ആറു മാസം വരെ അബോര്‍ഷന് അനുമതി; കാലയളവ്‌ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

Web Desk

ന്യൂഡല്‍ഹി

Posted on January 29, 2020, 5:11 pm

ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി (ആറ് മാസമാക്കി) ഉയർത്തി കേന്ദ്രസർക്കാർ. നേരത്തേ ഇത് 20 ആഴ്ചയായിരുന്നു (അഞ്ച് മാസം). ഇന്ന് ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നൽകി. ബില്ല് ഫെബ്രുവരി 1‑ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.

പുതിയ തീരുമാനം ഏറെ പുരോഗമനപരമായ പരിഷ്‌കാരമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. 20 ആഴ്ച വരെയായിരുന്നു ഇതുവരെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിച്ചിരുന്ന കാലയളവ്. എന്നാല്‍ ഇത് ഉയര്‍ത്തണമെന്ന ആവശ്യം സ്ത്രീകളില്‍നിന്നും ഡോക്ടര്‍മാരില്‍നിന്നും ഉയര്‍ന്നിരുന്നു. ഇത് പരിഗണിച്ചാണ് കാലയളവ് ഉയര്‍ത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ചു മാസം വരെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുന്ന, 1971ല്‍ പാസാക്കിയ നിയമമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത്. ആരോഗ്യപരമായ കാരണങ്ങളാലടക്കം കുട്ടിയുടെ വളര്‍ച്ചയില്‍ എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാല്‍, അഞ്ച് മാസം കഴിഞ്ഞിട്ടാണ് അത് കണ്ടെത്തുന്നതെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിലവിലെ നിയമപ്രകാരം കഴിയില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം, പുരോഗമനപരമായ നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് ബില്ല് കൊണ്ടുവരുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

സ്വന്തം തീരുമാനപ്രകാരം ഗര്‍ഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും, അത്തരം സാഹചര്യത്തില്‍ സ്വതന്ത്രമായും സുരക്ഷിതമായും ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതാണ് ഈ ബില്ലെന്നും ജാവഡേക്കര്‍ പറഞ്ഞു.ബലാത്സംഗത്തിനിരയായ കുട്ടികൾക്കോ, പ്രായപൂർത്തിയാവാത്തവർക്കോ, ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കോ ഗർഭാവസ്ഥയെക്കുറിച്ച് ഉടനെത്തന്നെ അറിയാൻ സാധ്യതയില്ല. അങ്ങനെയുള്ളവർക്ക് ആറ് മാസത്തിനകം സ്വതന്ത്രമായി ഗർഭച്ഛിദ്രം നടത്താനും ഇത് വഴി കഴിയുമെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.

Eng­lish sum­ma­ry: Abor­tion to be allowed at 24 weeks, cab­i­net approved new bill

YOU MAY ALSO LIKE THIS VIDEO