അരുണിന്റെ നന്‍മ മനസ്സിന് പുത്തന്‍ സൈക്കിള്‍ ഓണസമ്മാനം

Web Desk
Posted on September 11, 2019, 10:44 pm

ചാവക്കാട് : സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച തുക പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അരുണിന് സ്വപ്നസാഫല്യമേകി എസിസിക്ലബ്.

ഒരുമനയൂര്‍ വട്ടേക്കാട് പി കെ മൊയ്തുണ്ണി ഹാജി മെമ്മോറിയല്‍ യുപി എസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അരുണ്‍. സൈക്കിള്‍ വാങ്ങുക എന്ന ലക്ഷ്യം വെച്ച് വീട്ടുകാരും ബന്ധുക്കളുമൊക്കെ നല്‍കുന്ന ചെറിയ തുകകള്‍ കുടുക്കയില്‍ സൂക്ഷിച്ചുവരികയായിരുന്നു അരുണ്‍. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് സഹജീവികളനുഭവിക്കുന്ന ദുരിതം ഈ പതിനൊന്നുകാരന്റെ മനസിനെ പിടിച്ചുലച്ചു. കൂടുതലൊന്നും ആലോചിക്കാതെ കുടുക്ക പൊട്ടിച്ച് പണമെടുത്ത് സ്‌കൂളിലെ ദുരിതാശ്വാസ നിധി സമാഹരണ യജ്ഞത്തിലേക്ക് നല്‍കുകയായിരുന്നു. തന്റെ സ്വപ്നത്തെ പോലും അവഗണിച്ച് സമൂഹനന്മ ചെയ്ത അരുണിനെ അഭിനന്ദിക്കാനും പ്രോത്സാഹനം നല്‍കാനും നാട്ടിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയായ ടീം എസിസി ക്ലബ് രംഗത്ത് വന്നു.

അങ്ങനെ തിരുവോണ നാളില്‍ അരുണിന്റെ വീട്ടുമുറ്റത്ത് ഒരു പുതുപുത്തന്‍ സൈക്കിളെത്തി. സൈക്കിള്‍ സമ്മാനിച്ച ക്ലബ് പ്രവര്‍ത്തകര്‍ മധുരവും പങ്കിട്ടാണ് മടങ്ങിയത്. ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് മേഖലാ ജോയിന്റ് സെക്രട്ടറിയും ഒരുമനയൂര്‍ മൃഗാശുപത്രിയിലെ ജീവനക്കാരനുമായ രാജനാണ് അരുണിന്റെ അച്ഛന്‍. അമ്മുവാണ് മാതാവ്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ അക്ഷയ് സഹോദനാണ്.