September 26, 2022 Monday

Related news

April 11, 2022
March 2, 2022
July 4, 2021
February 1, 2021
January 30, 2021
January 5, 2021
November 4, 2020
August 8, 2020
July 25, 2020
February 14, 2020

എബിവിപിയുടെ ജെഎൻയു അതിക്രമത്തിന് ഒരു വര്‍ഷം : അന്വേഷണം എങ്ങുമെത്തിക്കാതെ പൊലീസ്

Janayugom Webdesk
ന്യൂഡല്‍ഹി
January 5, 2021 5:06 pm

ജെഎന്‍യു കാമ്പസില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ക്രൂരമായി മര്‍ദ്ദിച്ചൊതുക്കിയ നടുക്കുന്ന സംഭവത്തിന് ഒരു വര്‍ഷം. എബിവിപി അതിക്രമത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും അന്വേഷണം എവിടെയുമെത്തിച്ചിട്ടില്ല ഡല്‍ഹി പൊലിസ്.
ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഐഷെ ഘോഷിന് മാത്രം തലയിലേറ്റ പരിക്കിന് 16 തുന്നാണ് വേണ്ടിവന്നത്. ഒരിക്കല്‍ പോലും തന്നോട് അതിക്രമത്തെ കുറിച്ച്‌ അന്വേഷണ സംഘം ചോദിച്ചില്ലെന്ന് ഐഷെ ഘോഷ് പറയുന്നു. തലയില്‍ നാലു തുന്നലുള്ള പ്രഫസര്‍ സുചരിത സെന്നിനും സമാന പരാതിയാണുള്ളത്.

കഴിഞ്ഞ വര്‍ഷം ജനുവരി അഞ്ചിനായിരുന്നു ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയ സംഭവം. നൂറോളം എബിവിപി പ്രവര്‍ത്തകരാണ് ജെഎന്‍യു കാമ്പസില്‍ അതിക്രമിച്ചുകടന്നത്. ഇവര്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ക്രൂരമായി മര്‍ദ്ദിച്ചൊതുക്കുന്ന ദൃശ്യങ്ങള്‍ ലോകം മുഴുവനും കണ്ടു.
ഇന്ത്യയുടെ അഭിമാന കലാലയത്തിന്റെ മുറ്റത്തും കെട്ടിടങ്ങള്‍ക്കകത്തും മണിക്കൂറുകളോളമാണ് അക്രമിക്കൂട്ടം താണ്ഡവമാടിയത്. നിരവധി പേര്‍ക്ക് ഇതില്‍ പരുക്കേറ്റു.
നാലു ദിവസം കഴിഞ്ഞ് പത്രസമ്മേളനം വിളിച്ചുചേര്‍ത്ത ഡല്‍ഹി പൊലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്ത ഒമ്പതു വിദ്യാര്‍ഥികളുടെ പേര് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചെങ്കിലും രണ്ടു പേര്‍ മാത്രമായിരുന്നു എബിവിപിക്കാര്‍. അപ്പോഴും സംഘടനയുടെ പേര് പറയാതെ പൊലീസ് ജാഗ്രത കാണിച്ചു. അവശേഷിച്ചവര്‍ ഇടത് അനുഭാവമുള്ള വിദ്യാര്‍ഥികളുമായിരുന്നു.

100 ഓളം എബിവിപി പ്രവര്‍ത്തകരായ പ്രതികളെ കുറിച്ച്‌ സൂചനകള്‍ ലഭ്യമാണെങ്കിലും ഇതുവരെയും ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ പോലും ചെയ്തില്ല. ജെഎന്‍യു കേസില്‍ 88ഓളം പേരില്‍നിന്ന് മൊഴിയെടുത്ത പൊലീസ് പരിക്കേറ്റ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സുരക്ഷ ജീവനക്കാര്‍ തുടങ്ങിയവരെയും കണ്ടുവെന്ന് പറയുന്നുവെങ്കിലും ഇരകള്‍ ഈ അവകാശവാദം നിഷേധിക്കുന്നു.

സംഭവത്തില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയ ജെഎന്‍യു അധികൃതരും അഞ്ചംഗ സമിതിയെ വെച്ചെങ്കിലും അതും എവിടെയുമെത്താതെ അവസാനിച്ച മട്ടാണ്. വസന്ത് കുഞ്ച് പൊലീസ് സ്‌റ്റേഷനില്‍ എഫ്ഐആര്‍ സമര്‍പ്പിച്ച അന്വേഷണം വൈകാതെ ക്രൈംബ്രാഞ്ചിന് കൈമാറി. 20 അംഗ പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തു.
ഫെബ്രുവരിയില്‍ സമാനമായി വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ അതിക്രമം നടന്നപ്പോഴും ഇതേ സംഘത്തിന് തന്നെ അന്വേഷണത്തിന്റെ ഉത്തരവാദിത്വം ലഭിച്ചു. കൊവിഡ് കാലത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ഏറെ പഴികേട്ട നിസാമുദ്ദീന്‍ മര്‍കസിനെതിരായ കേസും കൈകാര്യം ചെയ്തത് ഇവരായിരുന്നു.

Eng­lish Sum­ma­ry : One year after JNU attack
You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.