നിലമ്പൂരില്‍ ലോറി പാഞ്ഞ് കയറി രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

Web Desk

മലപ്പുറം

Posted on January 09, 2018, 10:08 am

മലപ്പുറം ജില്ലയില്‍ നിലമ്പൂരിലെ വഴിക്കടവിനടുത്ത് മണിമൂളില്‍ ലോറി പാഞ്ഞ് കയറി രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. മുന്നാം  ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷാമിൽ, ഒന്നാം ക്ലാസ് വിദ്യാർത്ഥി ഫിദ എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്‌. പത്ത് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മണിമൂളിലെ സികെഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. 7 പേരുടെ നില ഗുരുതരമാണ്.

സ്കൂളിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ബസ്സ്റ്റോപ്പിലുണ്ടായിരുന്ന ചില നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ 9.30യ്ക്കാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ എടക്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ നിലമ്പൂര്‍ ആശുപത്രിയിലേക്ക് മാറ്റും.

മിനി ഓട്ടോയിലും സ്വകാര്യ ബസിലും ഇടിച്ച്‌ നിയന്ത്രണം വിട്ട ലോറി ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഓട്ടോയുടെ ഡ്രൈവര്‍ക്കും ഗുരുതര പരിക്കുണ്ട്. കര്‍ണാടകയില്‍ നിന്നും കൊപ്രയുമായെത്തിയ ലോറിയാണ് അപകടത്തില്‍പെട്ടത്. ലോറി അമിത വേഗതയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു .