കെ രംഗനാഥ്

അബുദാബി

February 13, 2020, 10:27 pm

അബുദാബി യുവകലാസന്ധ്യയ്ക്ക് കാനം വെള്ളിയാഴ്ച തിരിതെളിക്കും 

Janayugom Online

പ്രവാസലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലോത്സവങ്ങളിലൊന്നായ അബുദാബി യുവകലാസാഹിതിയുടെ വര്‍ണ്ണോജ്ജ്വലമായ യുവകലാസന്ധ്യയ്ക്ക് വെള്ളിയാഴ്ച സന്ധ്യയ്ക്ക് ഏഴിന് കേരളാ സോഷ്യല്‍സെന്ററില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരിതെളിക്കും.

പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, എഐഎസ്എഫ് ദേശീയ നേതാവ് ശുഭേഷ് സുധാകരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാനും യുവകലാസാഹിതി യുഎഇ ദേശീയ പ്രസിഡന്റും ലോക കേരളസഭാംഗവുമായ ബാബു വടകര, സ്വാഗതസംഘം കണ്‍വീനറും അബുദാബി യുവകലാസാഹിതി- ‘ജനയുഗം’ ഫോറം സംഘടനാ സെക്രട്ടറിയുമായ റോയ് ഐ വര്‍ഗീസ് സേഫ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി സജീവന്‍, യുവകലാസാഹിതി അബുദാബി ഘടകം പ്രസിഡന്റ് തോപ്പില്‍ ആര്‍ ശങ്കര്‍, സെക്രട്ടറി എം സുനീര്‍, കെഎസ്‌സി വെെസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗള്‍ഫിലെ യുവകലാസാഹിതി പ്രസ്ഥാനത്തിന്റെ നാവും നട്ടെല്ലുമായിരുന്ന അന്തരിച്ച മുഗള്‍ ഗഫൂറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ എം എം നാസര്‍ കാഞ്ഞങ്ങാടിന് ചടങ്ങില്‍ വച്ച് കാനം രാജേന്ദ്രന്‍ സമ്മാനിക്കും.

16 വര്‍ഷം മുമ്പ് ആരംഭിച്ച അബുദാബി യുവകലാസന്ധ്യ പ്രവാസികളുടെ ഒരു ദേശീയ കലോത്സവം തന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. യുഎഇയിലെ എല്ലാ എമിറേറ്റുകളില്‍ നിന്നും മാത്രമല്ല മറ്റു ഗള്‍ഫ് നാടുകളില്‍ നിന്നും നിരവധി പേര്‍ യുവകലാസന്ധ്യ എന്ന കലാമാമാങ്കത്തിന് എത്താറുണ്ട്. നാടന്‍പാട്ടിന്റെ രാജകുമാരിയെന്നറിയപ്പെടുന്ന പ്രസീത ചാലക്കുടിയുടെ നേതൃത്വത്തില്‍ പ്രമുഖ കലാകാരനായ യാസിര്‍ നയിക്കുന്ന സംഘം ഒരുക്കുന്ന കലാവിരുന്നാകും ഇത്തവണത്തെ യുവകലാസന്ധ്യയുടെ സവിശേഷത. അബുദാബിയിലെ സാമൂഹ്യ, സാംസ്കാരിക, ബിസിനസ് മേഖലകളിലെ പ്രമുഖരും യുവകലാസന്ധ്യയില്‍ സാന്നിധ്യമറിയിക്കും.
നാളെ  രാവിലെ പത്തരയ്ക്ക് കേരളാ സോഷ്യല്‍സെന്ററില്‍ നടക്കുന്ന യുഎഇയിലെ സംഘടനാ പ്രവര്‍ത്തകരുടെ വിപുലമായ സമ്മേളനത്തില്‍ ഏഴ് എമിറേറ്റുകളിലും നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കും.
സംഘടനാ സമ്മേളനം കാനം ഉദ്ഘാടനം ചെയ്യും. സത്യന്‍ മൊകേരി, ശുഭേഷ് സുധാകരന്‍ എന്നിവരും സംസാരിക്കും. യുവകലാസാഹിതി മിഡിയാ കോ-ഓര്‍ഡിനേറ്റര്‍ റഷീദ് പാലക്കല്‍, യുഎഇ ദേശീയ വെെസ് പ്രസിഡന്റ് രാജന്‍ ആറ്റിങ്ങല്‍, മുന്‍ പ്രസിഡന്റ് പ്രേംലാല്‍, ലൂയിസ് കുര്യാക്കോസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Eng­lish sum­ma­ry: Abu Dhabi yuva kala sand­hya kanam inaugrate