Web Desk

October 11, 2021, 1:58 pm

അരങ്ങുകള്‍ കീഴടക്കിയ നെടുമുടി

Janayugom Online

മലയാള സിനിമയിലെ അതുല്യ നടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട അദ്ദേഹം. ഉദരരോഗത്തെ തുടർന്ന് ശസ്ത്രക്രിക്ക് വിധേയനായി ആശുപത്രിയിൽ കഴിയുകയായിരുന്നു നടൻ.ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചു. 

ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്.തിയേറ്ററിലും ഡിജിറ്റൽ പ്ലാറ്റുഫോമിലും പ്രദർശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാർത്ത വന്നിരുന്നു. തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാൽ എന്നു വേണു ജനിച്ചത്. നെടുമുടി എൻ‌എസ്‌എസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്കാരിക, കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കുറച്ചുകാലം പാരലൽ കോളജ് അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കോളജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്. 

കോളജ് കാലത്ത് തോപ്പിൽ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയിൽ മുഖം കാണിച്ചിരുന്നു. അക്കാലത്ത് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്റെ നാടകസംഘത്തിൽ അംഗമായി. അങ്ങനെയാണ് ഭരത് ഗോപി അടക്കമുള്ളവരുമായി അടുപ്പമുണ്ടായത്. ജവഹർ ബാലഭവനിൽ കുറച്ചുകാലം നാടകാധ്യാപകനായും ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റി. അവനവൻ കടമ്പ അടക്കമുള്ള കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചത് അവിടെവച്ചാണ്. അക്കാലത്ത് കലാകൗമുദിയിൽ പത്രപ്രവർത്തകനായും ജോലിനോക്കി. അരവിന്ദൻ, പത്മരാജൻ, ഭരതൻ, ജോൺ ഏബ്രഹാം തുടങ്ങിയവരുമായി സൗഹൃദത്തിലായ വേണു 1978 ൽ അരവിന്ദന്റെ ‘തമ്പി’ലൂടെയാണ് ചലച്ചിത്രജീവിതം തുടങ്ങിയത്. പിന്നാലെ വന്ന ഭരതന്റെ ആരവവും തകരയും വേണുവിനെ അഭിനേതാവ് എന്ന നിലയിൽ പ്രശസ്തനാക്കി. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ദൂരദർശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു. വേണു സംവിധാനം ചെയ്ത കൈരളീവിലാസം ലോഡ്ജ് എന്ന പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

‘തുരത്തണം തകർക്കണം ഈ മഹാമാരിയെ
കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം
ജാതിയില്ല മതവുമില്ല കക്ഷി രാഷ്ട്രീയമില്ല
ഭാഷയില്ല വേഷമില്ല ദേശഭേതങ്ങളില്ല’
കോവിഡിനെതിരെ അതിജീവന ഗാനം പങ്കുവച്ച് മലയാളികളുടെ പ്രിയ നടൻ ആയിരുന്നു നെടുമുടി വേണു. ഇടയ്ക്ക കൊട്ടി നെടുമുടി വേണു പാട്ടു പാടുന്ന വിഡിയോ നടന്‍ മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘കരുതലും ജാഗ്രതയുമായി മഹാമാരിയെ ഈ നാട്ടിൽ നിന്നും നമുക്ക് തുരത്താം…അതിജീവനത്തിന്റെ പ്രതീക്ഷകൾ പങ്കുവച്ച് ഗാനാർച്ചനയുമായി പ്രിയപ്പെട്ട നെടുമുടി വേണു ചേട്ടൻ’. എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നല്ല നാളേയ്ക്കായ് നന്മയുടെ സന്ദേശം പങ്കുവച്ചതിന് ആരാധകർ നന്ദി പറഞ്ഞു. 

നെടുമുടി വേണുവിന്റെ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കോവിഡിനെ തുരത്താൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും അധികാരികൾ നൽകുന്ന മാർഗ നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറാകണമെന്നും നെടുമുടി വേണു പാട്ടിലൂടെ പറഞ്ഞു വയ്ക്കുന്നു. കോവിഡ് പ്രതിരോധ നടപടികളുടെ ദൃശ്യങ്ങളും ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിരവധി പേരാണ് പാട്ടിനെ പ്രശംസിച്ച് പ്രതികരണങ്ങൾ രേഖപ്പെടുത്തിയത്. ഓരോ വരികളും ഊർജവും പ്രത്യാശയും നൽകുന്നു എന്നും നാം ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്നും ആരാധകർ കുറിച്ചിരുന്നു.ചാമരം, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പലിത്രൻ, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാൻകാലത്ത്, സൈറ, മാർഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ത്യൻ, അന്യൻ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീർത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു. 

ENGLISH SUMMARY:About actor nedu­mu­di venu
You may also like this video