20 June 2024, Thursday

ഹരിത നേതാക്കള്‍ക്കെതിരായ അധിക്ഷേപം; നടപടി സ്വീകരിക്കാത്തത് സംഘടനാ പ്രവർത്തനത്തെ ബാധിക്കുമെന്ന് എംഎസ്എഫ് യൂണിറ്റുകൾ

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
August 28, 2021 9:37 pm

ഹരിത നേതാക്കൾക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ നടത്തിയ ലൈംഗികാധിക്ഷേപത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ യൂണിറ്റ് കമ്മിറ്റികളില്‍ വ്യാപക പ്രതിഷേധം. നേതൃത്വത്തിന്റെ നിലപാടില്‍ അതൃപ്തി അറിയിച്ചുകൊണ്ട് എംഎസ്എഫിന്റെ നിരവധി യൂണിറ്റ് കമ്മിറ്റികള്‍ ലീഗ് നേതൃത്വത്തിന് പരാതി അയച്ചിട്ടുണ്ട്. നേതൃത്വത്തിന്റെ തീരുമാനം എംഎസ്എഫിന് സ്വാധീനമുള്ള പല കാമ്പസ്സുകളിലും വലിയ തിരിച്ചടി നേരിടാൻ ഇടയാക്കുമെന്നും തീരുമാനം തിരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എംഎസ്എഫിന് സ്വാധീനമുള്ള കോഴിക്കോട്ടെ ഫറൂഖ് കോളേജ്, കണ്ണൂര്‍ സർ സയ്യിദ് കോളേജ് തുടങ്ങിയ കോളേജ് യൂണിറ്റുകളാണ് മുസ്ലീം ലീഗ് നേതൃത്വത്തിന് കത്ത് നൽകിയത്. ഇക്കഴിഞ്ഞ 20-ാണ് ഫറൂഖ് കോളേജ് എംഎസ്എഫ് യൂണിറ്റ് നേതൃത്വത്തിന് കത്തയച്ചത്. ഹരിത നേതാക്കൾക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സംസ്ഥാന നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഫറൂഖ് കോളേജിൽ സംഘടനാ സംവിധാനം തന്നെ തകർന്നുപോകുമെന്ന ആശങ്കയാണ് യൂണിറ്റ് കമ്മിറ്റി ലീഗ് നേതൃത്വത്തിനെ അറിയിച്ചിരിക്കുന്നത്. ലൈംഗികാധിക്ഷേപം സംബന്ധിച്ച പരാതിയിൽ നടപടി സ്വീകരിക്കാത്തത് സംഘടനാ പ്രവർത്തനത്തെ തന്നെ ബാധിക്കും. 80 ശതമാനത്തിലധികം വിദ്യാര്‍ത്ഥിനികളുള്ള ഫാറൂഖ് കോളേജില്‍ തീരുമാനം വലിയ തിരിച്ചടിയുണ്ടാക്കും. മറ്റ് വിദ്യാര്‍ത്ഥി സംഘടനകൾക്ക് മുന്നില്‍ എംഎസ്എഫിനെ ഇത് അപഹാസ്യമാക്കുമെന്നും കത്തില്‍ പറയുന്നു.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി വി എ വഹാബ് എന്നിവര്‍ക്കെതിരെയായിരുന്നു ഹരിത നേതാക്കളുടെ പരാതി. പാർട്ടി നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയില്ലാതെ വന്നതോടെ ഹരിത നേതാക്കൾ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. സംസ്ഥാനത്താകമാനുള്ള എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കിടയി ഹരിത നേതാക്കൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ഇതാണ് നേതൃത്വത്തിന് വിവിധ യൂണിറ്റ് കമ്മിറ്റികളില്‍ നിന്നും വ്യാപകമായ പരാതി ലഭിച്ചത്.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കോളേജുകള്‍ അടച്ചിട്ടതിനാലാണ് വിദ്യാര്‍ത്ഥികള്‍ പരസ്യമായി രംഗത്തെത്താത്തതെന്നും ഇക്കാര്യം നേതൃത്വം ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും കത്തുകളില്‍ സൂചനയുള്ളതായി അറിയുന്നു. എംഎസ്എഫിന്റെ 14 ജില്ലാ കമ്മിറ്റികളിൽ ഭൂരിഭാഗവും ഹരിത നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് തന്നെ രാജിവെച്ച് ഒഴിഞ്ഞിരുന്നു. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ് ലിയ ഹരിത നേതാക്കൾക്ക് പിന്തുണയുമായി എത്തിയതും വലിയ ചര്‍ച്ചയായിരുന്നു.

പി കെ നവാസിന്റേയും മറ്റ് എംഎസ്എഫ് നേതാക്കളുടേയും ഭാഗത്തുനിന്നുണ്ടായ പരമാർശങ്ങൾ ദുരുദ്ദേശപരമല്ലെന്നായിരുന്നു മുസ്ലീം ലീഗ് നിലപാട്. നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിക്കാനും നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന് പ്രഖ്യാപിച്ച് ഹരിത നേതാക്കള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ആരോപണ വിധേയരായവർക്കെതിരെ നടപടി സ്വീകരിച്ചാല്‍ മാത്രമേ തങ്ങൾക്ക് നീതി ലഭിക്കൂ എന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ഹ​രി​ത ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ​യു​ള്ള സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ പൊലീ​സ് ന​ട​പ​ടി ശക്തമാക്കിയിട്ടുണ്ട്. പ​രാ​തി​യി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന എം​എ​സ്എ​ഫ് നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കാ​ണ് പൊലീ​സ് നീ​ങ്ങു​ന്ന​ത്. പ​രാ​തി​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളി​ൽ നി​ന്നും പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ട്. പ​രാ​തി​യി​ലു​ള്ള കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​വ​ർ പൊലീ​സി​ന് മൊ​ഴി​യാ​യി ന​ൽ​കി​യ​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്ന് ഹ​രി​ത നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. വനിതാ കമ്മീഷന്‍ കൈമാറിയ പരാതിയിലാണ് ഐ​പി​സി 354 എ (​നാ​ല്) ‑സ്ത്രീ​ക​ളോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ​യു​ള്ള സം​സാ​രം, ഐ​പി​സി 509 ‑സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കോഴിക്കോട് വെ​ള്ള​യി​ൽ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെയ്തിട്ടുള്ളത്.

Eng­lish sum­ma­ry; Abuse of haritha leaders

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.