സംസ്ഥാനത്ത് വാഹനാപകടങ്ങളും മരണങ്ങളും പെരുകുന്നു

Web Desk
Posted on May 13, 2019, 10:30 pm

എവിന്‍ പോള്‍

തൊടുപുഴ: സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്.  2001 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2001ല്‍ 38,361 വാഹനാപകടങ്ങളിലായി 2,674 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 49,675 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഥാനത്ത് 2018ല്‍ 40,181 വാഹനാപകടങ്ങളിലായി 43,03 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും 45,458 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2017ല്‍ 38,470 വാഹനാപകടങ്ങളിലായി 4,131 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2016 ല്‍ 39,420 അപകടങ്ങളിലായി മരണപ്പെട്ടത് 4287 പേരാണ്.

ഇരുചക്ര വാഹനാപകടങ്ങളാണ് പതിവുപോലെ കൂടുതലായും റിപ്പോര്‍ട്ട് ചെയ്ത് വരുന്നത്. 2018 ല്‍ മാത്രം ഇരുചക്ര വാഹനാപകടങ്ങള്‍ 16,480 ആണ്. ഇവയില്‍ 13,493ഉം ബൈക്ക് അപകടങ്ങളാണ്. 2327 പേരാണ് ഇരുചക്ര വാഹനാപകടങ്ങളില്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടത്.
10,494 കാറപകടങ്ങളിലായി 262 പേരും സംസ്ഥാനത്ത് കൊല്ലപ്പെട്ടു. 1236ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഓട്ടോറിക്ഷകള്‍ അപകടത്തില്‍പ്പെട്ട 2901 കേസുകളിലായി 139 പേരാണ് മരണമടഞ്ഞത്. ദീര്‍ഘദുര ഓട്ടോ ടാക്‌സി വാഹാനാപകടങ്ങളും ഒട്ടും കുറവല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 992 വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയും 55 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ചെറിയ വാഹനങ്ങള്‍ക്ക് പുറമേ ഹെവി വാഹനങ്ങളും അപകടം സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലാണ്. സംസ്ഥാനത്ത്് കഴിഞ്ഞവര്‍ഷം മാത്രം സ്വകാര്യ ബസുകള്‍ മൂലം 2259 അപകടങ്ങളിലായി 31 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും 502 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ബസുകളെ അപേക്ഷിച്ച്്് താരതമ്യേന കെഎസ്ആര്‍ടിസി ബസ് അപകടങ്ങള്‍ കുറവാണെങ്കിലും വാഹനങ്ങളുടെ അമിത വേഗവും ഡ്രൈവര്‍മാരുടെ അശ്രദ്ധയും കാരണം അപകടങ്ങള്‍ വര്‍ധിക്കുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്്. കഴിഞ്ഞവര്‍ഷം 856 അപകടങ്ങളിലായി 9 പേര്‍ കൊല്ലപ്പെടുകയും 212 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 1,599 ലോറി അപകടങ്ങളിലായി 23 പേരാണ് കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടത്. മിനി ബസുകള്‍ മൂലം 202 അപകടങ്ങളും മിനി ലോറി മൂലം 563 വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വാഹന അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും നേതൃത്വത്തില്‍ സുരക്ഷിത യാത്രക്കായി ബോധവല്‍ക്കരണ പരിപാടികളും ലഘുലേഖ വിതരണവും തുടര്‍ച്ചയായ വാഹന പരിശോധനകളും നടക്കുന്നുണ്ടെങ്കിലും ഒരു ഭാഗത്ത് കൂടി ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ധിച്ച് വരികയാണ്.

peo­ple you may also like this: