എം സി തൈക്കാട്

September 29, 2021, 4:01 pm

പാടവരമ്പില്‍ സിനിമയിലെ വില്ലനെ കണ്ട് സ്ത്രീ തൊഴിലാളി തിരിഞ്ഞോടി

Janayugom Online

ലയാളസിനിമയുടെ എഴുപതുകളും എണ്‍പതുകളിലും വില്ലന്‍ കഥാപാത്രമായി രംഗപ്രവേശം ചെയ്ത് അക്കാലത്തെ സ്ത്രീകളുടെ പേടി സ്വപ്നം എന്നൊക്കൊ വിശേഷണം ഉണ്ടായിരുന്ന നടനാണ് ടി ജി രവീന്ദ്രനാഥന്‍ എന്ന ടി ജി രവി. കലാരംഗത്ത് ആറ് പതിറ്റാണ്ടോളം പിന്നിടുന്ന അദ്ദേഹത്തിന് സിനിമയിലെത്തിയ ശേഷം ജീവിതത്തിലുണ്ടായ മറക്കാനാകാത്ത അനുഭവമാണ് സുഹൃത്തും നടനുമായ എം സി തൈക്കാട് ജനയുഗത്തിലൂടെ വായനക്കാരോട് പങ്കുവയ്ക്കുന്നത്.

ഒരു കാലത്ത് ടി ജി രവി ചെയ്തിരുന്നതില്‍ പലതും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന വില്ലൻ കഥാപാത്രങ്ങളായിരുന്നു. അതുകാരണം അദ്ദേഹത്തിന് ജീവിതത്തില്‍ രസകരമായതും വേദനിപ്പിക്കുന്നതുമായി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഭിനയം കൊണ്ട് ഏറെ ദുരന്തം ഏറ്റുവാങ്ങേണ്ട വ്യക്തിയാണ് ടി ജി രവി. സ്ത്രീകള്‍ നേരില്‍ അദ്ദേഹത്തെ കാണുമ്പോള്‍ ഭയപ്പെട്ട് ഓടിയിരുന്ന സന്ദര്‍ഭങ്ങളും അദ്ദേഹത്തെക്കുറിച്ച് മറ്റ് കിംവദന്തികളും ഉണ്ടായിട്ടുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന ടി ജി രവി ഒരിക്കല്‍ ഒരു വയലിന്റെ നടുവിലുള്ള ക്ഷേത്രത്തിലേക്ക് കാറിലാണ് പോയത്. എന്നാല്‍ കാറില്‍ വന്നിറങ്ങിയ അദ്ദേഹം പാടവരമ്പത്തൂടെ പോവുമ്പോള്‍ വരമ്പിന്റെ അപ്പുറത്ത് നിന്നിരുന്ന ഒരു സ്ത്രീ തൊഴിലാളി നെല്‍ക്കറ്റയുമായി നടന്ന് വരുന്നത് കണ്ടു. സ്ത്രീ തൊഴിലാളി അടുത്തെത്തിയപ്പോള്‍ അദ്ദേഹം ഒഴിഞ്ഞു നിന്നു. എന്നാല്‍ ടി ജി രവിയെ കണ്ട സ്ത്രീ ‘അയ്യോ’ എന്ന് ഉറക്ക് നിലവിളിച്ച് നെല്‍ക്കറ്റ വലിച്ചെറിഞ്ഞ് തിരിച്ച് ഓടിപ്പോവുകയായിരുന്നു.

മറ്റൊരിക്കല്‍ അദ്ദേഹത്തിന്റെ വീടുനിര്‍മ്മാണം നടക്കുമ്പോഴും മനസിനെ വേദനിപ്പിച്ച അനുഭവം ഉണ്ടായി. സിമന്റ് പണിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീ തോഴിലാളി കുഴഞ്ഞു വീണപ്പോള്‍ തന്റെ സ്വന്തം കാറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജില്ലാ ആശുപത്രിയില്‍ അവരെ എത്തിച്ചു. കാറില്‍ നിന്ന് ഒരു സ്ത്രീയെ താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് ടി ജി രവി കയറുന്നത് അതുവഴിപോയ ബസിലുണ്ടായിരുന്നവര്‍ ശ്രദ്ധിച്ചു. ആ സ്ത്രീ അദ്ദേഹത്തിന്റെ ഭാര്യ ആണെന്നും അവര്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും വരെ പറഞ്ഞുപരത്തി.

ദേവസ്വം ബോര്‍ഡിന്റെ സമ്മാനദാന ചടങ്ങില്‍ സമ്മാനം ഏറ്റുവാങ്ങാന്‍ സ്ത്രീകള്‍ വേദിയിലേക്ക് കയറിവരാതിരുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. സമ്മാനം നല്‍കുന്ന ആള്‍ സിനിമയിലെ ടി ജി  രവി ആണെന്ന തോന്നലായിരുന്നു ആ സ്ത്രീകള്‍ക്ക്. അത് മറ്റാര്‍ക്കും മനസിലായില്ലെങ്കിലും ടി ജി രവിയുടെ മനസിലേക്ക് ഓടിയെത്തി. മറക്കാനാവാത്ത വേദനയുമായി. ആദ്യകാല സിനിമകളില്‍ അത്തരം വില്ലന്‍ കഥാപാത്രമായി മാത്രം എത്തിയിരുന്ന അദ്ദേഹത്തിന്റെ അഭിനയമികവാണ് പ്രേക്ഷകരെ അത്രമാത്രം ഭയപ്പെടുത്തിയതെന്ന് പിന്നീട് കാലം തെളിയിച്ചു.

ടി ജി രവിയുടെ ഇരുന്നൂറ്റിയമ്പതാമത്തെ ചിത്രമായ ‘അവകാശികൾ’ എന്ന സിനിമയില്‍ പ്രധാന വേഷത്തിൽ എത്തുകയാണ് അദ്ദേഹം. കലാരംഗത്ത് ആറ് പതിറ്റാണ്ട് പിന്നിടുന്ന അദ്ദേഹത്തിന് മൂന്നു തലമുറയ്ക്കൊപ്പം അഭിനയിക്കുവാൻ അവസരം ലഭിച്ചു. അതേസമയം മഹാനടൻ സത്യനൊപ്പം അഭിനയിക്കുവാൻ സാധിക്കാത്ത ദുഃഖം മാത്രമാണുള്ളതെന്ന് അദ്ദേഹം പറയുന്നു. റിയൽവ്യൂ ക്രിയേഷന്സിന്റെ ബാനറിൽ എൻ അരുൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമായ അവകാശികൾ ആസാമിലും കേരളത്തിലുമായി ചിത്രീകരണം നടത്തിയത്.

വർത്തമാനകാല രാഷ്ട്രീയം കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നത്. മമ്മുട്ടിയോടൊപ്പമുള്ള ഭീഷ്മ പര്‍വ്വമാണ് ഇനി അദ്ദേഹത്തിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. 2007ല്‍ കേരള സംസ്ഥാന അവാര്‍ഡില്‍ ടി ജി രവി അഭിനയിച്ച അടയാളങ്ങള്‍, ഒറ്റക്കൈയ്യന്‍ എന്നി രണ്ട് സിനിമകള്‍ക്ക് പ്രത്യേക പരാമര്‍ശം നേടിയരുന്നു. 2006ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിഴല്‍ രൂപം എന്ന സീരിയലിന് ലഭിച്ചിരുന്നു. കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡായ ചലച്ചിത്ര പ്രതിഭ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.

മൂർക്കനിക്കര ഗ്രാമത്തിൽ എഴുത്തച്ഛൻ കുടുംബത്തിൽ ജനിച്ച ടി ജി രവി തൃശൂർ സെന്റ് തോമസ് കോളജിലാണ് പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയത്. 1969ൽ കേരള സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങില്‍ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. പഠനകാലത്ത് തന്നെ കലാ കായിക രംഗത്ത് അദ്ദേഹം സജീവമായിരുന്നു. തൃശൂർ ആകാശവാണിയിൽ ഇടനേര ജോലി ചെയ്യുന്ന സമയത്ത് സാഹിത്യകാരനും തിരക്കഥാകൃത്തുമായ തിക്കോടിയനെ കണ്ടുമുട്ടിയത് അദ്ദേഹത്തിനു് ചലച്ചിത്ര ലോകത്തേക്ക് ഒരു വഴിത്തിരിവായി. തൃശൂരിലെ റബർ വ്യവസായ രംഗത്തും അദ്ദേഹം സജീവമായിരുന്നു. ഉത്തരായനം എന്ന ചിത്രത്തിലൂടെ ആദ്യമായി അദ്ദേഹം ചലച്ചിത്രരംഗത്തെത്തി. പാദസരം എന്ന പേരിൽ ഒരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

ജയൻ നായകനായി അഭിനയിച്ച ചാകര എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ച് ടി ജി രവി പിന്നീട് നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലെത്തി. സിബി മലയിൽ 2006ൽ സംവിധാനം ചെയ്ത അമൃതം എന്ന ചിത്രത്തിലൂടെയാണ് കാൽ നൂറ്റാണ്ടിനുശേഷം ടി ജി രവി വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നത്. ചാകര, ഈ നാട്, സന്ധ്യമയങ്ങും നേരം, ജംബുലിംഗം തുടങ്ങിയവയാണ് അക്കാലത്ത് വില്ലൻ കഥാപാത്രമായി എത്തിയ കുറച്ച് ചിത്രങ്ങൾ. പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്, പുണ്യാളൻ അഗർബത്തീസ്, ഇയോബിന്റെ പുസ്തകം, സു സു സുധി വാത്മീകം, പ്രീസ്റ്റ്, പൊറിഞ്ചു മറിയം ജോസ് എന്നി സിനിമകളിൽ ശ്രദ്ധയമായ കഥാപാത്രങ്ങളെയാണ് അവതിരിപ്പിച്ചിട്ടുള്ളത്.അന്തരിച്ച ഡോ.വി കെ സുഭദ്രയാണ് ഭാര്യ.മക്കള്‍ ശ്രീജിത്തും രഞ്ജിത്തും.ശ്രീജിത്ത് രവി സിനിമയില്‍ സജീവമാണ്.

ENGLISH SUMMARY:About actor t g ravi

You may also like this video :