Tuesday
19 Mar 2019

അബുദാബി വീക്ക് രണ്ടു നാള്‍ കൂടി

By: Web Desk | Friday 16 February 2018 8:19 PM IST


കൊച്ചി: അബുദാബിയിലെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന വിസ്മയക്കാഴ്ചകള്‍ പരിചയപ്പെടുത്തുന്നതിനായി അബുദാബി വീക്കിന്റെ രണ്ടാം പതിപ്പ് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മേള ഇന്നും നാളെയും കൂടി തുടരും. വൈകീട്ട് 4 മണി മുതല്‍ 10 വരെയാണ് പ്രദര്‍ശനസമയം. ഫെബ്രുവരി 23 മുതല്‍ മേള കൊല്‍ക്കൊത്തയിലും നടക്കും. 11 മുതല്‍ 16 വയസ്സുവളെയുള്ളവര്‍ക്ക് 25 രൂപയും 17 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്കുകള്‍. പ്രവേശന ടിക്കറ്റുകള്‍ ബുക്ക്‌മൈഷോയില്‍ ലഭ്യമാണ്.

കഴിഞ്ഞ വര്‍ഷം മുംബൈയിലും ഡല്‍ഹിയിലും നടന്ന അബുദാബി വീക്കിനേക്കാള്‍ ഒരു പടി കൂടി കടന്ന് ഫെറാറി വേള്‍ഡ് അബുദാബി, ഡെസര്‍ട്ട് സഫാരി, അതിഗംഭീരമായ അബുദാബി ലൂവെര്‍ എന്നീ ലോകോത്തര അബുദാബി അനുഭവങ്ങളുടെ യഥാര്‍ത്ഥസമാനമായ ഇന്ററാക്റ്റീവ് വിര്‍ച്വല്‍ അനുഭവങ്ങളുമായാണ് മേള കൊച്ചിയിലെത്തിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ഒരു യഥാര്‍ത്ഥ ഫെറാറി കാണാനും അഡ്രിനാലിന്‍ ഇളകിമറിയുന്ന ഫെറാറി സവാരി ആസ്വദിക്കാനും അവസരമുണ്ട്. മണലും ബെദൂയിന്‍ ടെന്റുകളും സഫാരി ജീപ്പുകളും പരമ്പരാഗത അറബിക് വിശ്രമകേന്ദ്രങ്ങളും ദീപവിതാനങ്ങളും നിറഞ്ഞ അല്‍ ഐന്‍ കൊട്ടാരം, അല്‍ ദഫ്ര മേഖല എന്നിവ മേളയില്‍ പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
അബുദാബിയുടെ വിവിധ ഭാഗങ്ങളുടെ ത്രിഡി മാപ്പുകള്‍ അബുദാബി വീക്കില്‍ കാണാം. സന്ദര്‍ശകര്‍ക്ക് നറുക്കെടുപ്പിലൂടെ അബുദാബി സന്ദര്‍ശനത്തിനുള്ള പാക്കേജ് ട്രിപ്പുകളും സമ്മാനമായി നല്‍കുന്നുണ്ട്. ഈ പ്രദേശത്തിന്റെ കായികവിനോദങ്ങളും പാചകവൈവിധ്യവും കലാ, സാഹിത്യ മേഖലകളിലെ സമ്പന്നതയും പ്രദര്‍ശനത്തിനുണ്ട്.
അബുദാബിയിലേയ്ക്കുള്ള വിനോദ സഞ്ചാരയാത്ര, ഫെറാറി സവാരി തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കുന്ന മത്സരങ്ങളും മേളയുടെ ഭാഗമായി അരങ്ങേറും. യഥാര്‍ത്ഥ അബുദാബി ഭക്ഷ്യവിഭവങ്ങള്‍ വിളമ്പുന്ന സ്റ്റാളുകളും മേളയ്ക്ക് കൊഴുപ്പു കൂട്ടും. അബുദാബിയില്‍ നിന്നുള്ള സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീത പരിപാടികളും മേളയുടെ ഭാഗമായി നടക്കും. കുട്ടികള്‍ക്കുള്ള വിനോദങ്ങളുള്‍പ്പെട്ട സവിശേഷ വിഭാഗം, ലൈവ് പെയ്ന്റിംഗ്, യുഎഇദൃശ്യങ്ങളുടെ പശ്ചാത്തലത്തിലുള്ള സെല്‍ഫി ബൂത്ത് തുടങ്ങിയവയും മേളയുടെ ആകര്‍ഷണങ്ങളായിരിക്കും.
ഇന്ത്യയുടെ സാമ്പത്തികരംഗം മികവ് കാണിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇവിടെ നിന്ന് ഒട്ടേറെപ്പേര്‍ വിദേശ വിനോദയാത്രകള്‍ നടത്തുന്നതിനാല്‍ തങ്ങള്‍ക്ക് ഏറെ പ്രധാനമാണ് ഈ വിപണിയെന്ന് അബുദാബി കള്‍ച്ചര്‍ ടൂറിസം വകുപ്പ് പ്രൊമോഷന്ഡസ് ആന്‍ഡ് ഓവര്‍സീസ് ഓഫീസസ് ഡയറക്ടര്‍ മുബാറക് അല്‍ നൂഎമി പറഞ്ഞു. ഇതുകണക്കിലെടുത്ത് അബുദാബി ഏറെ ചെലവേറിയ ഒരു വിനോദസഞ്ചാര കേന്ദ്രമാണെന്ന തെറ്റിദ്ധാരണ മാറ്റുന്നതുള്‍പ്പെടെയുള്ള ബോധവല്‍ക്കരണമാണ് അബുദാബി വീക്കിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്കും കുടുബമൊത്തുമുള്ള യാത്രകള്‍, സിനിമാചിത്രീകരണം, കച്ചവടം, വിവാഹം തുടങ്ങിയവയ്ക്ക് ഏറെ യോജിച്ച ഇടമാണ് അബുദാബി എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 3.2 ലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് അബുദാബിയിലെത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 11% വര്‍ധനയാണിത്. ഇത്തിഹാദ് എയര്‍വേയ്‌സിനും ജെറ്റ് എയര്‍വേയ്‌സിനും ഇന്ത്യയിലെ 13 പട്ടണങ്ങളില്‍ നിന്നായി അബുദാബിക്ക് ആഴ്ച തോറും 282 ഫ്‌ളൈറ്റുകളുണ്ട്.