പിപി ചെറിയാന്‍

കാലിഫോര്‍ണിയ

January 30, 2020, 2:11 pm

ഗര്‍ഭച്ഛിദ്രത്തിന് ഫണ്ട് അനുവദിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്

Janayugom Online

ഗര്‍ഭച്ഛിദ്രത്തിന് ഫണ്ട് അനുവദിക്കുന്ന കാലിഫോര്‍ണിയ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കെതിരെ ശക്തമായ മുന്നറിപ്പുമായി ട്രംപ് ഗവണ്‍മെന്റ്. കഴിഞ്ഞ വാരാന്ത്യം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് കാലിഫോര്‍ണിയ സംസ്ഥാന സര്‍ക്കാരിനയച്ച കത്തിലാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഗര്‍ഭഭച്ഛിദ്രത്തിന് ഫണ്ട് അനുവദിച്ചാല്‍ ഫെഡറല്‍ നിയമലംഘനമാകുമെന്നും സംസ്ഥാനത്തിനുള്ള ഫെഡറല്‍ സഹായം നിര്‍ത്തല്‍ ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

2014 ലെ കാലിഫോര്‍ണിയ നിയമമനുസരിച്ച് എല്ലാ ഇന്‍ഷ്വറന്‍സ് കമ്പനികളും ഗര്‍ഭച്ഛിദ്രത്തിനുള്ള ഫണ്ട് അനുവദിക്കണമെന്നുള്ളത് കര്‍ശനമാക്കിയിരുന്നു. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഫണ്ട് അനുവദിക്കുന്നത് നിര്‍ത്തല്‍
ചെയ്യണമെന്നാവശ്യപ്പെട്ട് 30 ദിവസത്തെ സമയമാണ് ഫെഡറല്‍ ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത്. ഫെഡറല്‍ നിയമനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നു മുന്നറിയിപ്പും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ സേവ്യര്‍ ബെക്കേറ ട്രംപ് ഗവണ്‍മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. സ്ത്രീകളുടെ ആരോഗ്യത്തിനെതിരെയാണ് വൈറ്റ് ഹൗസ് തീരുമാനമെന്നും ഇതു ഭൂഷണമല്ലെന്നും അറ്റോര്‍ണി പറഞ്ഞു. അതേസമയം ഫെഡറല്‍ ഗവണ്‍മെന്റും കാലിഫോര്‍ണിയ സര്‍ക്കാരും അടുത്ത ദിവസങ്ങള്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്നതു ജനങ്ങള്‍ ആകാംക്ഷയോടെ നോക്കികാണുകയാണ്.