September 26, 2022 Monday

Related news

September 25, 2022
September 16, 2022
August 27, 2022
August 21, 2022
August 19, 2022
August 7, 2022
August 5, 2022
July 31, 2022
July 31, 2022
July 31, 2022

നട്ടുച്ചക്ക് നടന്ന പൊതുപരിപാടിയാണോ പാതിരയ്ക്കുള്ള എംഎൽഎയുടെ സന്ദർശനമാണോ രഹസ്യം

Janayugom Webdesk
തിരുവനന്തപുരം
September 16, 2020 5:51 pm

സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്ത്രി എ സി മൊയ്തീനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് മറുപടി നല്‍കി മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതുമായി ബന്ധപെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വടക്കാഞ്ചേരി എംഎല്‍എ  ഉന്നയിച്ചതിനാണ് മന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതുമായി ബന്ധപെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വടക്കാഞ്ചേരി എംഎല്‍എ എനിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഒരു പരിപാടിയില്‍ രഹസ്യമായി ഞാന്‍ പോയി പങ്കെടുത്തു എന്നാണ് വാദം.

സെപ്റ്റംബര്‍ 9 ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച തൃശ്ശൂർ വടക്കേ സ്റ്റാന്‍ഡിന്റെയും പൂത്തോൾ റെയിൽവേ മേൽപ്പാലത്തിന്റേയും പരിപാടികളിൽ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് 12.15 മണിയോടെയാണ് ഞാന്‍ തൃശ്ശൂർ മെഡിക്കൽ കോളേജിലെ പരിപാടിയിലേക്ക് എത്തിയത്. ഇത്തരത്തില്‍ നട്ടുച്ച നേരത്ത് പങ്കെടുത്ത പരിപാടിയാണ് ‘രഹസ്യം’ എന്ന ഗണത്തില്‍ പെടുത്തിയിരിക്കുന്നത്. പക്ഷേ, ആരോപണമുന്നയിച്ചയാള്‍ രാത്രി 9 മണിക്കു ശേഷം പ്രത്യേകിച്ച് പരിപാടികളൊന്നുമില്ലാതെ മെഡിക്കല്‍ കോളേജില്‍ എത്തുന്നതും ഗോപ്യമായി കാര്യങ്ങള്‍ നിര്‍വ്വഹിച്ചു മടങ്ങുന്നതും ‘രഹസ്യം’ അല്ല താനും.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ഐസലേഷന്‍ എമര്‍ജന്‍സി ഐ.സി.യുവിന്റെ ഉദ്ഘാടനവും കിടപ്പ് രോഗികൾക്ക് കിടക്കയ്ക്കരികിൽ പൈപ്പുകൾ വഴി ആവശ്യത്തിന് ഓക്സിജൻ ഉറപ്പാക്കുന്ന ‘പ്രാണ എയർ ഫോർ കെയർ ‘പദ്ധതിയിൽ അംഗങ്ങളായ സ്പോൺസേർമാർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവുമായിരുന്നു പരിപാടി. കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിനടുത്തുള്ള മുറിയിൽ ഇരുപതോളം ആളുകൾ പങ്കെടുത്തതായിരുന്നു പരിപാടി. ഇതു സംബന്ധിച്ച വാര്‍ത്ത പ്രമുഖ പത്രങ്ങളിലെല്ലാം വന്നിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ ഇഷ്ടം പോലെ ലഭ്യമാണ്. ‘രഹസ്യ’ പരിപാടിക്കാണല്ലോ ഈ ‘പരസ്യ’ ചിത്രങ്ങള്‍!

ഈ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഷാനവാസ് ഐ.എ.എസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ആന്‍ഡ്രൂസ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ബിജു കൃഷ്ണന്‍, പ്രാണ പദ്ധതിയുടെ സ്പോൺസർമാരായ മുത്തൂറ്റ് ഗ്രൂപ്പിന്റേയും റോട്ടറി ക്ലബ്ബിന്റേയും പ്രതിനിധികൾ, പദ്ധതിക്കായി സഹായം നൽകിയ കോവിഡ് മുക്തനായ രോഗി ഉൾപ്പെടെയുള്ളവർ ആദ്യാവസാനക്കാരായി എനിക്കൊപ്പമുണ്ടായിരുന്നു. ഇതൊന്നും മതിയാവില്ലെങ്കില്‍ കെട്ടുകഥകള്‍ പുലമ്പുന്നയാളുടെ പാര്‍ട്ടിയുടെ പോഷക സംഘടനയായ എന്‍.ജി.ഒ. അസോസിയേഷന്‍ നേതാവ് നാരായണനും സന്നിഹിതനായിരുന്നു. ഇവരുടെയൊക്കെ സാന്നിദ്ധ്യത്തില്‍ എന്തു ‘രഹസ്യം’ ആണ് സാദ്ധ്യമാവുക എന്ന് ജനങ്ങള്‍ക്കു നന്നായി മനസ്സിലാവും. വായില്‍ തോന്നിയതൊക്കെ വിളിച്ചു കൂവും മുമ്പ് അവിടെയുണ്ടായിരുന്ന അസോസിയേഷന്റെ നേതാവിനോടെങ്കിലും സത്യാവസ്ഥ തിരക്കേണ്ടതല്ലേ?

തൃശ്ശൂര്‍ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ക്ഷണിച്ചതനുസരിച്ചാണ് ഞാൻ പരിപാടിയിൽ പങ്കെടുത്തത്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത, പത്രമാധ്യമങ്ങൾ വാർത്ത നൽകിയ ഒരു പൊതുപരിപാടിയാണോ രാത്രി 9 മണിക്ക് ശേഷം പരിപാടികളില്ലാതെ മെഡിക്കൽ കോളേജ് സന്ദർശിക്കുന്നതാണോ ‘രഹസ്യം’? മെഡിക്കൽ കോളേജിലേക്ക് വരുന്നവരെയും പോകുന്നവരെയും നോക്കാനും അനാവശ്യമായ സന്ദർശകർ ഉണ്ടെകിൽ ഒഴിവാക്കാനും ഒരു എംഎൽഎ രാത്രി പോയി നിർദ്ദേശം നൽകേണ്ടതുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം നടത്തുന്ന ആശുപത്രിയേയും ജില്ലാ ഭരണകൂടത്തേയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതും താറടിച്ച് കാണിക്കുന്നതും അതിനൊക്കെ നേതൃത്വം നല്‍കാന്‍ ഉത്തരവാദിത്വമുള്ള ഒരു എംഎല്‍എയ്ക്ക് യോജിച്ച പ്രവൃത്തിയാണോ? എന്‍ഐഎ അന്വേഷണം നേരിടുന്ന പ്രതികളെ കാണാൻ ഒരു ജനപ്രതിനിധി അസമയത്ത് ആശുപത്രിയിൽ പോയതിലൂടെ എന്താണ് പൊതുസമൂഹം മനസ്സിലാക്കേണ്ടത്? കോവിഡ് രോഗികൾക്ക് ഉൾപ്പെടെ പ്രാണവായു നൽകാൻ ആവിഷ്കരിച്ച പ്രാണ പദ്ധതിയെ വക്രീകരിക്കാൻ എംഎല്‍എ. തുനിഞ്ഞത് ശരിയോ? സ്വന്തം മണ്ഡലത്തിലെ പരിപാടിയിലേക്ക് ജനപ്രതിനിധിയെ ക്ഷണിക്കേണ്ടത് മന്ത്രിയുടെ ചുമതലയാണോ?

ഒരു അട്ടിമറി ശ്രമത്തിന്റെ ഭാഗമായാണോ അസമയത്ത് ജനപ്രതിനിധി ആശുപത്രിയിലെത്തിയത്? സ്വർണ്ണക്കടത്ത് അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങുന്നതറിഞ്ഞതിനെ തുടർന്ന് ഉറക്കം നഷ്ടപ്പെടുകയും നെഞ്ചിടിപ്പു കൂടുകയും ചെയ്തതിന്റെ ഫലമായി എന്തും ചെയ്യുന്ന അവസ്ഥയിലാണല്ലോ യുഡിഎഫുകാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പ്രമാദമായ കേസ് അട്ടിമറിക്കാന്‍ ഇപ്പോള്‍ എംപിയായിരിക്കുന്ന ആള്‍ ഉള്‍പ്പെടെ അന്നു നടത്തിയ ഫോണ്‍ കോളുകള്‍ ചാനലുകളിലൂടെ നമ്മളെല്ലാം കേട്ടതാണല്ലോ. തുടർച്ചയായി കളവ് പ്രചരിപ്പിക്കുന്ന ഈ ജനപ്രതിനിധി ജനങ്ങളുടെ എന്ത് താൽപര്യമാണ് സംരക്ഷിക്കുന്നത്. നാടിനപമാനമായ ഇത്തരം ചെയ്തികളെ അപലപിക്കുകയല്ലാതെ എന്തു ചെയ്യാൻ?

ENGLISH SUMMARY:ac moideen agan­ist oppo­si­tion par­ties arguments
Yopu may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.