Thursday
21 Feb 2019

കുട്ടികള്‍ക്കെതിരായ ചൂഷണം പെരുകുന്നു; ബാലവേല ചെയ്യുന്നത് 2.3 കോടി കുട്ടികള്‍

By: Web Desk | Thursday 12 July 2018 9:48 PM IST

ആര്‍ ബാലചന്ദ്രന്‍
ആലപ്പുഴ: കുട്ടികള്‍ നേരിടുന്ന അനീതിയും അവകാശ ലംഘനങ്ങളും രാജ്യത്ത് വര്‍ദ്ധിക്കുന്നതായി ചൈല്‍ഡ് റൈറ്റ് ആന്റ് വ്യു നടത്തിയ പഠനം വ്യക്തമാക്കുന്നു. സമൂഹത്തില്‍ നിന്നും എന്നന്നേക്കുമായി തുടച്ച് നീക്കപ്പെടേണ്ടതെന്ന് ഇന്ത്യന്‍ ഭരണഘടനപോലും അനുശാസിക്കുന്ന അനാചാരങ്ങളും ദുഷ്‌ചെയ്തികളും പെരുകുന്നത് കുട്ടികളെ ഇത്തരം ചൂഷണത്തിലേക്ക് തള്ളിവിടുകയാണ്. ഇന്ത്യയില്‍ 2011ലെ സെന്‍സസ് പ്രകാരം 472 മില്യണ്‍ കുട്ടികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ജനസംഖ്യയുടെ 39 ശതമാനം വരും ഇത്.
ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ശൈശവ വിവാഹം, ബാലവേല എന്നിവ ഇപ്പോഴും പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുകയാണ്. മാറിവരുന്ന ഓരോ സര്‍ക്കാരും ഇതിനെതിരെ ശക്തമായി നടപടിയെടുക്കാന്‍ മുന്നോട്ട് വരുന്നില്ലെന്നതാണ് സത്യം. രാജ്യത്ത് ബാലവേല ചെയ്യുന്നത് 2.3 കോടി കുട്ടികളാണ്. ഇവരില്‍ 1.9 കോടി കുട്ടികളും പഠനം ഇടയ്ക്കുവച്ചു നിര്‍ത്തേണ്ടി വന്നവരാണ്. ഇന്ത്യയില്‍ ആകെ 1,82,222 കുട്ടികള്‍ക്കാണ് പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞിട്ടുള്ളത്. നിര്‍ബന്ധിച്ചുള്ള ബാലവേല കാരണം കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടു. ഇതുവരെ ഇന്ത്യയില്‍ 804 പേരെയാണ് ബാലവേലയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്നാണ് ദുഖകരമായ വസ്തുത. കൂടുതലും കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ്. അഞ്ച് മുതല്‍ 14 വയസിന് ഇടയിലുള്ളവരാണ് കൂടുതലായും ഇരയാകുന്നത്.
ബിഹാര്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ബാലവേലക്കാരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ കഴിയാതെ ജീവന് പോലും ആപത്ത് നേരിടേണ്ടി വരുന്ന സ്ഥലങ്ങളില്‍ കുട്ടികളെ ഉപയോഗിച്ച് ജോലി ചെയ്യിക്കുന്നുണ്ട.് നിര്‍ബന്ധിച്ചും പ്രലോഭനത്തില്‍പ്പെടുത്തിയുമാണ് കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നത്. പക്ഷേ ഇതൊന്നും നിയമത്തിന്റെ കണ്ണില്‍പ്പെടുന്നില്ല.
പോഷകാഹാരകുറവ്, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തത, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവയും കുട്ടികള്‍ നേരിടുന്ന മറ്റ് പ്രശ്‌നങ്ങളാണ്.നിലവില്‍ 13,330 കുട്ടികള്‍ക്കാണ് രാജ്യത്ത് പോഷകാഹാരം യഥാവിധം ലഭിക്കുന്നത്. രോഗപ്രതിരോധ മേഖലയിലും അവഗണനയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 10,114 കുട്ടകള്‍ക്ക് മാത്രമാണ് ശരിയായ വാക്‌സിനേഷനുകള്‍ ലഭിച്ചിരിക്കുന്നത്. ഇത് രാജ്യത്തിന് തന്നെ വലിയ നാണക്കേടാണ്. ആരോഗ്യമേഖലയില്‍ പോലും വലിയ അസമത്വം ആണ് കുട്ടികള്‍ നേരിടുന്നത്. 97 മില്യണ്‍ കുട്ടികള്‍ക്ക് പോഷകാഹാരകുറവ് മൂലം അനീമിയ ബാധിച്ചു കഴിഞ്ഞു. ഇതേ തുടര്‍ന്ന് കുട്ടികളുടെ മരണനിരക്ക് 58 ശതമാനത്തിലെത്തി. കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും യാതൊരു കുറവുമില്ല. കഠ്വവ, നിര്‍ഭയ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും നിരാലംബരായി വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്ന കുടുംബങ്ങളുടെ സുരക്ഷക്ക് കേന്ദ്രസര്‍ക്കാര്‍ ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഓരോ ദിവസവും രാജ്യത്ത് 150 കുട്ടികള്‍ വീതം കാണാതാകുന്നതായാണ് ചൈല്‍ഡ് റൈറ്റ് ആന്റ് വ്യു ശേഖരിച്ച കണക്കുകള്‍ പറയുന്നത്. ശൈശവ വിവാഹത്തിന്റെ കാര്യത്തിലും ഞെട്ടിക്കുന്ന കണക്കുകളാണ് ഇവര്‍ പുറത്ത് വിട്ടിരിക്കുന്നത്. രാജ്യത്ത് 42 ശതമാനം ശൈശവ വിവാഹങ്ങള്‍ നടക്കുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിരിക്കുന്നത്. 15 വയസിന് താഴെയുള്ള 45 ലക്ഷം പെണ്‍കുട്ടികളുടെ വിവാഹം നടന്നുകഴിഞ്ഞു. ഇനിയും വര്‍ദ്ധിക്കാനുള്ള സാഹചര്യം ഉണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും നിയമഭേദഗതി വേണമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.