വരന്റെയും വധുവിന്റെയും വാഹനത്തിന് മുന്നിൽ സുഹൃത്തുക്കളുടെ ബൈക്ക് റാലി; കാർ ഇടിച്ചു കയറി അപകടം: വീഡിയോ

Web Desk
Posted on November 20, 2019, 8:53 am

ചെറുവത്തൂർ: വിവാഹം കഴിഞ്ഞ് വധൂവരന്മാരെ ആനയിച്ചുകൊണ്ടു പോകുന്നതിനിടയിലേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറി നാലു പേർക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെ മയ്യിച്ച ദേശീയപാതയിലാണ് സംഭവം.  അഭിഷേക് (17), അമൃതരാജ് (25), അനിൽ കുമാർ (43), ശ്രീജിത് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മയ്യിച്ച വെങ്ങാട്ട് ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹ സൽക്കാരവും കഴിഞ്ഞ് വരന്റെ കാടങ്കോട്ടുള്ള വീട്ടിലേക്ക് പോവുകയായിരുന്നവരുടെ ഇടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. പാർട്ടിയുടെ മുൻഭാഗത്തുണ്ടായിരുന്ന ബൈക്ക് യാത്രക്കാർ മയ്യിച്ച ചെറിയ പാലത്തിനടുത്തുള്ള ദേശീയ പാതയിലേക്കുള്ള കയറ്റം കയറുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു.

അതേസമയം വിവാഹ സംഘം സഞ്ചരിച്ച ബൈക്ക് റാലിയിലേക്ക് കാർ ഇടിച്ചു കയറുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. കാർ ബൈക്കിലേക്ക് ഇടിച്ചു കയറുമ്പോൾ ബൈക്കിൽ സഞ്ചരിച്ചവർ തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിലുണ്ട്. ഡ്രൈവ് ചെയ്യുന്നതിനിടെ കാർ ഓടിച്ചയാൾ മൊബൈൽ ഫോണിൽ സംസാരിച്ചതാണ് ശ്രദ്ധ തെറ്റാൻ കാരണമെന്നാണ് സൂചന. അതേ സമയം ബൈക്കിൽ സഞ്ചരിച്ചവർ ഹെൽമറ്റ് ഉപയോഗിച്ചിട്ടുമില്ല.