Saturday
16 Nov 2019

കയറൂരിവിടണോ ഈ ലാബുകളെ

By: Web Desk | Friday 7 June 2019 2:45 PM IST


ഹരികുറിശേരി

യറൂരിവിടണോ ഈ ലാബുകളെ, ഏറെക്കാലമായി കേരളത്തിലെ ആരോഗ്യരംഗത്ത് പതഞ്ഞുയരുന്ന ഈ ചോദ്യം ഇപ്പോഴും തീരുമാനമാകാതെ നില്‍ക്കുന്നു. ആരോഗ്യരംഗത്തെ നിയന്ത്രിക്കുന്നത് മരുന്നുകമ്പനികളും ലാബുകാരുമാണെന്നു പറഞ്ഞാല്‍ കുറ്റം പറയാനാവില്ല. കാരണം അത്രത്തോളം പ്രാമുഖ്യമാണ് രണ്ടുദശാബ്ദത്തിനിടെ ഇവര്‍ കേരളത്തിലെ ആരോഗ്യരംഗത്ത് നേടിയെടുത്തിരിക്കുന്നത്.
ചികില്‍സ നടത്തുന്ന ഡോക്ടര്‍മാര്‍ക്കും മേലേയാണ് ഇവരുടെ സ്ഥാനം. ആശുപത്രികളും ഡോക്ടറും ലാബുകളും മരുന്നുകമ്പനികളും ചേര്‍ന്ന ഒരു കോക്കസിന്റെ നിയന്ത്രണത്തിലാണ് ആരോഗ്യരംഗമിന്ന്.


ഇത് മാറ്റാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്നല്ല. അതെല്ലാം നിഷ്പ്രഭമാക്കി മാഫിയകളുടെ പ്രവര്‍ത്തനം വ്യാപിക്കുകയാണ് പതിവ്. അതിനാല്‍തന്നെ രോഗിയുടെ ആരോഗ്യം പന്താടി കീശകൊള്ളചെയ്ത് നിശബ്ദമായി വളര്‍ന്നുകയറുകയാണിവര്‍.
രണ്ടുതരത്തിലാണ് ഈ കൊള്ളമുന്നേറുന്നത്. രോഗിക്ക് ആവശ്യമില്ലാത്ത രോഗനിര്‍ണയം നടത്തുകയും ആവശ്യമില്ലാത്ത മരുന്നു തീറ്റിക്കുകയും ചെയ്യുകയാണീ മാഫിയ ചെയ്യുന്നത്. ഇതിനു രണ്ടിനും കൂട്ടുനില്‍ക്കുന്നതുവഴി സത്യപ്രതിജ്ഞചെയ്ത് കര്‍മ്മമേഖലയിലെത്തുന്ന ഡോക്ടര്‍മാര്‍ ഗുരുതരമായ ക്രമക്കേടാണ് കാണിക്കുന്നത്. എത്തിക്‌സ് പണയം വച്ച ഡോക്ടര്‍മാര്‍ നേര്‍പകുതിയോ അതിലേറെയോ പ്രതിഫലമാണ് ഈ കൂട്ടുനില്‍ക്കലിന് ഈടാക്കുന്നത്.
ഡോക്ടര്‍മാരുടെ സംഘടനകള്‍ എന്തുന്യായം പറഞ്ഞാലും നല്ലൊരുവിഭാഗം പേരും ഈ സാമ്പത്തിക ലഹരിക്ക് അടിമകളായിമാറിക്കഴിഞ്ഞു. ആഗ്രഹമുള്ളതെന്തും ഡോക്ടര്‍മാര്‍ക്ക് സാധിച്ചുനല്‍കാന്‍ പടിവാതിലില്‍ കാത്തുനില്‍ക്കുന്നവരാണ് ലാബുകാരും മരുന്നുവില്‍പ്പനക്കാരും. എന്നാല്‍ കാന്‍സര്‍ ഇല്ലാത്തരോഗിക്ക് കാന്‍സര്‍ ഉണ്ടെന്നു പറഞ്ഞത് മറ്റൊരു കാര്യമാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ രോഗമില്ലാത്ത ആളിന് കാന്‍സര്‍ ഉണ്ടെന്ന് നിര്‍ണയം നടത്തി കീമോതെറാപ്പിക്ക് വിധേയയാക്കി എന്നത് ഒരു ഒറ്റപ്പെട്ടകേസ് അല്ലെന്ന് വ്യാപകമായി അന്വേഷിച്ചാല്‍ മനസിലാകും. ലാബുകളുടെ അവിദഗ്ധ പ്രവര്‍ത്തനമാണ് ഇവിടെ ഒന്നാംപ്രതിയെന്ന് കാണാം.


ജനങ്ങളുടെ ആരോഗ്യം കൈകാര്യം ചെയ്യേണ്ട മേഖലയില്‍ നടക്കുന്ന അരാജകത്വം കണ്ടാല്‍ ഞെട്ടിപ്പോകും. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തില്‍ നടക്കുന്ന നിരവധി തൊഴില്‍സംരംഭങ്ങളില്‍ ഒന്നാണ് ലാബ് ടെക്‌നീഷ്യന്‍കോഴ്‌സ് ഇപ്പോള്‍. 30000 രൂപ അടച്ചാല്‍ ഇത്തരം ഒരു സ്ഥാപനം നടത്താന്‍ അനുമതി ലഭിക്കും. അവിടെ പഠിപ്പിക്കുന്നത് പ്രായോഗിക പരിശീലനം നേടിയവരല്ല. നോട്ടുകളും പുസ്തകങ്ങളും വച്ച് പഠനത്തില്‍ മിടുക്കരല്ലാത്ത ഒരു വിഭാഗം യുവാക്കളെ തൊഴില്‍പരിശീലിപ്പിച്ച് അയക്കുന്ന സ്ഥാപനങ്ങളാണ് അത്. യോഗ്യതയില്ലാത്തവര്‍ തള്ളിക്കയറുന്ന ഇവിടെനിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങി പുറത്തുവിടുന്നവര്‍ പിന്നീട് ലാബുകളില്‍ മനുഷ്യ ജീവന്‍ പന്താടാന്‍ എത്തുകയാണ്.
ലാബുകളിലേക്കുവേണ്ടത് ഡിഎംഎല്‍റ്റി, ബിഎസ് സി എംഎല്‍റ്റി, എംഎസ് സി എംഎല്‍റ്റി കോഴ്‌സുകള്‍ കഴിഞ്ഞവരെയാണ്. മികച്ചനിലയില്‍കോഴ്സ് പാസായി എത്തുന്നവര്‍ കുറവാണ്. അഥവാ മാന്യമായശമ്പളം  നല്‍കാന്‍ ലാബുകാര്‍ തയ്യാറുമല്ല. വലിയ ലാബുകളിലും രണ്ടാം തരക്കാരാണ് ഏറെ. സര്‍ക്കാര്‍ മേഖലയില്‍ ലാബ് ടെക്നീഷ്യന്മാരുടെ നിയമനം നടക്കുന്നില്ല. മതിയായ യോഗ്യതഉള്ളവരെയും താല്‍ക്കാലിക സംവിധാനത്തില്‍ കുറഞ്ഞനിരക്കില്‍ നിയമിക്കാനാണ് താല്‍പര്യം.സര്‍ക്കാര്‍മേഖലയില്‍പോലും ഇതാണ് അവസ്ഥയെങ്കില്‍ സ്വകാര്യമേഖല എത്രത്തോളം കുത്തഴിഞ്ഞതാണെന്ന് പറയേണ്ടതില്ലല്ലോ.

നാട്ടിടയിലെ ലാബുകളില്‍ ഇവരെ പരിശോധിക്കാന്‍ ആരുമില്ലാത്ത നിലയാണ് നിലവില്‍. മരുന്നുകടകളില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ പരിശോധനക്കുവരുന്നപോലെ ലാബിലെ സംവിധാനങ്ങളോ ജീവനക്കാരുടെ യോഗ്യതയോ പരിശോധിക്കാന്‍ ആളില്ല. പഞ്ചായത്തിന്റെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണ് ആകെ വരുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ഇവിടത്തെ പരിശോധന നടത്താനുള്ള യോഗ്യതയുമില്ല.
ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിച്ച മെഡിക്കല്‍ എസ്റ്റാബഌഷ്‌മെന്റ് ബില്‍ വ്യാപകമായി നടപ്പാക്കിയിട്ടില്ല.ആരോഗ്യരംഗത്ത് വന്‍കുതിച്ചുചാട്ടം അവകാശപ്പെടുന്ന കേരള സമൂഹത്തിലെ അപകടകരമായ ഒരവസ്ഥയിലേക്കാണ് കോട്ടയം കാന്‍സര്‍പരിശോധനാ സംഭവം വിരല്‍ ചൂണ്ടുന്നത്.

Related News