അബുദാബി വനിതാ കലാസാഹിതിക്ക് ഉജ്ജ്വലമായ തുടക്കം

Web Desk
Posted on June 24, 2019, 8:38 pm

അബുദാബി: മാനവചരിത്രത്തില്‍ സ്ത്രീകളും അവരുടെ സംഘടനകളും നടത്തിയ ത്യാഗനിര്‍ഭരമായ പോരാട്ടങ്ങള്‍ മനുഷ്യരാശിയുടെ പരിണാമത്തിന് നല്‍കിയ സംഭാവനകള്‍ അനശ്വരമാണെന്ന് അബുദാബി വനിതാ കലാസാഹിതിയുടെയും വയലാര്‍ ബാലവേദിയുടെയും പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത ‘ജനയുഗം’ ഫോറം സെക്രട്ടറിയും യുവകലാസാഹിതി സാരഥികളിലൊരാളുമായ റോയ് വര്‍ഗീസ് അഭിപ്രായപ്പെട്ടു.
ചരിത്രത്തിലുടനീളം വനിതകള്‍ നടത്തിയ ഇതിഹാസതുല്യമായ പടയോട്ടങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്. സദ്ദാംഹുസൈന്റെ ചോര വീണ് കുതിര്‍ന്ന മണ്ണില്‍ യു എസ് സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച ഇറാഖി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍നിരയിലുണ്ടായിരുന്ന വനിതകള്‍ അറബി വനിതകളുടെ കമ്മ്യൂണിസ്റ്റ് പടവീര്യത്തിന്റെ വിളംബരമായിരുന്നു. ഈ ആടുത്തകാലത്ത് ഇറാഖില്‍ നടന്ന ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക പാരമ്പര്യവാദികളുടെ കോട്ടകൊത്തളമായ നജാഫില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് കമ്മ്യൂണിസ്റ്റ് വനിതയായ സുഹാദ് അല്‍ ഖത്തീഫ് ആണെന്ന കാര്യം രോമാഞ്ചജനകമാണെന്നും റോയ് വര്‍ഗീസ് ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
യുവകലാസാഹിതി യുഎഇ പ്രസിഡന്റ് ശങ്കര്‍ തോപ്പില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ യുഎഇ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബാബു വടകര, അബുദാബി മലയാളി സമാജം ഭാരവാഹികളായ ഷിബു വര്‍ഗീസ്, പി കെ ജയരാജ്, സലിം ചിറയ്ക്കല്‍, യുവകലാസാഹിതി ഭാരവാഹികളായ പ്രശാന്ത് ആലപ്പുഴ, എം സുനീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാഖി രഞ്ജിത് സ്വാഗതവും ബിജു മുതുമ്മല്‍ നന്ദിയും പറഞ്ഞു.
വനിതാ കലാസാഹിതി കണ്‍വീനറായി രാഖി രഞ്ജിത്ത്, ജോയിന്റ് കണ്‍വീനര്‍മാരായി ആമിനാ ഹിഷാമും ദീപ്തി ശരത്തും ഖജാന്‍ജിയായി രാജലക്ഷ്മി സജീവനും തെരഞ്ഞെടുക്കപ്പെട്ടു. സമ്മേളനാന്തരം പി ഭാസ്‌കരന്‍ മ്യൂസിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജാസിര്‍, ഷെറീഫ് ചേറ്റുവ, ശ്രീജ, ശരത് എന്നിവര്‍ ഒരുക്കിയ കലാസന്ധ്യയുമുണ്ടായിരുന്നു.