ഉദ്യോഗതട്ടിപ്പില്‍ കുടുങ്ങി നാലായിരത്തിലേറെ മലയാളികള്‍

Web Desk
Posted on May 22, 2019, 8:53 pm

കെ രംഗനാഥ്

അബുദാബി: വിസ തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങി കോടികള്‍ നഷ്ടപ്പെട്ട നാലായിരത്തിലേറെ മലയാളികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നരകയാതന അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്.
തട്ടിപ്പിനിരയായവരില്‍ ഏറ്റവും കൂടുതല്‍ സൗദി അറേബ്യയിലും കുവൈറ്റിലും യുഎഇയിലും ഖത്തറിലും ബഹ്‌റൈനിലുമാണ്. ഓരോ ഗള്‍ഫ് രാജ്യത്തും ശരാശരി പ്രതിദിനം മുപ്പതോളം പേര്‍ തട്ടിപ്പിനിരയായി മാഫിയാസംഘങ്ങള്‍ നല്‍കുന്ന സന്ദര്‍ശക വിസയില്‍ എത്തി വഞ്ചിക്കപ്പെടുന്നുവെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. യുഎഇയില്‍ ജോലി വാഗ്ദാനം ചെയ്ത് സന്ദര്‍ശക വിസയില്‍ എത്തിച്ച് തട്ടിപ്പിനിരയായ സഹോദരിമാര്‍ ഇന്ത്യന്‍ എംബസിയില്‍ ഇന്നലെ അഭയം തേടിയതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

കോട്ടയം സ്വദേശികളായ ഷീജ, ഷീബ എന്നീ സഹോദരിമാരെ സലിം, റജീന എന്നീ ഏജന്റുമാരാണ് സന്ദര്‍ശക വിസയില്‍ അബുദാബിയിലെത്തിച്ചത്. മലയാളിയുടെ വീട്ടില്‍ ജോലിയും തൊഴില്‍ വിസയും ആകര്‍ഷകമായ ശമ്പളവും വാഗ്ദാനം ചെയ്ത്, കൊണ്ടുവന്ന ഇരുവരെയും റജീനയുടെ ഇവിടത്തെ ഏജന്റുമാരായ ജലാലും സെയ്ദും ചേര്‍ന്ന് അബുദാബി വിമാനത്തില്‍ സ്വീകരിക്കുകയായിരുന്നു. പിന്നീട് ജോലിക്കെന്ന പേരില്‍ സഹോദരിമാരെയും കൊണ്ട് നാലുദിവസം പലേടത്തും ചുറ്റിക്കറങ്ങി. എവിടെയാണ് ജോലിസ്ഥലം എന്നന്വേഷിച്ച ഷീജയുടെയും ഷീബയുടെയും പാസ്‌പോര്‍ട്ടുകള്‍ ഏജന്റുമാര്‍ തട്ടിയെടുത്തശേഷം അബുദാബിയില്‍ പലേടത്തും കൊണ്ടുപോയി. ഇതോടെ തങ്ങള്‍ തട്ടിപ്പിനിരകളായെന്ന് ബോധ്യപ്പെട്ട സഹോദരിമാര്‍ ഒച്ചവച്ചു. ബഹളം കേട്ട് മലയാളികളടക്കമുള്ളയുവാക്കള്‍ രംഗത്തെത്തിയതോടെ ഏജന്റുമാര്‍ ഓടി രക്ഷപ്പെട്ടു. ഇന്ത്യന്‍ എംബസിയില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷീജയേയും ഷീബയേയും അധികൃതര്‍ കൂട്ടിക്കൊണ്ടുപോയി. എല്ലാ വിസാ തട്ടിപ്പുകളിലും ഇതുതന്നെയാണ് സ്ഥിതി.

തട്ടിപ്പു നടത്തിയ റജീനയെയും സലീമിനെയും കണ്ടെത്താന്‍ എംബസി കേരള പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടത്തെ ഏജന്റുമാരായ ജലാലിനെയും സെയ്ദിനെയും കണ്ടെത്താന്‍ അബുദാബി പൊലീസ് വലവിരിച്ചിട്ടുണ്ട്. കേന്ദ്ര വിദേശമന്ത്രാലയത്തിന്റെ ഇ‑മൈഗ്രന്റ് സംവിധാനം വഴി തൊഴില്‍ വിസയില്‍ മാത്രമേ ഗള്‍ഫില്‍ ജോലിക്കെത്താവു എന്ന നിബന്ധനയുള്ളപ്പോഴാണ് സന്ദര്‍ശക വിസയില്‍ തൊഴിലര്‍ഥികളെ കൊണ്ടുവന്ന് തട്ടിപ്പു നടത്തുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ഇപ്രകാരം തൊഴില്‍ തട്ടിപ്പിനിരയായ നാലായിരത്തിലേറെ മലയാളികള്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇവരെ നാട്ടിലെത്തിക്കാന്‍ നിരവധി മലയാളി പ്രവാസി സംഘടനകള്‍ രംഗത്തുണ്ട്. എമിഗ്രേഷന്‍ സംവിധാനം വഴി മാത്രമേ തൊഴില്‍ വിസയുമായി എത്താവൂ എന്ന നിബന്ധന നിലവിലിരിക്കെ ചതിക്കുഴികള്‍ തീര്‍ക്കുന്ന വിസ തട്ടിപ്പു മാഫിയകള്‍ക്കെതിരെ കേരളത്തില്‍ കാര്യമായ നിരീക്ഷണ സംവിധാനങ്ങളില്ലെന്നും പ്രവാസി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.