20 April 2024, Saturday

ലഹരിമരുന്ന് കടത്തിന് കൊറിയര്‍ വീണ്ടും വിശ്വസ്തമാര്‍ഗം

കെ കെ ജയേഷ്
കോഴിക്കോട്
February 3, 2022 9:35 pm

വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ന്യൂജൻ എന്നറിയപ്പെടുന്ന പുതുതലമുറ ലഹരിമരുന്നുകളുടെ വിതരണത്തിനായി പൊതുഗതാഗത സംവിധാനത്തിനൊപ്പം കൊറിയർ മാർഗം ഉൾപ്പെടെ ഉപയോഗപ്പെടുത്തുന്നു. പതിവ് ലഹരി വഴികളിൽ നിന്ന് മാറി അതിമാരകമായ സിന്തറ്റിക് ഡ്രഗ്ഗുകളോടാണ് പുതുതലമുറയ്ക്ക് കൂടുതൽ താല്പര്യമെന്ന് അധികൃതർ വ്യക്തമാക്കുന്നു. പത്ത് ഗ്രാം കൈവശം വെച്ചാൽ പോലും പത്ത് വർഷം വരെ തടവ് ലഭിക്കുന്ന രാജ്യാന്തര വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള മയക്കുമരുന്നായ എംഡിഎംഎ ഉൾപ്പെടെയുള്ളവയാണ് വൻതോതിൽ സംസ്ഥാനത്തേക്ക് എത്തുന്നത്. 

കോഴിക്കോട് നഗരത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎയാണ് പിടിച്ചെടുത്തത്. മാങ്കാവ് ജങ്ഷനിൽ പേപ്പർ ഗ്ലാസ്, പ്ലേറ്റ് മൊത്ത വ്യാപാര സ്ഥാപനത്തിന്റെ മറവിലായിരുന്നു മയക്കുമരുന്ന് വിൽപ്പന. രണ്ടു ലക്ഷത്തിലധികം വില വരുന്ന എം ഡിഎം എയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെ മൂന്നു ലക്ഷം വില വരുന്ന എം ഡിഎം എയും പിടിച്ചെടുത്തിരുന്നു. കാരന്തൂരിൽ നടന്ന പരിശോധനയിൽ എംഡിഎം എയുമായി പിടിയിലായ യുവാവിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരും പിടിയിലായത്. 

ബംഗളൂരുവിൽ നിന്നും ഗോവയിൽ നിന്നുമെല്ലാം കൊറിയർ മാർഗവും പൊതുഗതാഗത സംവിധാനവും ഉപയോഗപ്പെടുത്തിയാണ് സംസ്ഥാനത്തേക്ക് ലഹരി മരുന്നുകൾ എത്തിക്കുന്നതെന്ന് അധികൃതർ പറയുന്നു. ബംഗളൂരു ആസ്ഥാനമായാണ് മൊത്ത വ്യാപാരം നടക്കുന്നത്. ഇവിടെ നിന്നും മംഗളൂരുവിലേക്ക് എത്തിക്കുന്ന മയക്കുമരുന്ന് ഏജന്റുമാർ വഴി രഹസ്യ കേന്ദ്രങ്ങളിൽ വെച്ചാണ് കേരളത്തിലേക്കുള്ള സംഘത്തിന് കൈമാറുന്നത്. ഗ്രാമിന് രണ്ടായിരം രൂപ വരെ വിലയീടാക്കുന്ന മയക്കുമരുന്ന് കേരളത്തിലെത്തിയ ശേഷം ഗ്രാമിന് ഏഴായിരത്തിലധികം രൂപയ്ക്കാണ് മറിച്ചുവിൽക്കുന്നത്. 

കാസർകോടിന്റെ അതിർത്തികൾ കേന്ദ്രീകരിച്ചാണ് കൈമാറ്റം കൂടുതലായും നടക്കുന്നത്. കൊറിയർ വഴി എത്തുന്ന മയക്കുമരുന്ന് കൊറിയര്‍ ഓഫീസിലെത്തി കൈപ്പറ്റിയാണ് വില്പന. ഇതിനായി സാമൂഹികമാധ്യമങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പുകളും ടെലിഗ്രാമും ഉപയോഗപ്പെടുത്തുന്നുണ്ട്. ഓൺലൈൻ സേവനങ്ങളുടെയും കൊറിയർ സേവനങ്ങളുടെയും മറവിൽ സംസ്ഥാനത്ത് ലഹരി മരുന്ന് എത്തുന്നതായി നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. 

എന്നാൽ ഇത്തരം മയക്കുമരുന്ന് ശൃംഖല നേരത്തെ കേരളത്തിൽ അത്രത്തോളം വ്യാപകമോ ശക്തമോ അല്ലായിരുന്നു. ഓൺലൈൻ സംവിധാനം വഴി സംസ്ഥാനത്തെ കൊറിയർ, പാഴ്സൽ സർവ്വീസ് സ്ഥാപനങ്ങളിലൂടെ മയക്കുമരുന്ന് എത്തുന്നതായി ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ നേരത്തെ കൊറിയർ സർവ്വീസ് ശാഖകളിൽ എക്സൈസ് വകുപ്പ് പരിശോധന നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെ­യ്തിരുന്നു. എന്നാലിപ്പോൾ പരിശോധന കുറഞ്ഞ സാഹചര്യത്തിൽ ഇത്തരം മാർഗങ്ങൾ മയക്കുമരുന്ന് ലോബി വീണ്ടും ഉപയോഗപ്പെടുത്താൻ തുടങ്ങിയിരിക്കുകയാണ്. 

ട്രെയിൻ, ബസ് മാർഗം എത്തിക്കുന്നതിനേക്കാൾ സുരക്ഷിതം എന്ന നിലയിലാണ് കൊറിയർ സർവ്വീസുകളെ ഉപയോഗപ്പെടുത്തുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. മയക്കുമരുന്ന് അയയ്ക്കുന്ന ആളിന്റെയും സ്വീകരിക്കുന്ന ആളിന്റെയും വിലാസം വ്യാജമായിരിക്കുമെന്നതുകൊണ്ട് തന്നെ ഇവരെ കണ്ടെത്താനും പ്രയാസമാണ്. തെറ്റായ വിലാസമായതുകൊണ്ട് പാഴ്സൽ ഓഫീസിൽ കിടക്കുന്ന പൊതി വാങ്ങാനായി ആളെത്തുകയും പേര് പറഞ്ഞുകൊടുത്ത് പണം കൊടുത്ത് പാഴ്സൽ വാങ്ങുകയും ചെയ്യുകയാണ് രീതി. 

ENGLISH SUMMARY:Courier is once again a reli­able way to smug­gle drugs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.