എബിവിപി പ്രവര്‍ത്തകര്‍ പ്രൊഫസറെ ക്ലാസില്‍ നിന്നും വലിച്ചിറക്കി കരി ഓയില്‍ ഒഴിച്ചു

Web Desk
Posted on June 29, 2018, 8:18 pm

ഗാന്ധിനഗര്‍: എബിവിപി പ്രവര്‍ത്തകര്‍  കോളജ് പ്രൊഫസറെ ക്ലാസില്‍ നിന്നും വലിച്ചിറക്കി കരി ഓയില്‍ ഒഴിച്ചു. ഗുജറാത്തിലെ ക്രാന്തിഗുരു ശ്യാംജി കൃഷ്ണവര്‍മ കച്ച്‌ യൂണിവേഴ്‌സിറ്റിയിലെ  പ്രൊഫസര്‍ ഗിരിന്‍ ബാക്സിയാണ് എബിവിപിയുടെ കരിഒായില്‍ ആക്രമണത്തിനിരയായത്. ക്ലാസെടുത്തുകൊണ്ടിരുന്ന സമയത്ത് അദ്ദേഹത്തെ ക്ലാസില്‍ നിന്നും വലിച്ചിഴച്ച്‌ പുറത്തിറക്കിയാണ് മുഖത്ത് കരിഓയില്‍ ഒഴിച്ചത്.  ക്രാന്തിഗുരു യൂണിവേഴ്‌സിറ്റിയിലെ  അസോസിയേറ്റ് പ്രൊഫസറും കെമിസ്ട്രി ഡിപാര്‍ട്മെന്‍റിന്‍റെ തലവനും സ്റ്റുഡന്‍സ്  ഇലക്ഷന്‍ കോര്‍ഡിനേറ്ററുമാണ് ഗിരിന്‍ ബാക്സി.

എബിവിപിയുടെ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫോം ഗിരിന്‍ ബാക്‌സി തള്ളിക്കളഞ്ഞുവെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എബിവിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.  ജൂലൈ ഇരുപത്തിരണ്ടാം തീയതി നടക്കാനിരിക്കുന്ന യൂണിവേഴ്സിറ്റി ഇലക്ഷനിലേക്കുള്ള വോട്ടര്‍ രജിസ്ട്രേഷന്‍ ഫോമുകളില്‍ നിന്നും എബിവിപിയുടെ മാത്രം ഫോം തള്ളിക്കളഞ്ഞു എന്നാണാരോപണം. കരി ഒായിലൊഴിച്ച കുറ്റത്തിന് രണ്ട് കാര്യാലയ കാര്യവാഹകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫോം തള്ളിക്കളഞ്ഞ സംഭവത്തെക്കുറിച്ച്  സംസാരിക്കാന്‍  വിദ്യാര്‍ഥി സംഘടനകളെ സംസാരിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇവര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല. ‘ബോലോ ഭാരത് മാതാ കി ജയ്’ എന്ന മുദ്രാവാക്യം വിളിച്ച്‌ പ്രഫസറെ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ചേമ്പറിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ നടത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ രജിസ്ട്രാറേയും സംഘം ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.