വിടരും മുമ്പേ കൊഴിയുന്ന പൂമൊട്ടുകള്‍

Web Desk
Posted on October 13, 2017, 1:48 am

ജിതാ ജോമോന്‍

രു നിമിഷം നിങ്ങള്‍ ഒന്നാലോചിച്ച് നോക്കു നിങ്ങളുടെ കുഞ്ഞിന്റെ ഓമനമായ മുഖം എത്ര സുന്ദരമാണല്ലെ? ഇനി ഒന്നു ചിന്തിച്ച് നോക്കു സ്വന്തം കുഞ്ഞിനെ ഗര്‍ഭപാത്രത്തിലിട്ട് നിഷ്ഠുരമായി കൊല ചെയ്യുന്നത്. ആ പിഞ്ചോമനയുടെ നിലവിളി നിങ്ങള്‍ കേള്‍ക്കാത്തതാണോ അതോ കേട്ടിട്ടും കേള്‍ക്കാത്തത് പോലെ നടിക്കുന്നതാണോ?
എന്താണ് ഗര്‍ഭഛിദ്രം?
ഗര്‍ഭപാത്രത്തില്‍ നിന്നും ഭ്രൂണം നീക്കംചെയ്യുകയോ, നശിപ്പിക്കുകയോ ചെയ്യുന്നതു വഴി ഗര്‍ഭം അവസാനിപ്പിക്കുന്നതിനെയാണ് ഗര്‍ഭഛിദ്രം എന്ന് പറയുന്നത്. ഗര്‍ഭിണിയുടെ ജീവനോ, ആരോഗ്യസ്ഥിതിയോ സംരക്ഷിക്കുന്നതിനു വേണ്ടി ചെയ്യുന്ന ഗര്‍ഭഛിദ്രത്തെ ചികിത്സാപരമായ ഗര്‍ഭഛിദ്രം എന്നും, മറ്റ് കാരണങ്ങള്‍ക്കായി നടത്തുന്നതിനെ പ്രേരിപ്പിക്കപ്പെട്ട ഗര്‍ഭഛിദ്രം എന്നും പറയുന്നു. സാധാരണയായി ഗര്‍ഭഛിദ്രം എന്ന വാക്ക് പുറമേ നിന്നുമുള്ള പ്രേരണ മൂലമുള്ള പ്രക്രിയയെ സൂചിപ്പിക്കുമ്പോള്‍, സ്വയം സംഭവിക്കുന്ന ഗര്‍ഭഛിദ്രങ്ങള്‍ പൊതുവേ ഗര്‍ഭമലസല്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
പ്രധാനമായും നാല് തരത്തിലാണ് ഗര്‍ഭച്ഛിദ്രം നടത്തുന്നത്.
വാക്വം ആസ്പിരേഷന്‍ രീതി
ഇത് വാക്വം ക്ലീനര്‍ പോലുള്ള ഒരു യന്ത്രം ഗര്‍ഭപാത്രത്തിനുള്ളിലേക്ക് കയറ്റുകയും ഒരു അഴുക്ക് എങ്ങനെയാണോ വലിച്ച് കളയുന്നത് അതു പോലെ കുഞ്ഞിനെ വലിച്ചെടുക്കുകയും, കുഞ്ഞിന്റെ ശരീര ഭാഗങ്ങള്‍ വെളിയിലേക്ക് വരികയും ചെയ്യുന്നു.
കട്ടിങ് അപ് രീതി
ഇവിടെ ഡോക്ടര്‍ കുഞ്ഞിനെ ചെറിയ ചെറിയ കഷ്ണങ്ങളായി മുറിക്കുകയാണ് ചെയ്യുന്നത്.
സര്‍ജിക്കല്‍ രീതി
ഇവിടെ ഡോക്ടര്‍ കുഞ്ഞിനെ വെളിയിലെടുക്കുകയും സര്‍ജിക്കല്‍ രീതിയിലൂടെ കൊല്ലുകയും ചെയ്യുന്നു.
ഉപ്പുലായനി രീതി
ഇവിടെ അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് ഉപ്പുലായനി ഒഴിക്കുകയും കുഞ്ഞ് ആ ലായനിയില്‍ വെന്തുമരിക്കുകയും ചെയ്യുന്നു.
ഇതിനെല്ലാം പുറമെ ഗര്‍ഭച്ഛിദ്രഗുളികകള്‍ ഉപയോഗിച്ചും കൂടാതെ ലാക്‌സേറ്റീവുകള്‍ ഉപയോഗിച്ചും, വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉപയോഗിച്ചും പാര്‍സ്ലെ, പപ്പായ, പൈനാപ്പിള്‍ തുടങ്ങിയവ കഴിച്ചും പലരും വീട്ടില്‍ വെച്ച് തന്നെ ഗര്‍ഭച്ഛിദ്രം നടത്തുന്നു.
ഇന്ത്യന്‍ നിയമ പ്രകാരം 20 ആഴ്ച്ചയ്ക്കുശേഷമുള്ള ഗര്‍ഭഛിദ്രം നിയമം അനുവദിക്കുന്നതേയില്ല. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളിലുള്ള ഗര്‍ഭഛിദ്രം നിയമം അനുവദിക്കുന്നുണ്ട്. ഗര്‍ഭഛിദ്രം അനുവദനീയമായ സാഹചര്യങ്ങള്‍ നിയമത്തില്‍ പറയുന്നതിങ്ങനെ:
ഗര്‍ഭം തുടര്‍ന്നാല്‍ അത് സ്ത്രീയുടെ ജീവന് അപകടമുണ്ടാക്കുമെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ ഗര്‍ഭഛിദ്രമാകാം. ഗര്‍ഭിണിയുടെ മാനസികശാരീരികാരോഗ്യത്തെ അത് ഗുരുതരമായി ബാധിക്കുമെന്നുണ്ടെങ്കിലും ഗര്‍ഭഛിദ്രം നടത്താം.
ജനിക്കുന്ന കുഞ്ഞിന് ശാരീരികമോ മാനസികമോ ആയ വൈകല്യമുണ്ടാകും എന്നുറപ്പുണ്ടെങ്കിലും ഗര്‍ഭഛിദ്രം നിയമപരമാണ്.
12 ആഴ്ച്ചയില്‍ കുറവാണ് ഗര്‍ഭകാലമെങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ ഒരു രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് ഗര്‍ഭഛിദ്രം നടത്താം. എന്നാല്‍ 12 മുതല്‍ 20 വരെയായ ഗര്‍ഭമാണെങ്കില്‍ രണ്ട് രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, ഒരേ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ ഗര്‍ഭഛിദ്രം നിയമപരമാകൂ.
ബലാല്‍സംഗത്തിലൂടെ ഗര്‍ഭധാരണമുണ്ടായാല്‍ അത് ഒഴിവാക്കുന്നതിനായി ഗര്‍ഭഛിദ്രം അനുവദിക്കുന്നുണ്ട്. സന്താന നിയന്ത്രണ സംവിധാനം ഉപയോഗിച്ചതിന്റെ തകരാറുമൂലമുള്ള ഗര്‍ഭവും അലസിപ്പിക്കാം.
18 വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭഛിദ്രം നടത്തണമെങ്കില്‍ രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതം വേണം. 18 വയസ്സില്‍ കൂടുതലുണ്ടെങ്കിലും മാനസിക വൈകല്യമുള്ള സ്ത്രീയാണെങ്കില്‍ രക്ഷിതാവിന്റെ അനുമതി ആവശ്യമാണ്. എല്ലായ്‌പ്പോഴും ഗര്‍ഭഛിദ്രത്തിന് സ്ത്രീയുടെ അനുമതി രേഖാമൂലം തന്നെ വേണം. ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ല.
ഗര്‍ഭഛിദ്രം ഗവണ്‍മെന്റ്ആശുപത്രിയിലോ ഗവണ്‍മെന്റ് ഇതിനായി അനുമതി നല്‍കിയിട്ടുള്ള ആശുപത്രിയിലോ മാത്രമേ നടത്താവൂ എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
എന്നാല്‍ പലപ്പോഴും മാതാപിതാക്കള്‍ ഗര്‍ഭഛിദ്രം നടത്തുന്നത് അവര്‍ക്ക് ഇപ്പോള്‍ ഒരു കുഞ്ഞ് വേണ്ടാ എന്ന തീരുമാനത്തിന്റെ പുറത്തോ, ഗര്‍ഭമാകുമ്പോഴോ വിവാേഹതര ബന്ധങ്ങളില്‍ ഉണ്ടായ കുഞ്ഞുങ്ങളോ അല്ലെങ്കില്‍ മറ്റ് സ്വകാര്യ കാരണങ്ങള്‍ മൂലമോ ആയിരിക്കും.‘റായിട്ടേഴ്‌സ്’ നടത്തിയ പഠനത്തില്‍ പെണ്‍ഭ്രൂണഹത്യ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ്. ഇന്ത്യയില്‍ ഓരോ മിനിട്ടിലും ഒരു പെണ്‍ഭ്രൂണഹത്യ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലും പെണ്‍ ജനനനിരക്ക് കുറയുന്നതായി പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. പെണ്‍കുഞ്ഞുണ്ടായാല്‍ വിവാഹവേളയില്‍ കൊടുക്കേണ്ടിവരുന്ന വമ്പിച്ച സ്ത്രീധനവും, പാരമ്പര്യ സ്വത്തുക്കള്‍ കൈവിട്ടുപോകുമോ എന്ന ഭയവും, തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ കൊണ്ട് ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ പെണ്‍കുട്ടികളുടെ ജനനം ഒഴിവാക്കപ്പെടുന്നു. എന്നാല്‍ നിരക്ഷരത ഇത്തരം സംഭവങ്ങള്‍ക്ക് ഒരു കാരണമല്ല. വിദ്യാഭ്യാസമുള്ള കുടുംബങ്ങളിലും പെണ്‍ഭ്രൂണഹത്യ നടന്നുവരുന്നുണ്ട്. ജനിക്കുവാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്തി ഭ്രൂണം പെണ്ണാണെന്നറിഞ്ഞാല്‍ ഗര്‍ഭച്ഛിദ്രം നടത്തി ആണ്‍കുട്ടിയുടെ ജനനം ഉറപ്പാക്കുന്നതില്‍ വിദ്യാസമ്പന്നരായുള്ള ആളുകളും മുന്‍പന്തിയിലാണ്. കുടുംബാസൂത്രണപ്രചാരണം, സന്താനനിയന്ത്രണം എന്നിവ ഒരുവശത്ത് പെണ്‍ഭ്രൂണഹത്യക്ക് വളം വെക്കുന്നുണ്ട്.
പെണ്‍ഭ്രൂണഹത്യ ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്നതിനാല്‍ ഭാവിയില്‍ ബാല ലൈംഗിക പീഡനം, ഭാര്യയെ പങ്കുവെയ്ക്കല്‍ എന്നിവയിലേക്ക് നയിക്കുമെന്ന് ഐക്യ രാഷ്ട്ര സഭ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിദിനം 2000 പെണ്‍ ഭ്രൂണ ഹത്യകള്‍ ഇന്ത്യയില്‍ നടക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2011ലെ സെന്‍സസ് പ്രകാരം 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ എന്നതാണ് കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം. ഇത് 2001 നെ അപേക്ഷിച്ച് 26 പോയന്റ് കൂടുതലാണ്. എന്നാല്‍ 6 വയസുള്ള കുട്ടികളിലെ ആണ്‍പെണ്‍ അനുപാതം 1000 ആണ്‍കുട്ടികള്‍ക്ക് 964 പെണ്‍കുട്ടികള്‍ എന്ന നിലയിലാണ്.
ഇന്ത്യയില്‍ ഗര്‍ഭാവസ്ഥയിലുള്ള ലിംഗനിര്‍ണയം കുറ്റകരമാണ് എന്നാല്‍ പല ആശുപത്രികളും ഈ നിയമം അനുസരിക്കുന്നില്ല എന്നത് പരസ്യമായ രഹസ്യമാണ്. കൂടാതെ ഗര്‍ഭത്തിലുള്ള കുഞ്ഞിന്റെ ലിംഗമേതാണെന്നറിയാന്‍ ജോത്സ്യന്‍മാരെ സമീപിക്കുന്നവരും കുറവൊന്നുമല്ല. ഈ ഭൂമിയിലേക്ക് പിറക്കുക എന്നത് ഒരു കുഞ്ഞിനും ആരും കൊടുക്കുന്ന ഔദാര്യമല്ല. ഓരോ സ്ത്രീയുടെയും ഗര്‍ഭ പാത്രത്തില്‍ ഉരുവാകുന്ന കുഞ്ഞിന്റെയും അവകാശമാണത്. ഗര്‍ഭപാത്രത്തില്‍ വളരുന്ന സ്വന്തം കുഞ്ഞിനെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊല്ലുന്നത് ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യമായി കണക്കാക്കുകയും. അനാവശ്യ സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷനല്‍കാനും നമ്മുടെ നിയമ വ്യവസ്ഥ തയാറാകണം.
കാരണം എന്തൊക്കെ ആയാലും ഈ ലോകത്തിലേക്ക് വരാന്‍ കൊതിക്കുന്ന, അമ്മേ അച്ഛാ എന്ന് നിങ്ങളെ വിളിക്കാന്‍ കൊതിക്കുന്ന ഒരു പിഞ്ചു ജീവന്റെ എല്ലാ സ്വപ്‌നങ്ങളും തച്ചുടക്കുന്നത് ഏറ്റവും നീചമായ ഒരു കാര്യമാണ്. ഒന്നു മാത്രം ഓര്‍ക്കുക പണ്ട് നിങ്ങളുടെ മാതാപിതാക്കള്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തിരുന്നെങ്കില്‍ ഇന്ന് നിങ്ങള്‍.….