കൊച്ചി: റോഡിലെ കുഴി ഒരു യുവാവിന്റെ ജീവൻകൂടി കവർന്നു. പാലാരിവട്ടം മെട്രോ സ്റ്റേഷന് തൊട്ടരികിൽ മൂന്നാഴ്ചയായി മൂടാതെ കിടക്കുന്ന കുഴിയുടെ മുന്നിൽ വച്ച വലിയ ബോർഡിൽ ഹാൻഡിൽ ബാർ തട്ടി വീണ ബൈക്ക് യാത്രികനാണ് പിന്നാലെ വന്ന ടാങ്കർ ലോറി കയറി മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടിനാണ് അപകടം.
കടവന്ത്ര സോഫ്റ്റൻ ടെക്നോളജീസ് ജീവനക്കാരനും ചെറിയപ്പിള്ളി മഡോണ ടെയ്ലേഴ്സ് ഉടമയുമായ കൂനമ്മാവ്കാച്ചാനിക്കോടത്ത് ലാലന്റെ മൂത്തമകൻ കെ.എൽ.യദുലാൽ (23) ആണ് മരിച്ചത്. പരിക്കേറ്റ യദുവിനെ പിന്നാലെ വന്ന കാറിൽ പാലാരിവട്ടം റിനായ് മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെട്രോ സ്റ്റേഷന് മുന്നിലെ പൊട്ടിപ്പൊളിഞ്ഞുകിടന്ന ഭാഗം കഴിഞ്ഞയാഴ്ച ടാർ ചെയ്തപ്പോഴും ഈ കുഴി മൂടിയില്ല. കെ.എം.ആർ.എൽ ഫുട്പാത്ത് നിർമ്മിക്കാനുപയോഗിക്കുന്ന വലിയ മൂന്ന് കോൺക്രീറ്റ് കട്ടകൾ അപകടകരമായ രീതിയിൽ കുഴിയിൽ ഇട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ആരോ മെട്രോ ജോലിക്കിടെ ഉപയോഗിക്കുന്ന വലിയ ബോർഡ് കുഴിക്ക് മുന്നിൽ വച്ചത്. ഇതുമൂലം ഇടുങ്ങിയ ഈ ഭാഗത്ത് ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്. എന്നിട്ടും കുഴി മൂടുന്ന കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് അലംഭാവം കാട്ടി.
യദുലാലിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പാലാരിവട്ടം പൊലീസ് കേസെടുത്തു. നിഷ ലാലനാണ് യദുവിന്റെ മാതാവ്. നന്ദുലാൽ ഏക സഹോദരൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.