23 April 2024, Tuesday

കോൺഗ്രസ് പതനത്തിന്റെ പാതാളത്തിലേക്ക്

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
January 7, 2022 6:00 am

‘മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പുകേറ്റുന്നതും ഭവാൻ’ പണ്ടേക്കുപണ്ടേ കവി പൂന്താനം ഇങ്ങനെ എഴുതി. ഇന്നിപ്പോൾ വർത്തമാനകാലത്ത് മാളികമുകളിലേറിയെന്നു കരുതിയ അഭിനവ മന്നന്മാരുടെ തോളത്ത് മാറാപ്പു കേറ്റിവയ്ക്കുന്ന ആസൂത്രിത പരിശ്രമത്തിലാണ് ഒരുകാലത്ത് ഉറ്റ വത്സലന്മാരായിരുന്ന പുതുകാല ഭവാന്മാർ. മുഖ്യമന്ത്രിപദ കാംക്ഷിയായിരുന്ന രമേശ് ചെന്നിത്തലയുടെ തോളത്ത് മാറാപ്പ് കയറ്റിവയ്ക്കുന്ന തിരക്കിലാണ് പ്രതിപക്ഷ നേതൃസ്ഥാനം സ്വന്തമാക്കിയ വി ഡി സതീശനും കെപിസിസി അധ്യക്ഷ പദവി വിലപേശി പിടിച്ചെടുത്ത കെ സുധാകരനും. ബിജെപി വക്താവിനെപ്പോലെ നിരന്തരം പ്രസ്താവനകൾ നടത്തുകയും സ്വന്തം പ്രവൃത്തികളെയും നടപടികളെയും പിന്നാലെ തള്ളിപ്പറഞ്ഞ് മലർന്നു കിടന്ന് തുപ്പുകയും ചെയ്യുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഉത്തമ സർട്ടിഫിക്കറ്റുമായി രമേശ് ചെന്നിത്തല പത്രസമ്മേളനം നടത്തിയതിനു പിന്നാലെ ഗവർണറെ തള്ളിപ്പറഞ്ഞും അദ്ദേഹത്തിന്റെ നടപടികളെ അപഹസിച്ചും രാജി ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. യഥാർത്ഥത്തിൽ രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായിരുന്നു വി ഡി സതീശന്റേത്. തന്റെ സുപ്രധാന കണ്ടെത്തലെന്ന നിലയിൽ രാഷ്ട്രപതിക്ക് കേരള സർവകലാശാലയുടെ ഡീലിറ്റ് നൽകാൻ ഗവർണർ സർവകലാശാല വൈസ് ചാൻസിലറോട് നിർദേശിച്ചുവെന്നും അത് അവഗണിച്ചതിലൂടെ ചാൻസിലർ കൂടിയായ ഗവർണറെ സർവകലാശാല സിൻഡിക്കേറ്റും സർക്കാരും അവഹേളിച്ചുവെന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ കണ്ടെത്തൽ. പിന്നാലെ പത്രസമ്മേളനം നടത്തി സതീശൻ പറഞ്ഞത് അങ്ങനെയൊരു നിർദേശം നൽകാൻ ഗവർണർക്ക് അവകാശമില്ലെന്നും ഗവർണർ ഭരണഘടനാ പദവി ദുരുപയോഗം ചെയ്തുവെന്നും ബിജെപി ഓഫീസുകളിൽ നിന്നുള്ള പ്രസ്താവനകൾ വായിക്കുന്ന ഒരാളായി മാറിയെന്നും അദ്ദേഹം രാജിവയ്ക്കുകയാണ് വേണ്ടതെന്നുമാണ്. പത്രമാധ്യമങ്ങളിൽ ഇരു നേതാക്കളുടെയും വിരുദ്ധ പ്രസ്താവനകൾ വിവാദമായപ്പോൾ മാധ്യമങ്ങളോട് സതീശൻ തീർത്തു പറഞ്ഞത് കോൺഗ്രസിന്റെ അഭിപ്രായം താൻ പറയുന്നതും കെപിസിസി പ്രസിഡന്റ് സുധാകരൻ പറയുന്നതുമാണെന്നാണ്. പിറ്റേ ദിവസം കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്നു പറഞ്ഞ ചെന്നിത്തല സതീശന്റെ ഈ പ്രസ്താവനയ്ക്കു പിന്നാലെ തിരശീലയ്ക്കു പിന്നിൽ ഒളിച്ചു. വെളിപാടുകൾ പൊടുന്നനെ ഉണ്ടാകുന്ന പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. ഇക്കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിത്യേന പത്രസമ്മേളനം നടത്തി, വിഡ്ഢിത്ത പരമ്പരകൾ, അപവാദ വ്യവസായങ്ങൾ അവതരിപ്പിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. അന്നും അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങൾ ബിജെപി നേതാക്കളായ കെ സുരേന്ദ്രന്റെയും കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെയും പത്രസമ്മേളന നാടകങ്ങളുടെ അനുകരണങ്ങൾ കൂടിയായിരുന്നു. ആ പത്രസമ്മേളന പരമ്പരകളിലൂടെ സ്വയം അവഹേളിതനായ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പദം കേവലം കിനാവായി മാറുകയും പ്രതിപക്ഷ നേതാവ് കസേരകൂടി നഷ്ടമാവുകയും ചെയ്തു. മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയും പ്രവർത്തക സമിതി അംഗവുമായ ഉമ്മൻചാണ്ടിയും പുതിയ നേതൃത്വത്തിനു കീഴിൽ കേവലം നോക്കുകുത്തിയായി. കെപിസിസി — ഡിസിസി പുനഃസംഘടനയെ കുറിച്ച് വിദ്വേഷ സ്വരമുയർത്തിയ ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും വി ഡി സതീശനും കെ സുധാകരനും ചേർന്ന് ചെന്നിക്കടിക്കുന്നതുപോലെ നിർദ്ദയം അടിച്ചമർത്തി. മര്യാദയാണെങ്കിൽ മര്യാദ ഇല്ലെങ്കിൽ ഏത് ഉന്നതനാണെങ്കിലും പടിക്കുപുറത്ത് എന്ന സന്ദേശം പരസ്യമായി പ്രകടിപ്പിച്ച് അച്ചടക്കത്തിന്റെ പടവാളുയർത്തി സുധാകരനും സതീശനും. പിന്നാലെ മൗനത്തിന്റെ വല്മീകത്തിൽ ഒതുങ്ങേണ്ടിവന്നു ചാണ്ടിക്കും ചെന്നിത്തലയ്ക്കും. ഒടുവിൽ അച്ചടക്കത്തിനു പേരുകേട്ട കോൺഗ്രസ് പാർട്ടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അച്ചടക്ക സമിതിയും നിലവിൽ വന്നിരിക്കുന്നു.


ഇതുകൂടി വായിക്കാം; പാഠം പഠിക്കാത്ത പഠിതാക്കൾ…


കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം അച്ചടക്ക സീമകളെല്ലാം ലംഘിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വന്തം മകന്റെ സ്ഥാനാരോഹണ തിരസ്കാരത്തെ തുടർന്ന് ഇപ്പോൾ സുധാകര — സതീശ അടിമയായി മാറിയതോടെ അദ്ദേഹം അച്ചടക്കത്തിന്റെ ഉസ്താദായി. സ്ഥാനാരോഹണ ചടങ്ങിൽ സുധാകരനും സതീശനും തിരുവഞ്ചൂരിനെ അച്ചടക്കത്തിന്റെ അപ്പോസ്തലനായി പൂവിട്ടു വാഴിച്ചു. പ്രശംസാവർഷങ്ങൾ കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ തീർത്തും വീർപ്പുമുട്ടിപ്പോയി. യുഡിഎഫ് യോഗവും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്ഥാനാരോഹണവും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ബഹിഷ്കരിച്ചുവെന്നത് കോൺഗ്രസിലെ ‘ഐക്യ മഹാതത്വത്തെ’ ഒരിക്കൽക്കൂടി അനുസ്മരിപ്പിച്ചു. എഐസിസി അച്ചടക്ക സമിതിയുടെ ചെയർമാനാണ് ദീർഘകാലമായി എ കെ ആന്റണി. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കോൺഗ്രസിനെ ഭിന്നിപ്പിച്ച ആൾ. 1977 ലും 1995 ലും 2001 ലും കെ കരുണാകരനെ അട്ടിമറിച്ച അച്ചടക്ക വിദഗ്ധൻ. തിരുത്തൽവാദ കോൺഗ്രസുകാരെ കൈ­മെയ് മറന്ന് സഹായിച്ച് കെ കരുണാകര മന്ത്രിസഭയെ അട്ടിമറിച്ച കോൺഗ്രസ് അച്ചടക്ക ഭക്തൻ. എ കെ ആന്റണി അച്ചടക്ക സമിതി അധ്യക്ഷനായിരിക്കുമ്പോഴാണ് ഗുലാംനബി ആസാദിന്റെയും കപിൽ സിബലിന്റെയും ശശിതരൂരിന്റെയും നേതൃത്വത്തിൽ ജി 23 സംഘം കോൺഗ്രസിൽ കലാപക്കൊടി നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്നത്. രാഹുൽഗാന്ധിയെ അവർ തൃണവൽഗണിച്ച് തള്ളിക്കളയുമ്പോൾ ആന്റണിയും കൂട്ടാളികളും കോൺഗ്രസ് നേതൃനിരയിൽ പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടുന്ന രാഹുൽഗാന്ധിയെ വാഴ്ത്തുകയും സ്തുതിക്കുകയുമാണ്. ആന്റണി ദേശീയതലത്തിൽ പഠിപ്പിക്കുന്ന അച്ചടക്കം തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരളത്തിൽ പഠിപ്പിക്കുവാൻ തുടങ്ങുമ്പോൾ കാണാൻപോകുന്ന പൂരം വേറിട്ടതായിരിക്കും. കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിക്കുകയും എൻസിപിയിൽ ചേക്കേറുകയും ചെയ്ത കെ മുരളീധരനും അച്ചടക്കത്തേക്കുറിച്ച് വാചാലനായി തിരുവഞ്ചൂർ രാധാകൃഷ്ണനെ പ്രശംസകൾ കൊണ്ട് മൂടിയത് മറ്റൊരു രാഷ്ട്രീയ ഫലിതം. കോൺഗ്രസിനും ബിജെപിക്കും ഒരേ ഭാഷയും ഒരേ സ്വരവുമായിട്ട് കാലം കുറച്ചേറെയായി. ഇപ്പോൾ പ്രവൃത്തിയിലും അവർ വീണ്ടും ഒരുമിക്കുകയാണ്. സർവേ കല്ലുകൾ പിഴുതെറിയുന്ന ഉദ്യമത്തിൽ ഉറ്റ ചങ്ങാതിമാരായി അവർ നിലകൊള്ളുന്നത് കേരളം കാണുന്നു. ഹിന്ദുത്വ രാഷ്ട്രമല്ല, ഹിന്ദു ഭരിക്കുന്ന രാഷ്ട്രമാകണം ഇന്ത്യ എന്ന രാഹുൽഗാന്ധിയുടെ പ്രസ്താവനയും സംഘപരിവാര്‍-കോൺഗ്രസ് സാദൃശ്യം വെളിപ്പെടുത്തുന്നതാണ്. എല്ലാ ഗവർണർമാരും ആരിഫ് മുഹമ്മദ് ഖാനെപ്പോലെ സംഘപരിവാര വാഴ്ത്തുപാട്ടുകാരല്ല. പ്രധാനമന്ത്രി നരേന്ദ്രമോഡി അഹങ്കാരിയാണെന്നും അദ്ദേഹത്തിന് ബുദ്ധിഭ്രമമുണ്ടെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് പരസ്യമായി വെളിപ്പെടുത്തിയത് മേഘാലയ ഗവർണറായ സത്യപാൽ മാലിക്കാണ്. സംഘപരിവാര്‍ പ്രതിനിധിയാണെങ്കിലും ചില സത്യങ്ങൾ ഇത്തരക്കാർ വിളിച്ചുപറയുന്നുണ്ട്. ആരിഫ് മുഹമ്മദ് ഖാനുവേണ്ടി ബിജെപിക്കാർക്കൊപ്പം ചെന്നിത്തല നിലയുറപ്പിക്കുമ്പോൾ സതീശൻ ചെന്നിത്തലയെ എതിർക്കുന്നത് സംഘപരിവാര്‍ വിരോധം കൊണ്ടല്ല, മറിച്ച് താൻ പ്രതിപക്ഷ നേതാവായിട്ടും തന്റെ അവകാശങ്ങളിലേക്കും അധികാര പരിധിയിലേക്കും ചെന്നിത്തല കടന്നുകയറുന്നതിന്റെ അമർഷവും നീരസവും കൊണ്ടാണ്. സംഘടനാ തെരഞ്ഞെടുപ്പ് പൂർണമാകുമ്പോൾ കെ മുരളീധരൻ ഇപ്പോൾ പറഞ്ഞ പഴയതുപോലെ ആരോഗ്യമില്ലാത്ത കോൺഗ്രസ് തീർത്തും രോഗശയ്യയിലാവും. ‘മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം’ എന്ന് ഗ്രൂപ്പനുചരന്മാർ പാടിക്കേൾപ്പിക്കുന്നത് കേട്ട് അഭിരമിച്ച് പതനത്തിന്റെ പാതാളത്തിലേക്കുള്ള യാത്രയിലാണ് ഇന്നത്തെ കോൺഗ്രസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.