Tuesday
10 Dec 2019

ടാങ്കറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

By: Web Desk | Thursday 18 July 2019 9:42 AM IST


കൊയിലാണ്ടി: ദേശിയ പാതയില്‍ കൊയിലാണ്ടി നഗരത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ എല്‍പിജി ടാങ്കറും കണ്ടെയ്‌നനര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. രണ്ടു കടകളും തകര്‍ന്നു. കണ്ടെയ്‌നര്‍ ലോറിയിലുണ്ടായിരുന്ന മലപ്പുറം തിരുന്നാവായ തൊടിയില്‍ ജാഫര്‍ (47),എല്‍പിജി ടാങ്കര്‍ ഡ്രൈവര്‍ തമിഴ്‌നാട് തരംമ്പൂര്‍ സ്വദേശി രാജേന്ദ്രന്‍ (48) എന്നിവരാണ് മരിച്ചത്. കണ്ടെയ്‌നര്‍ ലോറിയിലുണ്ടായിരുന്ന ബാപ്പു, അബൂബക്കര്‍, ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന ചിന്ന ദുരൈ, കടവരാന്തയില്‍ കിടക്കുകയായിരുന്ന കോട്ടയം സ്വദേശി രാജന്‍ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ബാപ്പുവിന്റെ നില ഗുരുതരമാണ്.
കോഴിക്കോടുനിന്ന് മംഗലാപുരത്തേക്ക് മത്സ്യവുമായി പോകുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി. മംഗലാപുരത്തു നിന്ന് ചേളാരിയിലേക്കു പാചകവാതകവുമായി പോകുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി. കെഎസ്ആര്‍ടിസി ബസിനെ മറികടന്നപ്പോഴാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി പാഞ്ഞുകയറി രണ്ട് കടകള്‍ തകര്‍ന്നു. പി കെ റിയാസിന്റെ സൂപ്പര്‍മാര്‍ക്കറ്റ്, കളയങ്കോട് സ്വദേശി സുരേഷിന്റെ ഡ്രീംസ് റെഡിമെയ്ഡ് ഷോപ്പ് എന്നിവയാണ് തകര്‍ന്നത്. കണ്ടെയ്‌നര്‍ ലോറിയിലുണ്ടായിരുന്നവരെ അഗ്‌നി സുരക്ഷാ സേന ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തഹസില്‍ദാര്‍ ബി പി അനി, മറ്റ് റവന്യു ഉദ്യോഗസ്ഥര്‍, സി ഐ ഉണ്ണികൃഷ്ണന്‍, ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫിസര്‍ സി പി ആനന്ദന്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. ചേളാരിയില്‍ നിന്ന് ഇന്‍സ്‌പെക്ഷന്‍ സീനിയര്‍ ഫോര്‍മാന്‍മാരായ മധുസൂദനന്‍,വിനോദ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി ഇന്ധന ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കിയ ശേഷം രാവിലെ 11 മണിയോടെ ടാങ്കര്‍ ലോറി റോഡില്‍ നിന്നു മാറ്റി.

Related News