Monday
18 Feb 2019

സബ് കളക്ടര്‍ക്കെതിരെ അധിക്ഷേപം; എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു, നേതാക്കള്‍ അപലപിച്ചു

By: Web Desk | Monday 11 February 2019 10:16 PM IST

തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജിനെ അപമാനിച്ച് സംസാരിച്ചതിന് എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ കേരള വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സ്വാഭാവിക നടപടികളിലേക്ക് കടക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. സംഭവത്തില്‍ എംഎല്‍എ ഖേദം പ്രകടിപ്പിച്ചിരുന്നു. കേസ് എടുത്ത സാഹചര്യത്തില്‍ എംഎല്‍എയില്‍ നിന്ന് കമ്മിഷന്‍ വിശദീകരണം തേടും.
സബ്കളക്ടറെ അപമാനിച്ച സംഭവത്തെ നേതാക്കള്‍ അപലപിച്ചു. മോശമായി ഒരു സ്ത്രീയോട് സംസാരിക്കുന്നത് എംഎല്‍എ ആയാലും മറ്റാരായാലും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

സ്ത്രീപക്ഷ വീക്ഷണത്തില്‍ ഒന്നാമത്തേത് സ്ത്രീകളോടുള്ള ബഹുമാനമാണ്. ഒരാളോട് കാണിക്കേണ്ട മാന്യമായ പെരുമാറ്റ രീതിയില്‍ പിശകുണ്ടെന്ന ആക്ഷേപവും പഞ്ചായത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച വിഷയവും സങ്കേതിക കാര്യമാണ്. ഇതിനെ രണ്ടിനെയും രണ്ടായി കാണണം. എംഎല്‍എയുടെ സംസാരം ഉദ്യോഗസ്ഥയെ വേദനിപ്പിക്കുന്ന തരത്തില്‍ ആയെന്നാണ് ആക്ഷേപം. അങ്ങനെ നടന്നുവെങ്കില്‍ അത് ശരിയായില്ലെന്നാണ് പൊതുവായ അഭിപ്രായമെന്നും കണ്‍വീനര്‍ പറഞ്ഞു.

നിയമലംഘനം നടന്നാല്‍ കോടതിയെ അറിയിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ജോലിയാണെന്നും ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നതില്‍ തെറ്റില്ല. കോടതിയുടെ നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ ആരെങ്കിലും തടസം നിന്നാല്‍ അത് കോടതിയെ അറിയിക്കാനുള്ള ബാധ്യത ആ ഉദ്യോഗസ്ഥയ്ക്ക് ഉണ്ട്. അതില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. എംഎല്‍എയുടെ പരാമര്‍ശം ഉചിതമായില്ലെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ പറഞ്ഞിട്ടുണ്ട്. നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുമെന്നു സര്‍ക്കാരും പറഞ്ഞിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അനധികൃത നിര്‍മ്മാണത്തിനെതിരെ ദേവികുളം സബ് കളക്ടര്‍ സ്വീകരിച്ച നടപടി നിയമാനുസൃമാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അത്തരമൊരു നിലപാട് സ്വീകരിച്ചേ മതിയാകൂ. നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നത് പഞ്ചായത്തായാലും റവന്യുവകുപ്പിന്റെ അനുമതി വാങ്ങിയിരിക്കണം. ഇക്കാര്യത്തില്‍ സബ് കളക്ടര്‍ സ്വീകരിച്ച നടപടി ന്യായമായതും ഉചിതവും നിയമാനുസൃതവുമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും റവന്യുവകുപ്പിന്റെയും എല്ലാ പിന്തുണയും സബകളക്ടര്‍ക്കുണ്ടെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.