20 April 2024, Saturday

Related news

February 9, 2024
February 6, 2024
February 4, 2024
January 9, 2024
December 29, 2023
December 23, 2023
December 22, 2023
December 22, 2023
December 21, 2023
December 20, 2023

പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നതിൽ കേന്ദ്രത്തിന് അനാസ്ഥ

Janayugom Webdesk
October 7, 2021 9:12 pm

ന്യൂഡല്‍ഹി: പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ കാലാവധി കഴിഞ്ഞിട്ട് ഒരു മാസമായിട്ടും ഇതുവരെ പുനഃസംഘടന നടക്കാത്തതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ രൂക്ഷവിമര്‍ശനം. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലാണ് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാറുള്ളത്. ഈ വര്‍ഷം ഒക്ടോബര്‍ മാസം ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും പുതിയ സ്റ്റാന്‍ഡിങ് കമ്മിറ്റികളെ തിരഞ്ഞെടുത്തിട്ടില്ല. ഫലത്തില്‍ ഇപ്പോള്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികളൊന്നും നിലവിലില്ലെന്ന സ്ഥിതിയാണ്.

ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രതിനിധികളുടെ പേരുവിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതാണ് സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ രൂപീകരണം വൈകാനുള്ള ആദ്യ കാരണമെന്നാണ് ഭരണകൂടത്തിന്റെ ന്യായീകരണം. എന്നാല്‍ ഇപ്പോള്‍ എല്ലാ നാമനിർദ്ദേശങ്ങളും ലഭിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. അതിനുശേഷം, സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ അംഗങ്ങളായി നിര്‍ദ്ദേശിക്കപ്പെട്ട എംപിമാര്‍ നേരത്തെയുള്ള കമ്മിറ്റികളില്‍ കൃത്യമായി പങ്കെടുക്കാറുണ്ടോയെന്ന് വിലയിരുത്തണമെന്നാവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് ലോക്‌സഭയിലെയും രാജ്യസഭയിലെയും സെ­ക്രട്ടറിമാര്‍ കത്തയച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പുനഃസംഘടന വൈകുന്നതെന്നാണ് ലഭിക്കുന്ന വിശദീകരണം.

പ്രതിരോധം, ധനകാര്യം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍പോലും പലപ്പോഴും അംഗങ്ങളായ എംപിമാര്‍ പങ്കെടുക്കാത്ത സ്ഥിതിയുണ്ടെന്നും അതിനാലാണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശം വീണ്ടും രാഷ്ട്രീയപാര്‍ട്ടികളുടെ മുന്നില്‍ വച്ചതെന്നും പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പാര്‍ലമെന്റ് നടപടികളോട് മോഡി സര്‍ക്കാരിന്റെ നിലപാടിന്റെ പ്രതിഫലനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ വിമര്‍ശിച്ചു.
സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും നിര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണിതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. പാര്‍ലമെന്റിനോടുള്ള ഈ സര്‍ക്കാരിന്റെ സമീപനമാണ് വ്യക്തമാകുന്നത്. പാര്‍ലമെന്റിന്റെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ടാണ് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. അതിനെ ദുര്‍ബലമാക്കാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്, ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ജവഹര്‍ സിര്‍കാര്‍ ഉള്‍പ്പെടെയുള്ളവരും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

മിനി പാര്‍ലമെന്റുകള്‍

മിനി പാര്‍ലമെന്റുകള്‍ ആയാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ വിഭാവനം ചെയ്തിട്ടുള്ളത്. മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുക, നിര്‍ദ്ദേശിക്കപ്പെട്ട ബില്ലുകള്‍ പരിശോധിക്കുക തുടങ്ങിയവയും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും പുനഃപരിശോധിക്കുകയും ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചുമതലകള്‍. ആകെ 24 സ്റ്റാന്‍ഡിങ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്. ഒരു വര്‍ഷമാണ് കമ്മിറ്റികളുടെ കാലാവധി.

 

ENGLISH SUMMARY:About Par­lia­men­tary Stand­ing Com­mit­tees reorganization

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.