24 April 2024, Wednesday

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ; ഇന്ത്യ ചുട്ടുപൊള്ളും

Janayugom Webdesk
ന്യൂഡല്‍ഹി
April 1, 2023 10:00 pm

വടക്കുപടിഞ്ഞാറന്‍, പെനിന്‍സുലര്‍ മേഖലകള്‍ ഒഴികെയുള്ള ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സാധാരണയിലും കൂടുതല്‍ ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. ഈ കാലയളവില്‍ മധ്യ, കിഴക്ക്, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണവാതം അനുഭവപ്പെടുമെന്നാണ് പ്രവചനം. ശരാശരിയിലും രണ്ട് മുതല്‍ നാല് ഡിഗ്രിവരെ താപനില ഉയരും. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു.

കഴിഞ്ഞവര്‍ഷം വടക്കേ ഇന്ത്യയില്‍ നിരവധി ഉഷ്ണതരംഗങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഇത്തവണയും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്താരാഷ്ട്ര പഠനങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ചൂട് വര്‍ധിപ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുള്ള പത്ത് രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 1850 മുതൽ 2021 വരെയുള്ള കാലയളവില്‍ 0.08 ഡിഗ്രി സെൽഷ്യസ് ചൂടിന് ഉത്തരവാദി ഇന്ത്യയാണെന്ന് സയന്റിഫിക് ജേണല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇന്ത്യയിലെ ഉഷ്ണതരംഗം മനുഷ്യ അതീജീവനത്തിന്റെ സീമയോട് അടുക്കുന്നതായി യൂണിവേഴ്സിറ്റി ഓഫ് റിഡിങ്ങിന്റെ റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.

1901 ശേഷമുളള ഏറ്റവും ചൂടുകൂടിയ ഫെബ്രുവരിയായിരുന്നു ഇത്തവണ ഇന്ത്യയിലുണ്ടായത്. ഉഷ്ണതരംഗങ്ങള്‍ ആവര്‍ത്തിക്കുന്നത് കര്‍ഷിക വിളകളുടെ നാശത്തിനും വൈദ്യുതി ലഭ്യതയ്ക്കും കുറവ് വരുത്തും. 35 ഡ്രിഗ്രി സെല്‍ഷ്യസ് താപനില വരുന്നത് അപകടമായ സ്ഥിതിവിശേഷമാണ്. താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നാല്‍ അത് മനുഷ്യന് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമാകും. ലോക ബാങ്ക് ഇതു സംബന്ധിച്ച് കഴിഞ്ഞ നവംബര്‍ മാസം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉഷ്ണ തരംഗം വര്‍ധിക്കുന്നത് മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും കൃഷിക്കും നാശം വരുത്തും. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം എന്നിവ കുറയ്ക്കുകയാണ് ഉഷ്ണതരംഗം കുറയ്ക്കാനുള്ള ഉപാധികളെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: Above nor­mal temp in most of India in April — June: IMD
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.