ഡാലിയ ജേക്കബ്

ആലപ്പുഴ

October 13, 2021, 9:26 am

കവുങ് കൃഷി വേരറ്റുപോകുന്നു: അടയ്ക്ക കിട്ടാക്കനി

Janayugom Online

സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും വ്യാപകമായി കണ്ടിരുന്ന അടയ്ക്കാമരം (കവുങ്) തെക്കൻ കേരളത്തിൽ നിന്നും പൂർണമായും പടിയിറങ്ങുന്നു. മുൻകാലങ്ങളിൽ തെങ്ങിനൊപ്പം പ്രാധാന്യം നൽകിയിരുന്ന പ്രധാന നാണ്യവിളകളിലൊന്നായിരുന്നു കവുങ്. മാർക്കറ്റുകളിൽ ആവശ്യത്തിലധികം ഡിമാന്റുണ്ടായിരുന്ന പച്ച അടയ്ക്ക, പഴുത്ത അടയ്ക്ക, ഉണങ്ങിയ അടയ്ക്ക (കൊട്ടപാക്ക്), കുതിർത്ത അടയ്ക്ക (വെള്ളത്തിൽ പാക്ക്) എന്നീ നിലകളിൽ ഇവ വിപണികളിൽ സ്ഥാനം പിടിച്ചിരുന്നു. പാകമാകുന്നതിനു മുൻപുള്ള കായ്കളെയാണ് പച്ച അടയ്ക്ക എന്നു പറയുന്നത്. ഇത് കൂടുതലായും വയോജനങ്ങളുടെ വെറ്റില മുറുക്കിനാണ് ഉപയോഗിച്ചു വരുന്നത്. ഇവയ്ക്ക് വിപണിയിൽ വില കുറവാണെങ്കിലും ചില പ്രത്യേക ആയുർവേദ ഔഷധ നിർമ്മാണങ്ങൾക്കും ഉപയോഗിച്ചു വരുന്നു. പഴുത്ത അടയ്ക്കയും ഉണങ്ങിയ അടയ്ക്കയുമാണ് പെയിന്റ് നിർമ്മാണത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി കേരളത്തിൽ നിന്നും വൻ തോതിൽ കയറ്റി അയച്ചു വരുന്നത്.

വെള്ളത്തിൽ ആഴ്ചകളോളം നിക്ഷേപിച്ച് കുതിർത്തെടുക്കുന്ന അടയ്ക്ക ചില പ്രത്യേക കമ്പനികളാണ് വാങ്ങി കൊണ്ട് പോകുന്നത്. ഇവയ്ക്കും ആവശ്യക്കാർ ഏറെയുണ്ട്. വാസന പാക്ക്, മറ്റ് പുകയില ഉല്പന്ന നിർമാണവുമായി ബന്ധപ്പെട്ട സാധനങ്ങളുടെ നിർമ്മാണത്തിനും ഉണങ്ങിയ അടയ്ക്കയും കുതിർത്ത അടയ്ക്കയും വ്യാപകമായി ഉപയോഗിച്ച് വരുന്നു. കൂടാതെ ഇന്ന് വിപണിയിൽ കവുങിൻ പാളയ്ക്ക് ആവശ്യക്കാർ ഏറെയുണ്ട്. കവുങിൻ പാളയിൽ നിന്ന് നിർമ്മിക്കുന്ന പ്ലേറ്റുകളും അനുബന്ധ ഉല്പന്നങ്ങൾക്കും ഇന്ന് പ്രിയമേറി വരുകയാണ്. വിരുന്നു സൽക്കാരങ്ങളിലും വിവാഹപാർട്ടികളിലും ഇത്തരം ഉല്പന്നങ്ങൾ പേപ്പർ കപ്പുകളെയും പ്ലേറ്റുകളെയും പിന്നിലാക്കി ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ സ്ഥാനം പിടിച്ചതോടെയാണ് കവുങിന് നല്ലകാലം കൈവന്നത്. 

യാതൊരുവിധ പരിചരണവും കൂടാതെ വളരുന്ന കവുങ് നൂറടിയോളം ഉയരത്തിൽ എത്താറുണ്ട്. വണ്ണം തീരെ കുറഞ്ഞതും ബലം കുറഞ്ഞതുമായ ഈ മരങ്ങളിൽ കയറുന്നവരിൽ പലരും വീണ് മരിച്ച സംഭവങ്ങൾ വാർത്തയായതോടെ കവുങിൽ കയറാൻ ആളെ കിട്ടാതായി. വിളവ് ലഭ്യമല്ലാത്തതും വില കുറവും പൊതുമാർക്കറ്റിൽ ആവശ്യകത കുറഞ്ഞതും അടയ്ക്കാ മരങ്ങളുടെ കൃഷി തെക്കൻ കേരളത്തിൽ ഗ്രാമീണ കർഷകർ പാടെ ഉപേക്ഷിച്ചു. തുടർന്ന് അടയ്ക്കാ മരങ്ങൾ വച്ചുപിടിപ്പിക്കാൻ പുതിയ തലമുറ തയാറാകാതെയായി. വാവലുകളും മറ്റ് പക്ഷികളും നിക്ഷേപിക്കുന്ന കായ്കൾ വീണ് മുളയ്ക്കുന്നതൊഴിച്ചാൽ അടയ്ക്കാ തോട്ടം എന്ന മാതൃകാ കൃഷി രീതി ഇന്ന് തെക്കൻ കേരളത്തിൽ വിരളമായി. 

ENGLISH SUMMARY:about are­ca palm
You may also like this video