Web Desk

December 11, 2019, 10:03 pm

കലോത്സവങ്ങള്‍ക്കിടയിലെ അക്കാദമിക് ചാരുത

Janayugom Online

പി കെ സബിത്ത്

സാംസ്കാരിക കേരളത്തിന്റെ ഹൃദ്യമായ സ്പന്ദനങ്ങളാണ് സംസ്ഥാന സ്കൂള്‍ കലോത്സവം. ഓരോ കലോത്സവങ്ങളും പാരസ്പര്യത്തിന്റെയും ഐക്യത്തിന്റെയും വേദികളാണ്. ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും കാണാന്‍ കഴിയാത്ത സവിശേഷമായ സാംസ്കാരിക വിനിമയ അന്തരീക്ഷം സംസ്ഥാന സ്കൂള്‍ കലോത്സവത്തെ എന്നും വേറിട്ടുനിര്‍ത്തുന്നു. വേദികളില്‍ നിന്നും വേദികളിലേക്ക് പായുന്ന മത്സരാര്‍ഥികള്‍. കലാസ്വാദകരായ ആയിരങ്ങള്‍, കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്ന സംഘാടകര്‍, ഒട്ടും ചൂടാറാതെ ലോകത്തിന്റെ നാനാകോണുകളിലേക്കും കലോത്സവത്തിന്റെ വിശേഷങ്ങള്‍ എത്തിക്കാന്‍ വെമ്പുന്ന മാധ്യമപ്രവര്‍ത്തകര്‍, ഇതുപോലെ ആബാലവൃദ്ധം ജനങ്ങളുടെ കൂട്ടായ്മ നമുക്ക് എവിടെയും കാണാന്‍ കഴിയില്ല. കലോത്സവനഗരികള്‍ എല്ലാകാലത്തും കൈയടക്കിവച്ചത് വൈവിധ്യങ്ങളായ കലാപ്രകടനങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി സംസ്ഥാന കലോത്സവത്തിന് അനുബന്ധമായി വളരെ വ്യക്തമായ അക്കാദമിക് സ്വഭാവത്തോടുകൂടിയുള്ള മറ്റൊരു വിശാലമായ വേദികൂടി അരങ്ങുതകര്‍ക്കുന്നുണ്ട്.

വലിയ മാധ്യമശ്രദ്ധയൊന്നും ലഭിക്കാതെ തന്നെ വ്യക്തമായ ആസൂത്രണം കൊണ്ടുമാത്രം കുട്ടികളും അധ്യാപകരും രക്ഷകര്‍ത്താക്കളുമെല്ലാം നിറഞ്ഞു കവിയുന്ന ഇടം. ആസൂത്രണങ്ങളിലെ മികവ് വലിയ മാധ്യമശ്രദ്ധയോ പ്രചരണങ്ങളോ ഇല്ലാതിരുന്നിട്ടും എങ്ങനെയാണ് ഇവിടെ കുട്ടികളെക്കൊണ്ട് നിറഞ്ഞുകവിയുന്നത് എന്നായിരുന്നു എല്ലാവരുടെയും സംശയം. നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രം മതിയാകും എന്നു തെളിയിക്കുകയാണ് ഹയര്‍ സെക്കന്‍ഡറി-കരിയര്‍ ഗൈഡന്‍സ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദിശ എന്ന ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനം. കാല്‍നൂറ്റാണ്ടിനു ശേഷമാണ് കാസര്‍കോട് ജില്ല കലോത്സവത്തിന് ആതിഥ്യമരുളുന്നത്. ഇതേസമയം എല്ലാവരിലും കൗതുകമുണര്‍ത്തിയും വിജ്ഞാന സീമയെ വിശാലമാക്കുന്ന വിധത്തിലും ഒരു വിദ്യാഭ്യാസ പ്രദര്‍ശനം ഇവിടെ സംഘടിപ്പിച്ചു. കേന്ദ്ര കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തുക ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യത്തെ സംരംഭമായിരിക്കും.

കലാനൈപുണിക്കുമാത്രം സ്ഥാനമുണ്ടായിരുന്നിടത്ത് അക്കാദമിക് ചാരുത കൂടി കടന്നുവന്നു എന്നത് ശ്രദ്ധേയമായ ഒന്നാണ്. ഉപരിപഠനക്കാഴ്ചപ്പാടുകള്‍ മാറണം പാര്‍ശ്വവല്‍ക്കരണത്തിന്റേതായ നിരവധി തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്ന കാസര്‍കോട് ജില്ലപോലുള്ള സ്ഥലങ്ങളില്‍ ഇങ്ങനെയൊരു വിദ്യാഭ്യാസ പ്രദര്‍ശനം സംഘടിപ്പിച്ചത് എന്തുകൊണ്ടും ഉചിതമാണ്. അത് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്നു എന്നതും ഏറെ ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. വിദ്യാഭ്യാസരംഗത്ത് ഒരു നവ്യാനുഭവം സൃഷ്ടിക്കുക എന്നതിനുമപ്പുറം കഴിവും അഭിരുചിയും ഉള്ളവരുടെ വാതിലുകള്‍ ഒരിക്കലും അടഞ്ഞുപോകരുത് എന്ന ലക്ഷ്യംതന്നെയായിരിക്കണം സര്‍ക്കാരിനെ കൊണ്ട് ഇത്ര വിപുലമായ പരിപാടി സംഘടിപ്പിക്കാന്‍ പ്രേരിപ്പിച്ച ഘടകം. വാസ്തവത്തില്‍ നമ്മുടെ ഉപരിപഠന സങ്കല്‍പം പരമ്പരാഗത ശൈലിയില്‍ നിന്നും ഒരുപാട് മാറേണ്ടതുണ്ട്. ലോകോത്തരമായ കാഴ്ചപ്പാടിലേക്ക് അതിനെ സന്നിവേശിപ്പിക്കണം.

ഉപരിപഠന സങ്കല്‍പങ്ങളിലും കാഴ്ചപ്പാടിലും ഒരു പുതിയ സംസ്കാരം ഉയര്‍ന്നുവരണം. നിരന്തരമായി ദിശപോലുള്ള ഉദ്യമങ്ങള്‍ സര്‍ക്കാര്‍ തന്നെ നേതൃത്വം കൊടുത്തുകൊണ്ട് സംഘടിപ്പിക്കുമ്പോള്‍ വലിയ മാറ്റങ്ങള്‍ ഈ മേഖലയില്‍ കൊണ്ടുവരാന്‍ കഴിയും. വിദ്യാര്‍ഥികേന്ദ്രീകൃതമായ ദിശ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് അതിസൂക്ഷ്മതലത്തി­ല്‍ എത്താനും അവരുടെ സംശയങ്ങള്‍ക്ക് കൃത്യവും ശാശ്വതവുമായ നിവാരണങ്ങള്‍ നടത്താനും കഴിഞ്ഞതാണ് ദിശയുടെ വിജയത്തിനടിസ്ഥാനം. കാ‍ഞ്ഞങ്ങാട് ബെല്ല ഈസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലാണ്. സ്കൂള്‍ മൈതാനത്ത് ശീതീകരിച്ച പവലിയനുകളില്‍ ഐഐടി, ഐഐഎം, കേന്ദ്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള കേരളത്തിനകത്തും പുറത്തുമുള്ള അറുപത് സ്ഥാപനങ്ങളാണ് ഉള്ളത്. തൊട്ടടുത്തുതന്നെ ശീതീകരിച്ച മറ്റൊരു സെമിനാര്‍ ഹാളും ഒരുക്കിയിരിക്കന്നു.

സ്ഥാപനങ്ങളുടെ ക്യാമ്പുകള്‍, കോഴ്സുകള്‍, പഠനരീതി, പ്രവേശന നടപടിക്രമങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം സമഗ്രമായ അവബോധമാണ് കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കം ലഭിക്കുന്നത്. കുട്ടികളുടെ സമഗ്രമായ വികസനം ലക്ഷ്യമായുള്ള ദിശയില്‍ എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നത് മറ്റൊരു സവിശേഷതയാണ്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ സാധ്യതകളെ തിരിച്ചറിയാനുള്ള സംവിധാനം ദിശയില്‍ ഒരുക്കിയിരുന്നു. മുഖ്യധാരയ്ക്ക് അപ്പുറമുള്ള വിദ്യാര്‍ഥിസമൂഹത്തിന്റെ പ്രശ്നങ്ങളെയും അവരുടെ കരിയര്‍ സങ്കല്‍പങ്ങളെയും സാക്ഷാത്കരിക്കുവാന്‍ കഴിഞ്ഞു എന്നത് ഈ രംഗത്തെ വലിയൊരു മുന്നേറ്റമാണ്. ഉപരിപഠനം സംബന്ധിച്ച സംശയനിവാരണത്തിനായി വരുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചി തിരിച്ചറിയുന്നതിനുവേണ്ടി കെ-ഡിഎടി (കേരള ഡിഫറന്‍ഷ്യല്‍ ആപ്റ്റിട്യൂഡ് ടെസ്റ്റ്) എന്ന അഭിരുചി പരീക്ഷയുടെ സാധ്യതകളെ അടുത്തറിയാനുള്ള അവസരവുമുണ്ടായിരുന്നു.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ദീര്‍ഘകാല ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത അഭിരുചി പരീക്ഷയാണ് കെ-ഡാറ്റ്. സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് പത്താംതരം പൂര്‍ത്തിയാക്കിയ ഏതൊരു വിദ്യാര്‍ഥികള്‍ക്കും സ്വന്തം അഭിരുചി തിരിച്ചറിയാനും തുടര്‍പഠനത്തിനും സഹായിക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത അഭിരുചി നിര്‍ണയ പരീക്ഷയാണിത്. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കുവേണ്ടി ചക്രവാളങ്ങള്‍ക്കുമപ്പുറം എന്ന പേരില്‍ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട നടന്ന ദ്വിദിന ക്യാമ്പ് ഉൾപ്പെടെ നമ്മുടെ വിദ്യാഭ്യാസരംഗത്ത് ചലനാത്മകവും ചടുലവുമായ മാറ്റങ്ങളു­ടെ സൂചനയാണ് നൽകുന്നത്. ദിശപോലുള്ള വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പരിപാടികള്‍ അതിന്റെ ഉത്തമദൃഷ്ടാന്തമാണ്. ഇനിയുള്ള കാലം കലോത്സവത്തിന്റെ അനുബന്ധ പരിപാടി എന്നതില്‍നിന്നും ഭിന്നമായി ദിശ സ്വതന്ത്രമായി നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.