Web Desk

മൂന്നാർ

February 02, 2020, 9:17 pm

ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

Janayugom Online

ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് ബോഡി സ്വദേശി മുരുകന്റെ മകൻ പ്രവീണാണ് (25) മരിച്ചത്. ബൈക്കിൽ ഒപ്പം യാത്ര ചെയ്ത ചെണ്ടുവര എസ്റ്റേറ്റിൽ ലോവർ ഡിവിഷനിൽ ആറുമുറി ലയത്തിൽ മോഹൻരാജിന്റെ മകൻ വിജയകുമാറിന് (23) പരിക്കേറ്റു.

ഇന്ന് രാവിലെ ഒമ്പതിന് കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ പള്ളിവാസലിനും ഹെഡ്വർക്സിനുമിടയിലായിരുന്നു അപകടം. ബൈക്കിൽ മൂന്നാറിലേക്ക് വരികയായിരുന്നു പ്രവീണും വിജയകുമാറും. ഇതിനിടെ മുന്നിൽ പോയ ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറിൽ ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് ബസിനടിയിലേക്ക് വീണ പ്രവീണിന്റെ ശരീരത്തിലൂടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. യുവാവിനെ മുന്നാറിലെ ടാറ്റാ ടീ ആശുപത്രിയിലെത്തിച്ച ശേഷം തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. അടിമാലിയിലെ വർക്ക്ഷോപ്പ് തൊഴിലാളിയായിരുന്നു പ്രവീൺ.

acci­dent death