Web Desk

June 22, 2020, 3:38 pm

മലയാളത്തിലെ പ്രമുഖ നടന്മാർ വാണി വിശ്വനാഥിനോട് ചെയ്തത്; വൈറലായി ഒരു കുറിപ്പ്

Janayugom Online

വാണി വിശ്വനാഥ് എന്ന പേര് കേൾക്കുമ്പോൾ മനസിലേക്ക് ഓടി വരുന്നത് കരുത്തുറ്റ മലയാളത്തിലെ നായിക കഥാപാത്രങ്ങൾ തന്നെയാണ്. വാണി വിശ്വനാഥിന്റെ ജന്മദിനത്തിൽ താരത്തിന്റെ ഒരു ആരാധകനായ രാജേഷ് കൃഷ്ണയുടെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

“ചലച്ചിത്ര താരം വാണി വിശ്വനാഥിന് ഈയുള്ളവന്റെ ജന്മദിന ആശംസകള്‍. തൃശ്ശൂരിലെ താങ്കളുടെ മരത്താക്കരിയിലെ തറവാട്ട് വീട്ടില്‍ ഏറിയാല്‍ 5 കിലോമീറ്റര്‍ മാത്രമാണ് അകലെയാണ് ഞാന്‍ താമസിക്കുന്നതെങ്കിലും, ആദ്യമായിട്ടാണ് ഞാന്‍ താങ്കള്‍ക്ക് ജന്‍മദിന ആശംസ നേരുന്നത്. ഈ ആശംസ താങ്കളുടെ കയ്യിലെത്തും എന്ന ഉറച്ച വിശ്വാസത്തോടെ കുറച്ചു വരികള്‍ക്കൂടി ചേര്‍ക്കുന്നു. ഇന്ന് ഈ ജന്മദിനത്തില്‍ വന്നു വാണി വിശ്വനാഥിന് ഒരു റോസ പുഷ്പം തരാനുള്ള എന്ത് യോഗ്യതയാണ് എനിക്കുള്ളതെന്ന് എന്റെ ‘മനസാക്ഷി’ എന്നോട് ചോദിക്കുന്നുണ്ട്? സ്വയം വിമര്‍ശനപരമായ ചില ചിന്തകള്‍ ഇവിടെ കുറിക്കുന്നു. എത്ര തവണയാണ് വാണി വിശ്വനാഥിനെ സിനിമയുടെ അണിയറ പ്രവര്‍ത്തകരും, ഞാനുള്‍പ്പെടെയുള്ള പ്രേക്ഷകരും പരസ്യമായി അപമാനിച്ചിട്ടുള്ളത്.

ദ് കിങ് സിനിമയില്‍ മമ്മൂട്ടി അനാവശ്യമായി വാണിയെ ഇംഗ്ലിഷില്‍ പച്ച തെറി പറയുമ്പോള്‍ തൃശൂര്‍ രാഗം തിയറ്ററിലിരുന്ന് അട്ടഹസിച്ചു വിസില്‍ അടിക്കുകയായിരുന്നു ഞാന്‍. സിനിമകളില്‍ ആണുങ്ങള്‍ പച്ച തെറി വിളിച്ചു പറയുമ്പോള്‍ നിശബ്ദമായി കേട്ട് നില്‍ക്കാനുള്ള പ്രതിമകളാണോ സ്ത്രീ കഥാപാത്രങ്ങള്‍? ആരോട് പറയാന്‍? ആ തെറിവിളി കേള്‍ക്കുമ്പോള്‍ എണീറ്റു നിന്ന് കയ്യടിക്കാന്‍ തിയറ്ററില്‍ രാജേഷിനെപോലെ ഊളകള്‍ ഒത്തിരിയുണ്ടല്ലോ……! മലയാള സിനിമ എത്ര തവണയാണ് വാണിയെ ചുമ്മാ ചെള്ളക്ക് അടിച്ചിട്ടുള്ളത്? പുരുഷനെ താങ്ങി നില്‍ക്കാത്ത, സ്വന്തമായി നിലപാടുകള്‍ ഉള്ള സ്ത്രീയാണ് വാണിയുടെ കഥാപാത്രങ്ങളെങ്കില്‍ അടി എപ്പോ കിട്ടിയെന്ന് ചോദിച്ചാ മതി.

തച്ചിലേടത്തു ചുണ്ടനില്‍ മമ്മൂട്ടിയുടെ കഥാപാത്രം ക്ലൈമാക്‌സില്‍ വാണിയുടെ ചെകിട് അടിച്ചു തകര്‍ക്കുമ്പോള്‍ തൃശൂര്‍ ജോസ് തിയറ്ററിലിരുന്ന് കോരിത്തടിച്ചവനാണ് ഈയുള്ളവന്‍. ആ ഒരൊറ്റ അടിയില്‍ അവള്‍ മാനസാന്തരപ്പെടുന്നതും പതിവായി കാണാറുണ്ട്. പൂര്‍ണ്ണ പരിവര്‍ത്തനം സംഭവിച്ച് അവള്‍, അതിന് ശേഷം പുരുഷനെതിരേ ഒരക്ഷരം പോലും മിണ്ടാത്ത പാവം പൂച്ചകുട്ടിയായി മാറുന്നത് കാണാം. അതുകണ്ടു തീയറ്റര്‍ സീറ്റിലിരുന്ന് രാജേഷുമാര്‍ ഉള്‍പ്പെടയുള്ള പുരുഷന്മാര്‍ പുളകിതരാകും. ഹോളിവുഡ് പടത്തിലും ലോകസിനിമയിലും ഒന്നും കാണാത്ത എന്ത് ഭാവാഭിനയമാണ് മുഖത്തടിച്ച് സ്വഭാവം നേരെയാക്കുന്ന സംഗതി. ഒന്നൂതിയാല്‍ പൊട്ടുന്ന കുമിള പോലത്തെ സുരക്ഷിതമല്ലാത്ത കപടമായ മലയാളി പൗരുഷം. അതില്‍ക്കൂടുതല്‍ ഒന്നുമില്ല. ഏയ് ഹീറോ എന്ന മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ചിത്രത്തില്‍ ചിരഞ്ജീവി ഒരു ഗാന രംഗത്തില്‍ വാണി വിശ്വനാഥിന്റെ ശരീരത്തിലൂടെ സൈക്കിള്‍ കയറ്റി ഇറക്കുന്നുണ്ട്. പിന്നെ ബ്ലൗസിന്റെ ഉള്ളില്‍ ചില്ലറ പൈസ ഇട്ട് അപമാനിക്കുന്നുണ്ട്.

അതെല്ലാം സ്‌ക്രീനിന്റെ അടുത്ത് നിന്ന് തൊട്ട് ആസ്വദിച്ച പാപിയാണ് ഞാന്‍. വാണിയെ ഒരു മാംസപിണ്ഡമായി മാത്രം സ്‌ക്രീനില്‍ കണ്ട് ആസ്വദിക്കുകയിരുന്നു ഈയുള്ളവന്‍. ആ മഹാപാപി യാണ് താങ്കളുടെ വീട്ടു മുറ്റത്തു റോസ പുഷ്പവുമായി വന്ന് നില്‍ക്കുന്നത്. അറപ്പും, വെറുപ്പും അവന്റെയുള്ളിലെ പുരുഷനോട് അവന് തോന്നുന്നുണ്ട്. സൂസന്ന എന്ന ചിത്രത്തില്‍ ഒരു പുരോഹിതന്‍ വേശ്യയായ വാണിയോട് ചോദിക്കുന്നുണ്ട് എത്ര കാലം ഈ മഹാപാപം തുടരുമെന്ന്? ഈ മഹാപാപം എന്ന സംഗതി ഈ ലോകത്തു ഉണ്ടാവുന്ന കാലത്തോളം- എന്നായിരുന്നു സൂസന്നയുടെ മറുപടി.


മഹാപാപത്തിനും ഒരു കൂട്ടൊക്കെ വേണ്ടേ അച്ചോ? എന്റെയുള്ളിലെ സിനിമ ആസ്വാദകനും ഇങ്ങനെയൊക്കെ തന്നെയായിരിക്കും. അത് ഈ ജന്‍മത്തില്‍ മാറാനൊന്നും പോകുന്നില്ല.മഹാപാപത്തിനും ഒരു കൂട്ടൊക്കെ വേണ്ടേ? പ്രിയ വാണി വിശ്വനാഥ്, പൂവ് വലിച്ചെറിഞ്ഞാലും ചൂട് വെള്ളമെടുത്തു എന്റെ മുഖത്തൊഴിക്കരുത്.

വാണി വിശ്വനാഥ് കരുത്തും തന്റേടവും മുഖമുദ്രയാക്കിയ ഒരു അഭിനേത്രിയായിരുന്നു തൃശൂർ ഒല്ലൂർ സ്വദേശി വിശ്വനാഥൻ ഗിരിജ ദമ്പതികളുടെ മകളായി 1971 മെയ് 13ന് ജനിച്ച വാണി 1986ൽ മണ്ണുക്കുൾ വൈരം എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു. കെഎസ്.ഗോപാലകൃഷ്ണൻ സംവിധാനംചെയ്ത തെന്നലേ നിന്നെയുംതേടി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി, പക്ഷെ ആ ചിത്രം അന്ന് റിലീസായില്ല, വർഷങ്ങൾക്ക് ശേഷം മംഗല്യച്ചാർത്ത് എന്നപേരിൽ റിലീസായി. നടൻ രാഘവൻ സംവിധാനംചെയ്ത പുതുമഴത്തുള്ളികൾ എന്ന ചിത്രവും അക്കാലത്ത് റിലീസായില്ല, പിന്നീടത് എവിഡൻസ് എന്നപേരിൽ റിലീസായി.

ആദ്യകാലത്ത് തമിഴിൽ ഉപനായികയായി തായ്മേൽ ആണൈ, പൂന്തോട്ട കാവൽക്കാരൻ, നല്ലവൻ … ഇവയെല്ലാം വൻവിജയം നേടി, പക്ഷെ ആ വിജയങ്ങൾ വാണിക്ക് ഗുണകരമായില്ല, തുടർന്ന് തെലുങ്കിലേക്ക് കടന്നു. അവിടെ വിജയശാന്തി, രാധ, ഭാനുപ്രിയമാരെ മറികടന്ന് നഗ്മ, രമ്യാകൃഷ്ണ, റോജ, മീന എന്നിവർ ആധിപത്യം സ്ഥാപിച്ചപ്പോൾ അവരുടെ തൊട്ടുതാഴത്തെ നിരയിൽ വാണി തിരക്കുള്ള നായികയായി തിളങ്ങി. ആണുങ്ങൾക്ക് സമാനമായ പൌരുഷവും സാഹസികതയും പ്രകടമാക്കിയ വാണി ആക്ഷൻസിനിമയുടെ പറുദീസയായ തെലുങ്കിൽ കൈക്കരുത്തും മെയ്വഴക്കവും ആവശ്യമായ ആക്ഷൻ റോളുകളിൽ അസാമാന്യമികവോടെ നിറഞ്ഞുനിന്നു.

90–95കാലത്ത് തെലുങ്കിൽ വാണി റെയിൻസോങ് സ്പെഷ്യലിസ്റ്റ് എന്നറിയപ്പെട്ടു, നായകനുമായി മഴയിൽ നനഞ്ഞുകുതിർന്ന ഗാനരംഗങ്ങൾ വാണിയുടെ 90% തെലുങ്കു ചിത്രങ്ങളിലും കാണാം. കരാട്ടെക്ക് പ്രാധാന്യംനല്കിയ മൈ ഇൻഡ്യ എന്ന തമിഴ്ചിത്രം വാണിക്ക് ആക്ഷൻക്വീൻ പദവിനല്കി. 95ൽ മാന്നാർമത്തായി യിലൂടെ മലയാളത്തിൽ തിരിച്ചെത്തി, തുടർന്ന് ഒരുദശകത്തോളം മലയാളത്തിലെ തിരക്കുള്ളനടിയായി നിലനിന്നു. നായികയായും, ഉപനായികയായും, നെഗറ്റീവ് വേഷങ്ങളിലും ഒരുപോലെ തിളങ്ങി. TV.ചന്ദ്രൻ സംവിധാനം ചെയ്ത സൂസന്ന യിലൂടെ കേരള സംസ്ഥാന അവാർഡ് (മികച്ച രണ്ടാമത്തെനടി). ബോംബെദാദ, പരശുറാം, രണഭേരി, മംഗല്യ തുടങ്ങിയ കന്നട ചിത്രങ്ങളിലും അഭിനയിച്ചു. സൂപ്പർസ്റ്റാർ മിഥുൻ ചക്രവർത്തിയുടെ നായികയായി ജംഗ്, ഭീഷ്മ എന്നീ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2002ൽ നടൻ ബാബുരാജിനെ വിവാഹം ചെയ്തു, 2മക്കൾ ആർച്ച, ആദ്രിത്. ഇപ്പോഴും ശാരീരികമായി ഫിറ്റ്നസ്സ് പുലർത്തുന്ന വാണിക്ക് കരുത്തുറ്റ കഥാപാത്രങ്ങൾ ലഭിച്ചാൽ ഇനിയും തിളങ്ങാൻ കഴിഞ്ഞേക്കും.

ENGLISH SUMMARY: about acter­ess vani viswanath
You may also like this video