തമസ്സല്ലോ സുഖപ്രദം!

വസന്തൻ വട്ടപ്പറമ്പിൽ
Posted on January 12, 2020, 5:15 am

ശരിയാണ്. നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റിയ സമയം ഇരുട്ടാണ് ചിലർക്ക്. ഇരുട്ട് പരന്നുനിവർന്നങ്ങനെ കിടക്കുന്ന നേരത്തെയാണല്ലോ നമ്മൾ സാധാരണമായി രാത്രി എന്നുപറയുന്നത്. രാത്രിനേരം സഞ്ചരിക്കുന്നവരെ നിശാചാരികളെന്നോ രാത്രീഞ്ചരന്മാരെന്നോ ഓമനപ്പേരിട്ട് വിളിക്കും. നിശീഥിനിയെ സാക്ഷിയാക്കി നിശാമൃഗങ്ങൾ അഴിഞ്ഞാടും. വെറും മോഷ്ടാക്കള്‍ മാത്രമല്ല, സാമൂഹികവിരുദ്ധ പ്രവൃത്തികളിൽ അഭിരമിക്കുന്നവരും ജനദ്രോഹ നടപടികൾ ആമോദത്തോടെ അനുഷ്ഠിക്കുന്നവരുമായ കേന്ദ്രഭരണാനുകൂലികളായ അല്പവിവരപ്രബുദ്ധർ സർവാത്മനാ ഇരുട്ടിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടാണല്ലോ, രാജ്യത്തിന്റെ പല കോണുകളിൽനിന്നുവരുന്ന മിടുമിടുക്കരായ കുട്ടികൾ മതിയായ ടെസ്റ്റുകൾ പാസായി നാനാതരം വിഷയങ്ങളിൽ വിദ്യ അഭ്യസിച്ചിറങ്ങി, വിവിധ മണ്ഡലങ്ങളിൽ ചേക്കേറി വെട്ടിത്തിളങ്ങുന്ന പാരമ്പര്യം സൂക്ഷിക്കുന്ന കലാലയത്തിനുനേരെ കഴുകൻകണ്ണുകൾ താഴ്ന്നിറങ്ങി കൊത്തിക്കീറിയത്. മുൻപിവിടെ കണ്ടൊരു കാഴ്ച ഇന്നും ഭരണസിരാകേന്ദ്രത്തിന്റെ കണ്ണ് തള്ളിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ബിഹാറിൽനിന്നു വന്നൊരു പയ്യൻ. ഒരു ദരിദ്രഗ്രാമീണ യുവാവ്. തങ്ങൾക്കന്യമായ വിവേക വിചാരമുള്ളവൻ. ജനാധിപത്യവിരുദ്ധ സംഗതി കണ്ടാൽ പ്രതികരിക്കുന്നവൻ. ഒരുവന്റെ ശബ്ദം അപരൻ സംഗീതം പോലെ ശ്രവിക്കുന്ന മഹനീയമായ സമഭാവനയുടെ സാമൂഹ്യക്രമത്തിനായി പ്രയത്നിക്കുന്നവൻ. അനീതിക്കെതിരെ മുക്രയിട്ട് ആളെ കൂട്ടുന്നവൻ. നെഞ്ചിൽ അഗ്നി സൂക്ഷിക്കുന്നവൻ. അവൻ ഗഞ്ചിറ കൊട്ടി പാടുന്നു: ആസാദി.… ആസാദി.… കൂടെ പാടാൻ ഒരുപാട് പേര്. കലാലയംവിട്ട് പുറത്തേക്കും ശബ്ദം നീളുന്നു. ആസാദി. . ആസാദി. ഭൂക്ക്മാരി സേ ആസാദി. ഹാം ഭേദ് ഭാവ് സേ ആസാദി. ഹാം പഛ്വാദ് സേ ആസാദി. ഹം ലേകെ രഹേ ഗെ ആസാദി. തും കുഛ് ഭീകർലോ ആസാദി. ആസാദി… കേട്ടുകേട്ട് കലിപ്പടങ്ങാതെ ഞെരങ്ങുമ്പോഴിതാ പുതിയൊരു കൊച്ചും കൂട്ടുകാരും. മലമുഴക്കിരോദനം പോലെ മൂർച്ചകൂടിയ വാക്കുകൾ. ഇളകിവശായി, ഒതുക്കണം, ഇരുട്ടുനോക്കി കാത്തുനിന്നു, തമസ്സിനെ നമിക്കുന്ന പാമരസംഘം. വിവര പ്രവീണരായ കുട്ടികളെ കായികമായി നിർവീര്യരാക്കലല്ലാതെ ആശയവും സംവാദവും ശീലമില്ലാത്തവർക്ക് വേറെ എന്ത് വഴി. ഇഷ്ടനേരമായ രാത്രി തിരഞ്ഞെടുത്തത് അങ്ങനെയാണ്. വിവരമുള്ളവരെ സർവഥാ നമസ്ക്കരിക്കുക എന്നതാണ് പൊതുമതം. പരിഷ്കൃത സമൂഹം അങ്ങനെയാണ്. ഇവിടെയിതാ അവരെ ഉന്മൂലനം ചെയ്യാൻ മുഖംമൂടി (രാത്രിയിലും മുഖംമൂടി! ഇതുംവെച്ചാണല്ലോ ഇവരുടെ തലതൊട്ടപ്പന്മാർ ജനത്തിനു മുൻപിൽ നടപ്പ്) ധരിച്ച് വടി, കുന്തം, കുടച്ചക്രം ഇത്യാദിയുമായി നിരായുധരായ കുട്ടികൾക്കുനേരെ ആഞ്ഞടുത്ത് ടുക്കഡെ ടുക്കഡെ ഗ്യാങ്ങ് എന്ന് പരിഹസിച്ച് അവർക്കെതിരെ ഉറഞ്ഞുതുള്ളി. ’

ഹിന്ദു സ്വയംരക്ഷകർ’ എന്നാണ് വെളുത്ത നിറവും കറുത്ത മനസ്സുമുള്ള കുങ്കുമപ്പൊട്ടുതൊട്ട അക്ഷരവൈരസമൂഹം സ്വയം വെളിപ്പെട്ടുവന്ന് വിശേഷിപ്പിച്ചത്. എന്തുപേരിട്ട് സ്വയം പരിചയപ്പെടുത്തി ഉറക്കെ പറഞ്ഞാലും ലോകം നിങ്ങളെ ഇരുട്ടിന്റെ സന്തതികൾ എന്നേ പറയൂ. രാജ്യപ്രമുഖൻ നേരിട്ട് പ്രത്യക്ഷപ്പെട്ട് പ്രഖ്യാപനം നടത്തി പ്രാബല്യത്തിൽ വരുത്തിയ ഒന്ന് ഒരു നട്ടപ്പാതിരക്കായിരുന്നു. മഹാ കെടുതിക്ക് നിദാനമായ പ്രഖ്യാപനം. അന്ന് നഷ്ടപ്പെട്ട ഉറക്കം ജനത്തിന് ഇന്നുവരെ തിരിച്ചുകിട്ടിയില്ല. പ്രജകൾ ഇന്നും അനുഭവിച്ചുകൊണ്ടേയിരിക്കുന്നു, നോട്ടുനിരോധനം. ജനം അന്നൊഴുക്കിയ കണ്ണീർപ്പാടങ്ങൾ അതേ വീര്യത്തിലിന്നും ഒഴുകുന്നു. എടിഎം കൗണ്ടറുകളിൽ, വീടിന്റെ അകത്തളങ്ങളിൽ അങ്ങനെ എവിടെയും വീണുകിടന്നവർ ഇന്നും അവിടെത്തന്നെ കിടക്കുന്നു. വീടിന്റെ മോന്തായങ്ങളിൽ തൂങ്ങിയാടിയ ഗൃഹനാഥന്മാർ അവിടെ കിടന്നാടുന്നു. വിവാഹം മുടങ്ങിയവർ, വിദ്യാഭ്യാസം മുടങ്ങിയവർ, ജീവിതം വഴിമുട്ടിയവർ, അവിടെത്തന്നെ നിൽക്കുന്നു. നിൽക്കട്ടെ അല്ലേ? ഇഷ്ടജനം കൊഴുക്കുന്നുണ്ടല്ലോ. അതായിരുന്നല്ലൊ ജനം അന്നറിയാതെപോയ ഗൂഢോദ്ദേശ്യവും. അറിഞ്ഞുവന്നപ്പോൾ ഏത് കള്ളപ്പണം പിടിച്ചു? ഏത് വെളുത്തു? ആർക്ക് ഗുണം ചെയ്തു? ഇതു നേരത്തേ അറിഞ്ഞ് വേണ്ട എന്നുപദേശിച്ച റിസർവ് ബാങ്ക് ഗവർണർ എവിടെ?

പാവം ജനം എന്ന വാക്കിന് ഭംഗി കുറയുന്നുവെന്ന് തോന്നുന്നുണ്ടോ ഇപ്പോൾ! അപ്പോൾ പറഞ്ഞുവന്നത്, വേറെ ഒന്ന് നടന്നതും ഒരു നട്ടപ്പാതിരയ്ക്ക്. അന്ന് പാതിര വിരിഞ്ഞത് വിശ്രുതമായ ബോംബെ നഗരം സ്ഥിതിചെയ്യുന്ന മഹാരാഷ്ട്രയിലാണ്. സ്വന്തം ഭരണം കൈവിടുമെന്നായപ്പോൾ അന്യായവിലയ്ക്ക് കുതിരകളെ വാങ്ങാൻ ആളിറങ്ങി. ചെറു ചെറു കുതിരകളെ വരിവരിയായി നിർത്തി, ‘കയ്യിട്ടുവാരാൻ എന്നുംവേണം മന്ത്രിക്കസേര’ എന്ന മന്ത്രം ചൊല്ലി, കൂടുവിട്ട് കൂറുമാറി വെള്ളിത്തേരിൽ ഒരു നേതാവ് വന്നു. കരാറിൽ ഒപ്പിടുന്നതിനുള്ള ഒരു മുൻപൻ വ്യവസ്ഥ ഇതായിരുന്നു. കോടികൾ കട്ടുണ്ടാക്കിയതിന്റെ തെളിവ് കനത്തുനിൽക്കുന്ന കൊമ്പുമുറിച്ച് വേരറുത്ത് കളയണം. ചർച്ച ഏറെയൊന്നും വേണ്ടിവന്നില്ല. തീരുമാനമിങ്ങനെ വന്നു: ഒ. കെ. ‘ഒലക്കേടെ മൂടാണ്. എനിക്കെന്തു ചേതം.’ ഗ്രാമ്യമെന്ന ഭാഷാദോഷം പറയാതെ, പറഞ്ഞ കരാറിൽ ഇരുകൂട്ടരും ഒപ്പിട്ടു. കൂടെ ഒരു രൺജി പണിക്കർ സ്റ്റൈൽ ഡയലോഗും. “എന്റപ്പന്റെ കാശല്ല, നിന്റപ്പന്റെ കാശല്ല. പോകാൻ പറയെടാ പുല്ലേ… ” നിതാന്ത സാക്ഷി ഇവിടെയും കുറ്റാക്കൂറ്റിരുട്ട്. ഓം ശാന്തി നിശീഥിനി. മാനത്ത് വെള്ളകീറിയപ്പോൾ എല്ലാം പൂർവസ്ഥിതി പ്രാപിക്കുന്നു. പവർഫുൾ മാനേജ്മെന്റ് വേറെയുമുണ്ട് മാലോകരെ എന്ന് പ്രതിസ്പന്ദം. എല്ലാ കളിയിലും ജയിക്കുമെന്ന് ഏത് ക്യാപ്റ്റനും കരുതരുതല്ലോ എന്ന താക്കീത് അന്തരീക്ഷത്തിൽ പറന്നുനടന്നു. മഹാരാഷ്ട്രയിലെ ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആയ കേരള ആരിഫ് മുഹമ്മദ് ഖാൻ ഫ്ലാറ്റ്! പുലരുംവരെ നിറഞ്ഞാടിയ കഥകളിയിലെ ചുവന്ന താടിവേഷം വഷളായി, പടം മടക്കി രംഗംവിട്ടു. ആട്ടവിളക്കിലെ തിരി താഴ്ന്നതോടെ വേറെ വേഷത്തിന് വഴിമാറി എന്നത് കഥാന്ത്യം. സത്യവും നീതിയും വെളിച്ചമാകുന്നു. ജനാധിപത്യം ആവശ്യപ്പെടുന്നത് അതാണ്. മതേതരത്വം, സമത്വം, ജനാധിപത്യം. ഭരണഘടന അനുശാസിക്കുന്നത് അതാണ്. വെളിച്ചമേ നയിച്ചാലും!