അശാസ്ത്രീയമായി ഗര്‍ഭം അലസിപ്പിക്കല്‍: ശിശുവിന്റെ ജഡം ഉപേക്ഷിച്ച മാതാവിനെതിരേ കേസ്

മാനന്തവാടി: അശാസ്ത്രീയമായി ഗര്‍ഭം അലസിപ്പിച്ചശേഷം ശിശുവിന്റെ ജഡം കക്കൂസ് ടാങ്കില്‍ ഉപേക്ഷിച്ച മാതാവിനെതിരേ പൊലീസ് കേസെടുത്തു. തിരുനെല്ലി പൊലീസ് സ്റ്റേഷന് പരിധിയിലെ 37 കാരിയായ യുവതിയും നാല് കുഞ്ഞുങ്ങളുടെ അമ്മയുമായ സ്ത്രീയാണ് നിയമരഹിതമായി ഗര്ഭമലസിപ്പിച്ച ശേഷം അഞ്ച് മാസത്തോളം പ്രായംതോന്നിക്കുന്ന ഗര്‍ഭസ്ഥശിശുവിന്റെ ജഡം കക്കൂസ് ടാങ്കില്‍ ഉപേക്ഷിച്ചത്.
അമിതരക്തസ്രാവം മൂലം ജില്ലാശുപത്രിയില്‍ ചികിത്സതേടിയ യുവതിയെ പരിശോധിച്ച ഡോക്ടറുടെ പരാതിപ്രകാരം തിരുനെല്ലി പൊലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് മാനന്തവാടി തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കക്കൂസ് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ജഢം കണ്ടെത്തി. 17ന് അര്‍ധരാത്രിയിലാണ് യുവതിയെ അമിതരക്തസ്രാവത്തോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാസമുറയുമായി ബന്ധപ്പെട്ട വിഷയമാണെന്നാണ് യുവതി പറഞ്ഞിരുന്നത്. എന്നാല്‍ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ മറുപിള്ളയും മറ്റും കണ്ടെത്തിയതിനാല്‍ പ്രസവം മൂലമുള്ള രക്തസ്രാവമാണെന്ന് മനസ്സിലാക്കുകയും ഇക്കാര്യംപൊലീസില് അറിയിക്കുകയുമായിരുന്നു. പൊക്കിള്‍കൊടി യുവതി മുറിച്ച് മാറ്റിയതായും ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തിരുനെല്ലി എസ്.ഐ. ബിജു ആന്റണിയുടെ നേതൃത്വത്തില്‍ യുവതിയുടെ മൊഴിയെടുത്തതില്‍ യുവതി ഭര്‍ത്താവറിയാതെ ഗര്‍ഭം ധരിച്ചിരുന്നതായും, പിന്നീട് ഗുളിക കഴിച്ച് ഗര്ഭമലസിപ്പിച്ചതായും തെളിയുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നിയമപരമല്ലാതെ ഗര്‍ഭം അലസിപ്പിച്ചതിനും ജനനം മറച്ചുവെച്ചതിനും കേസെടുക്കുകയായിരുന്നു.കണ്ണൂര്‍ റീജിയണൽ ഫോറന്‍സിക് സയന്‍സ് ലാബിലെ സയന്റിഫിക് ഓഫീസര്‍ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക് സംഘവും, വിരലടയാള വിദഗ്ധരും മൃതദേഹം പരിശോധിച്ചു.