Janayugom Online
abrahaminte santhathikal stilljpg

നീതിമാന്‍മാര്‍ക്ക് തെറ്റുപറ്റുമ്പോള്‍…

Web Desk
Posted on June 30, 2018, 6:45 pm

രാജഗോപാല്‍ രാമചന്ദ്രന്‍

ഡെറിക് അബ്രഹാം എന്ന പൊലീസുകാരന്റെ കുടുംബത്തിലും ഔദ്യോഗിക ജീവിതത്തിലുമുണ്ടാകുന്ന പ്രതിസന്ധികളാണ് അബ്രഹാമിന്റെ മക്കള്‍ എന്ന ചിത്രം പറയുന്നത്.
സത്യസന്ധനായ ഒരു പൊലീസ് ഓഫീസറാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ഡെറിക് എബ്രഹാം. സിനിമയുടെ തുടക്കത്തില്‍ ഡെറിക്കിന്റെ പൊലീസ് കഥാപാത്രത്തിന്റെ ‘മാസ് എന്‍ട്രി‘ക്ക് വേണ്ടി തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചുകൊണ്ടുവരലും സീരീയല്‍ കൊലപാതകത്തിന് പിന്നിലെ പ്രതിയെ പിടിക്കലുമൊക്കെയുണ്ട്. ഒരു കൊലപാതക കേസില്‍ അകപ്പെട്ടു പോയ സഹോദരന്‍ ഫിലിപ്പ് എബ്രഹാമും ഡെറിക്കുമായുള്ള ബന്ധത്തിന്റെ തീവ്രതയാണ് സിനിമ പിന്നീട് പറഞ്ഞുവയ്ക്കുന്നത്.
സത്യത്തിന് മുകളില്‍ പലപ്പോഴും വിജയിക്കുന്നത് സൃഷ്ടിച്ചെടുക്കപ്പെടുന്ന ‘തെളിവുകളാ‘ണ്. കാലം ഈ വ്യാജതെളിവുകളുടെ മറമാറ്റുമ്പോള്‍ സത്യം ജയിക്കുമായിരിക്കും… പക്ഷേ തെറ്റിദ്ധാരണ കാരണം അറ്റുപോയ ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ കാലമേറെയെടുക്കുന്നുണ്ടാകും. പ്രത്യേകിച്ചും ജ്യേഷ്ഠന്‍ പൊലീസ് ഓഫീസറും അനിയന്‍ കൊലപാതകിയെന്ന് ആരോപിക്കപ്പെടുന്ന പ്രതിയുമാകുമ്പോള്‍.…
അച്ഛന്റെയും മകന്റെയും… ജ്യേഷ്ഠാനുജന്‍മാരുടെ… ഭാര്യാഭര്‍ത്താക്കന്‍മാരുടെ രൂപത്തില്‍.… ഇത്തരത്തില്‍ തെളിവുകളുടെ ബലത്തിലുള്ള തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മലയാള സിനിമയില്‍ നേരത്തെ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്… പക്ഷേ ആ കഥകളില്‍ നിന്നെല്ലാം ‘മേക്കിംഗി‘ന്റെ ബലത്തില്‍ അബ്രഹാമിന്റെ സന്തതികളെ വ്യത്യസ്തമാക്കാന്‍ സംവിധായകനായ ഷാജി പാടൂരിന് കഴിയുന്നുണ്ട്.
സൃഷ്ടിക്കപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കാമുകിയായ അലീനയുടെ കൊലപാതകക്കേസിലെ പ്രതിയാക്കപ്പെടുകയാണ് ഫിലിപ്പ് എബ്രഹാം. കേസന്വേഷിക്കുന്ന സഹോദരന്‍ ഡെറിക് എബ്രഹാം സഹോദരന്റെ വാക്കുകളേക്കാള്‍ തെളിവുകള്‍ വിശ്വാസത്തിലെടുത്ത് നീതിമാനായി മാറുന്നു. ഡെറിക്ക് സത്യം മനസ്സിലാക്കിയപ്പോഴേക്കും ഫിലിപ്പ് ശത്രുവായി മാറിക്കഴിഞ്ഞു. പോലീസിലെ ഡെറിക്കിന്റെ ശത്രുക്കള്‍ ഫിലിപ്പിനെ ഡെറിക്കിനെ കൊല്ലാന്‍ നിയോഗിക്കുന്നതോടെ സഹോദരബന്ധത്തിന്റെയും കുടുംബബന്ധത്തിന്റെയും തീവ്രതയിലേക്ക് സിനിമ കടന്നുചെല്ലുന്നു.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പൊലീസ് വേഷമൊന്നുമല്ല ഡെറിക് എബ്രഹാം. മമ്മൂട്ടിയെന്ന നടന്‍ അണിഞ്ഞ നിരവധി പൊലീസ് വേഷങ്ങളിലൊന്ന്. പക്ഷേ അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടി കഥാപാത്രങ്ങളില്‍ ഏറെ മുന്നില്‍ തന്നെയാണ് ഡെറിക്. അത് ഔദ്യോഗിക — കുടുംബ ബന്ധങ്ങളിലെ കെട്ടുപാടുകളിലുഴറുന്ന ഒരു കഥാപാത്രത്തെ വെള്ളിത്തിരയില്‍ വിജയിപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമത്തിന്റെ ഫലമാണ്. മമ്മൂട്ടിയിലെ താരത്തിനും നടനും സംതൃപ്തി നല്‍കുന്ന കഥാപാത്രം. ഫിലിപ്പ് എബ്രഹാമായെത്തിയ ആന്‍സന്‍ പോള്‍ അദ്ദേഹത്തിന് ഇതുവരെ കിട്ടിയതില്‍ വച്ച് ഏറ്റവും മികച്ച വേഷമായിരുന്നു. പ്രേക്ഷകരില്‍ അലോസരമുണ്ടാക്കാതെ ഫിലിപ്പിനെ സ്‌ക്രീനിലെത്തിക്കാന്‍ ആന്‍സന് കഴിഞ്ഞു.
കലാഭവന്‍ ഷാജോണ്‍, രഞ്ജിപണിക്കര്‍, കനിഹ, തരുഷി എന്നിവരാണ് കൂടെയുള്ളവര്‍. തങ്ങള്‍ക്ക് കിട്ടിയ വേഷങ്ങള്‍ പ്രേക്ഷകന് ബോറടിപ്പിക്കാതെ അവര്‍ ചെയ്തു. ശ്യാമപ്രസാദ്, സുദേവ് നായര്‍, സിദ്ധിക്ക് എന്നിവരും പ്രധാനവേഷങ്ങളിലുണ്ടായിരുന്നു.
ഹനീഫ് അഡേനിയെഴുതി അബ്രഹാമിന്റെ സന്തതികള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ആല്‍ബിയാണ്. മഹേഷ് നാരായണനാണ് എഡിറ്റിംഗ്.
ഷാജി പടൂര്‍ എന്ന സംവിധാകന്റെ ആദ്യ ചിത്രമെന്ന നിലയില്‍ മൊത്തം സിനിമയിലുണ്ടായ കൊച്ചുകൊച്ച് പോരായ്മകള്‍ക്ക് നേരെ കണ്ണടയ്ക്കണം. ഗ്രാഫിക്‌സിന്റെയോ നെടുനീളന്‍ ഡയലോഗുകളുടെയോ ബലത്തില്‍, അതിനൊക്കെയേറെ സാധ്യതയുള്ള ഒരു കഥാപശ്ചാത്തലത്തില്‍ മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറുകളിലൊരാളായ മമ്മൂട്ടിയുടെ ഡേറ്റ് ഉണ്ടായിട്ടും.… കുടുംബബന്ധങ്ങളുടെ നൊമ്പരമുള്ള ഒരു സിനിമയെടുത്തുവെന്ന കാരണത്താല്‍ ആ പോരായ്മകള്‍ അവഗണിക്കേണ്ടതാണ്. ഒരു സംവിധായകനെന്ന നിലയില്‍ ഷാജിയുടെ കയ്യൊപ്പോടെ നല്ല ചിത്രങ്ങളെത്തുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.