തഹസില്‍ദാര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

Web Desk
Posted on September 29, 2018, 2:55 pm

തൃച്ചി: തമിഴ്‌നാട്ടിലെ വിരലിമലൈ തഹസില്‍ദാര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ആര്‍ പാര്‍ഥിഭനാ(50)ണ് മരിച്ചത്. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന നാല് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ കുളവൈപട്ടിയിലാണ് അപകടം.

കൊരൈയ്ര്‍ നദിയില്‍ നിന്ന് നിയമവിരുദ്ധമായി മണല്‍ വാരല്‍ നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് പോയതായിരുന്നു തഹസില്‍ദാരും സംഘവും. പരിശോധന കഴിഞ്ഞ് തിരികെ വരുമ്പോള്‍ നിയന്ത്രണം വിട്ട വാഹനം മരത്തിലിടിക്കുകയായിരുന്നു. വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്നാണ്  പ്രാഥമിക നിഗമനം.

അപകടത്തില്‍ പരിക്കേറ്റ  അഞ്ചു പേരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ  തഹസില്‍ദാര്‍ പാര്‍ഥിഭന്‍ തൃച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചു. അപകടത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.