ അകലെയിറക്കി (അവിടെവച്ച് ഞങ്ങളുടെ യാത്ര പൊലീസ് തടയുകയായിരുന്നു) ചുമന്ന് മുള്ളുവേലികൾ കടന്ന് ഞങ്ങൾ ഇവിടെയെത്തിയിട്ട് പത്തു ദിവസം പിന്നിടുന്നു.കൊണ്ടുവന്ന വെള്ളക്കുപ്പികൾ കർഷകർക്ക് വിതരണം ചെയ്തു. അന്നുതന്നെ ഞങ്ങൾ, കഴിഞ്ഞ ദിവസങ്ങളിൽ ആർഎസുഎസുകാർ തകർത്ത പന്തലുകൾ പൂർവസ്ഥിതിയിലാക്കി. പിന്നീട് എഐഎസ്എഫിന്റെ നേതൃത്വത്തിൽ ഛത്ര ചൗക്ക് (വിദ്യാർത്ഥി കേന്ദ്രം) എന്ന പേരിൽ പ്രത്യേകം പന്തൽ തീർത്തു. അവിടെയൊരു കിസാൻ വായനശാലയൊരുക്കി.

ആദ്യദിവസം വെള്ളവും വെളിച്ചവുമില്ലാത്ത ഈ പന്തലിലായിരുന്നു ഞങ്ങൾ. എല്ലാ സൗകര്യങ്ങളും നിഷേധിച്ച് തകർക്കാനുള്ള ശ്രമങ്ങളായിരുന്നു പൊലീസ് നടത്തിയത്. സജ്ജീകരിച്ച ശൗചാലയങ്ങൾ എടുത്തുകൊണ്ടുപോയി. വെള്ളവും വെളിച്ചവും നിഷേധിച്ചു. എന്നിട്ടും ആ സമരവീര്യം തകരാതെ തുടരുന്നത് ഇവിടെയിപ്പോൾ ഞങ്ങൾക്ക് നേർക്കാഴ്ചയാണ്. ഇവിടെ വായനശാലയിൽ എല്ലാ ദിവസവും കർഷകരെത്തുന്നു. വിദ്യാർത്ഥികൾ ഇവിടെയിരുന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നു. ഞാനും പത്തു ദിവസമായി ഇവിടെയിരുന്നാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്.

ENGLISH SUMMARY: ABHIPSHA CHOWHAN ABOUT THE FARMERS STRUGGLE IN DELHI

YOU MAY ALSO LIKE THIS VIDEO