ഒരുമുഴം മുമ്പേ

Web Desk
Posted on July 28, 2019, 11:08 pm

സ്വന്തം ലേഖകന്‍

ബംഗളൂരു: കോണ്‍ഗ്രസിലെയും ജനതാദള്‍ സെക്കുലറിലെയും വിമത എംഎല്‍എമാരായ 13 പേരെ സ്പീക്കര്‍ കെ ആര്‍ രമേഷ്‌കുമാര്‍ അയോഗ്യരാക്കി ഉത്തരവിറക്കി. കര്‍ണാടക നിയമസഭയില്‍ അയോഗ്യരാക്കപ്പെട്ടവരുടെ എണ്ണം 17 ആയതോടെ ആകെ അംഗങ്ങളുടെ എണ്ണം 208 ലേയ്ക്ക് ചുരുങ്ങി. കേവലഭൂരിപക്ഷത്തിന് ഇനി 105 അംഗങ്ങളുടെ പിന്തുണ മതി. ഇതോടെ യെദ്യൂരപ്പ സര്‍ക്കാര്‍ ഇന്ന് നടക്കുന്ന അവിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുമെന്നും ഉറപ്പായി.
ധനകാര്യബില്‍ ഇന്നുതന്നെ മേശപ്പുറത്ത് വയ്ക്കാനാണ് ബിജെപി സര്‍ക്കാരിന്റെ തീരുമാനം. സ്പീക്കര്‍ക്കെതിരെ ബിജെപി അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ധനകാര്യബില്ല് പാസായിക്കഴിഞ്ഞാല്‍ രാജിവച്ചേക്കുമെന്ന സൂചനയാണ് രമേഷ്‌കുമാര്‍ നല്‍കുന്നത്.
കോണ്‍ഗ്രസിലെ 11 എംഎല്‍എമാരെയും ജെഡിഎസിലെ മൂന്ന് എംഎല്‍എമാരെയുമാണ് ഇന്നലെ സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. രാജിവച്ച് വിമതക്യാമ്പിലേക്ക് പോയ പ്രതാപ് ഗൗഡ പാട്ടീല്‍, ബി സി പാട്ടീല്‍, മുനിരത്‌ന, ബൈരതി ബസവരാജ്, എസ് ടി സോമശേഖര്‍, കെ സുധാകര്‍, റോഷന്‍ ബെയ്ഗ്, ആനന്ദ് സിംഗ്, എം ടി ബി നാഗരാജ്, ശിവറാം ഹെബ്ബാര്‍ എന്നിവരാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍. എച്ച് വിശ്വനാഥ്, ഗോപാലയ്യ, നാരായണ്‍ ഗൗഡ എന്നിവര്‍ ജെഡിഎസ് എംഎല്‍എമാരുമാണ്. വിപ്പ് ലംഘിച്ചതിനാണ് വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെ അയോഗ്യനാക്കിയത്. നേരത്തെ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഈ നിയമസഭയുടെ കാലാവധി കഴിയുന്നതിനിടെ ഇവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവില്ല. കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യയുടെയും മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് കക്ഷിനേതാവുമായ കുമാരസ്വാമിയുടെയും ശുപാര്‍ശകള്‍ അതേപടി അംഗീകരിച്ചാണ് സ്പീക്കര്‍ എംഎല്‍എമാര്‍ക്കെതിരെയുള്ള നടപടികള്‍ ഉത്തരവാക്കിയത്.
വിപ്പ് ലംഘിച്ചതിനും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനനം നടത്തിയതിനും ഇവര്‍ക്കെതിരെ പ്രത്യക്ഷത്തില്‍ തെളിവുണ്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എതിര്‍വാദത്തിന് സമയം നല്‍കിയെങ്കിലും എംഎല്‍എമാര്‍ തയ്യാറായില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
മൂന്ന് പേരെ അയോഗ്യരാക്കിയ ശേഷമാണ് മുംബൈയില്‍ കഴിയുന്ന എംഎല്‍എമാര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചത്. കുറച്ചു പേരെങ്കിലും മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്, ജെഡിഎസ് കക്ഷികള്‍. അങ്ങനെയായിരുന്നെങ്കില്‍ യെദ്യൂരപ്പയ്ക്ക് ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു.
വിശ്വാസവോട്ടെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ ജെഡിഎസ് പിന്തുണയ്ക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ജെഡിഎസ് നേതാക്കളായ എച്ച് ഡി ദേവഗൗഡയും എച്ച് ഡി കുമാരസ്വാമിയും വ്യക്തമാക്കി. ബിജെപിക്കൊപ്പം നില്‍ക്കുകയെന്നാല്‍ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കലാണെന്നാണ് ജെഡിഎസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഒരു വിഭാഗം ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ നല്‍കാന്‍ കുമാരസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുന്‍ മന്ത്രി ദേവഗൗഡയാണ് വെളിപ്പെടുത്തിയത്. ഇതിനെ ബിജെപി സ്വാഗതം ചെയ്യുകയും ഔദ്യോഗിക പിന്തുണയ്ക്കു കാത്തിരിക്കുകയുമായിരുന്നു.