Web Desk

കാബൂള്‍

September 05, 2021, 12:17 pm

പഞ്ചശീറില്‍ താലിബാനെ തിരിച്ചടിച്ചെന്ന് പ്രതിരോധസേന

600 താലിബാൻ ഭീകരരെ വധിച്ചെന്ന് സഖ്യം
Janayugom Online

പഞ്ച്ശീര്‍ താഴ്‍‍വരയിൽ താലിബാന് കനത്ത തിരിച്ചടി നൽകിയതായി ദേശീയ പ്രതിരോധ സഖ്യം. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 600ഓളം താലിബാൻ ഭീകരരെ വധിച്ചെന്നാണ് സഖ്യം അവകാശപ്പെടന്നത്. നിലവിൽ പഞ്ച്ശീര്‍ പ്രദേശം മുഴുവനായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണത്തിലൂടെ താലിബാനെ തുരത്തുകയായിരുന്നുവെന്നും ദേശീയ സഖ്യം ട്വിറ്ററിൽ അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ താലിബാനെ പ്രതിരോധിക്കുന്ന സംഘടനകളെ ഉദ്ധരിച്ച് റഷ്യൻ വാര്‍ത്താ ഏജൻസിയായ സ്പുട്നിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആയിരത്തോളം താലിബാൻ ഭീകരരെ സേന പിടികൂടിയതായും സ്പുട്നിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇവരിൽ ചിലര്‍ സ്വമേധയാ കീഴടങ്ങിയതതാണ്.” പ്രതിരോധ സേനാ വക്താവ് ഫഹിം ദാഷ്ടി ട്വീറ്റ് ചെയ്തു. മറ്റു പ്രവിശ്യകളിൽ നിന്ന് താലിബാന് അവശ്യ സാധനങ്ങള്‍ ലഭിക്കാൻ പ്രയാസം നേരിടുന്നുണ്ടെന്നും സ്പുട്നിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രദേശത്ത് കുഴിച്ചിട്ടിരിക്കുന്ന മൈനുകളുടെ സാന്നിധ്യം മൂലം പഞ്ച്ശീറിൽ പ്രതിരോധ സേനയ്ക്കെതിരെയുള്ള താലിബാൻ മുന്നേറ്റം സാവധാനത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പോരാട്ടം തുടരുകയാണെന്ന് താലിബാൻ അറിയിച്ചു. പഞ്ച്ശീര്‍ പ്രവിശ്യാ തലസ്ഥാനമായ ബസാറാക്കിലേയ്ക്കുള്ള റോഡുകളിലും പ്രവിശ്യാ ഗവര്‍ണറുടെ ആസ്ഥാന പരിസരത്തുമാണ് മൈനുകളുള്ളതെന്ന് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

 


ഇതുംകൂടി വായിക്കു:അഫ്ഗാന്റെ അയല്‍ബന്ധ സൂചനകള്‍ അവഗണിക്കപ്പെട്ടുകൂട


 

യുഎസ് സൈന്യം ഓഗസ്റ്റ് 31ന് പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിലെ ബഹുഭൂരിപക്ഷം ഭൂപ്രദേശവും താലിബാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. രാജ്യത്ത് ശരിയാ നിയമം നടപ്പാക്കുമെന്നും എന്നാൽ ഇസ്‌ലാമിക നിയമങ്ങള്‍ക്കുള്ളിൽ നിന്നുകൊണ്ട് സ്ത്രീകള്‍ക്കും പെൺകുട്ടികള്‍ക്കും ജോലി ചെയ്യാനും പഠിക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കുമെന്നുമാണ് താലിബാൻ പറയുന്നത്. അതേസമയം, കാബൂളിലടക്കം താലിബാനെതിരെ സ്ത്രീകള്‍ പരസ്യമായ പ്രതിഷേധവുമായി നിരത്തിലിറങ്ങുന്നുണ്ട്. ഭീകരസംഘടനയ്ക്കെതിരെ നിലകൊള്ളുന്ന അഫ്ഗാൻ ദേശീയ പ്രതിരോധ സേനയുടെ ശക്തികേന്ദ്രമാണ് പഞ്ച്ശീര്‍. ഇവിടെ ഇനിയും പൂര്‍ണമായും നിയന്ത്രണത്തിലാക്കാൻ താലിബാനു കഴിഞ്ഞിട്ടില്ല. മുൻ അഫ്ഗാൻ ഗറില്ലാ കമാൻഡര്‍ അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദിനാണ് പ്രതിരോധ സേനയുടെ നേതൃത്വം. കൂടാതെ മുൻ വൈസ് പ്രസിഡന്റെ അമറുള്ളാ സാലെയും പ്രതിരോധസേനയുടെഭാഗമാണ്.

നിലവിലെ സാഹചര്യം ദുഷ്കരമാണെന്നും പ്രദേശത്തേക്ക് താലിബാൻ കടന്നു കയറുകയാണെന്നും സാലേ മുൻപ് ഒരു വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, വിവിധ ലോകരാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ താലിബാൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. താലിബാനു പാകിസ്ഥാൻ പരസ്യമായ പിന്തുണയറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ ചൈനയും റഷ്യയും സുഹൃദ്ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളുുമായി സജീവമാണ്.

ENGLISH SUMMARY:about 600 tal­iban killed in afghanistans pan­jshir claim resis­tance forces
You may also like this video