കഞ്ഞിക്കുഴിയില്‍ വാഹനാപകടം: രണ്ടുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

Web Desk
Posted on September 29, 2019, 9:21 am

മാരാരിക്കുളം: ആലപ്പുഴയില്‍ ദേശീയപാതയ്ക്കുസമീപം കഞ്ഞിക്കുഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുലോറിയും ഒരു മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. മിനിലോറി െ്രെഡവര്‍ ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ മുരിക്കുംപുഴയില്‍ ഷിജു വര്‍ഗീസും (26) മറ്റൊരാളുമാണ് മരിച്ചത്.

പരിക്കേറ്റ ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ പുതുക്കരശേരി അഖിലിനെ (22) ചേര്‍ത്തല കെവിഎം ആശുപത്രിയിലും പുന്നപ്ര പുതുവല്‍ (സുനാമി കോളനി) ഖാലിദിന്റെ മകന്‍ നാസറിനെ (56) വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി ഒമ്പതിനാണ് അപകടം. വെള്ളം കയറ്റി ആലപ്പുഴ ഭാഗത്തുനിന്നും ചേര്‍ത്തലയ്ക്ക് പോകുകയായിരുന്ന മിനിലോറിയും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ കയറ്റിയ ലോറിയും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുലോറിയും ഇതിനിടയിലേക്ക് ഇടിച്ചു കയറി. മിനി ലോറിയും മീന്‍ ലോറിയും അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഈ വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.