ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാര്‍

Web Desk

ന്യൂഡല്‍ഹി

Posted on January 17, 2019, 10:58 pm

2016 ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് പ്രകടനത്തില്‍ നുഴഞ്ഞു കയറിയ എബിവിപി പ്രവര്‍ത്തകരെന്ന് മുന്‍ എബിവിപി നേതാക്കളുടെ വെളിപ്പെടുത്തല്‍. വിവാദം സൃഷ്ടിച്ചത് രോഹിത് വെമുലയുടെ മരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനായിരുന്നു എബിവിപിയുടെ ശ്രമമെന്നും ഇവര്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് ജെഎന്‍യു എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റ് ആയിരുന്ന ജതിന്‍ ഗൊരയ്യ, മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാള്‍ എന്നിവരാണ് എബിവിപിയുടെ പങ്ക് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ന്യൂസ് ചാനലുകളില്‍ പ്രചരിച്ച വീഡിയോയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നത് എബിവിപി പ്രവര്‍ത്തകരും അനുകൂലികളുമാണെന്ന് ഇവര്‍ പറയുന്നു.

2016 ഫെബ്രുവരിയിലാണ് ഇവര്‍ എബിവിപിയില്‍ നിന്ന് രാജിവച്ചത്. ‘ഞാനും ജതിനും ദളിതരാണ്. രോഹിത് വെമുലയുടെ മരണത്തില്‍ എബിവിപിക്ക് അനുകൂലമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങളെ നിരവധി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ സംഘടന നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ രോഹിത് വെമുലയെ അവര്‍ തീവ്രവാദിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചതുകൊണ്ട് ഞങ്ങള്‍ അതിനു വിസമ്മതിച്ചു. ഫെബ്രുവരി ഒന്‍പതിന് നടന്ന സംഭവം രോഹിത് വെമുലയുടെ മരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള മാര്‍ഗമായി അവര്‍ കാണുകയായിരുന്നു’ പത്രസമ്മേളനത്തില്‍ നര്‍വാള്‍ പറയുന്നു. കൂടാതെ കേസുമായി ബന്ധപ്പെട്ട കുറ്റപത്രം സമര്‍പ്പിച്ചതും രോഹിത് വെമുലയുടെ ചരമവാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേയാണ്. ഇതും അധ:സ്ഥിത വര്‍ഗക്കാരുടെ ശ്രദ്ധതിരിക്കാനാണ്. സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകരുടെ പങ്ക് വ്യക്തമാക്കുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഡല്‍ഹി പൊലീസ് തയ്യാറായില്ല. എന്നാല്‍ കനയ്യകുമാര്‍ ഉള്‍പ്പടെയുള്ളവരെ കുറ്റക്കാരാക്കുന്ന വിധത്തില്‍ ചില എബിവിപി വിദ്യാര്‍ഥികള്‍ നല്‍കിയ മൊബൈല്‍ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേസെടുത്തതെന്നും നര്‍വാള്‍ വ്യക്തമാക്കി.

2016 ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തിയെന്ന ആരോപണത്തില്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാക്കളായിരുന്ന കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരടക്കം 10 വിദ്യാര്‍ഥികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഏഴ് വിദ്യാര്‍ഥികള്‍ കശ്മീരില്‍ നിന്നുള്ളവരാണ്.
വിദ്യാര്‍ഥികള്‍ക്കെതിരായി കേസുമായി മുന്നോട്ടു പോകാന്‍ തെളിവുകളുണ്ടെന്നായിരുന്നു പൊലീസ് ഭാഷ്യം. 1200 പേജുകളടങ്ങിയതായിരുന്നു കുറ്റപത്രം. കേസില്‍ ആരോപണ വിധേയരായ ഡി രാജയുടെ മകള്‍ അപരാജിത ഉള്‍പ്പെടെ 36 പേര്‍ക്കെതിരെ പ്രത്യക്ഷ തെളിവുകളില്ലെന്നും എന്നാല്‍ അവരെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുമെന്നും പൊലീസ് പറഞ്ഞിരുന്നു.

മൂന്ന് വര്‍ഷം പഴക്കമുള്ള കേസില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കുറ്റപത്രം നല്‍കിയ പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമാണ്. എന്നാല്‍ രാജ്യത്തെ ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നായിരുന്നു കനയ്യ കുമാര്‍ പ്രതികരിച്ചത്. ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് മുന്‍ എബിവിപി നേതാക്കളുടെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്.