ഇടുക്കിയിൽ വാഹനാപകടം; രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു

Web Desk
Posted on November 24, 2019, 7:31 pm

രാജാക്കാട്: ഇടുക്കി ബൈസൺവാലി മുട്ടുകാടിന് സമീപം തൊഴിലാളികളുമായി വന്ന വാഹനം അപകടത്തിൽപെട്ട് രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു. അഞ്ച് പേരുടെ നില അതീവ ഗൂരുതരമായി തുടരുന്നു. അപകടത്തിൽ പരിക്കേറ്റവരുമായി തേനിയിലേയ്ക്ക് പോയ ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനും മരിച്ചു.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ചിന്നക്കനാൽ സൂര്യനെല്ലിയിൽ നിന്നും മുട്ടുകാടുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലേയ്ക്ക് തൊഴിലാളികളുമായി വന്ന കമാന്റർ ജീപ്പ് മുട്ടുകാട് വെള്ളരിപ്പിള്ളിൽ എസ്റ്റേറ്റിന് സമീപം അപകടത്തിൽ പെട്ടത്. ഇറക്കവും കൊടും വളവുമായി പ്രദേശത്ത് വച്ച് നിയന്ത്രണം വിട്ടവാഹനം വളവ് തിരിയാതെ നൂറടിയോളം താഴ്ച്ചയിലേയ്ക്ക് പതിക്കുകയായിന്നു. അമ്പതടിയോളം ഉയരത്തിൽ വച്ച് ജീപ്പ് ഡ്രൈവർ ഉദയകുമാർ വാഹനത്തിൽ നിന്നും തെറിച്ചുപോയി. ഇയാൾ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശബ്ദ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിനടിയിൽപെട്ട കാർത്തിക(30) സംഭവ സംഥലത്ത് തന്നെ മരിച്ചിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് അമല(50) മരണപ്പെട്ടത്. പരിക്കേറ്റ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. മുരുകേശ്വരി(26), ഇസക്കിയമ്മ(50), ശുഭലക്ഷ്മി(59), ദീപലക്ഷ്മി(24), വനജ(60), റോജ(57), രാജേശ്വരി(45), സുഭദ്ര(31), പൊന്മണി(40), പഞ്ചകം(58) വനസുന്ദരി(27), കലപെരുമാൾ(39), ജീപ്പ് ഡ്രൈവർ ഉദയകുമാർ(37) എന്നിവരാണ് തേനിമെഡിക്കൽ കോളജ് ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്. പരിക്കേറ്റവരുമായി തേനി മെഡിക്കൽ കോളജിലേയ്ക്ക് പോയ ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനും മരണപ്പെട്ടു. തേനി അല്ലിനഗരം സ്വദേശി തങ്കരാജാണ് മരിച്ചത്.