Janayugom Online
pulsar-suni

നടിയെ ആക്രമിച്ച കേസ്: വീണ്ടും രേഖ ആവശ്യപ്പെട്ട് കേസ് വൈകിക്കുന്നു — കോടതി

Web Desk
Posted on June 27, 2018, 5:08 pm

നടി ആക്രമിക്കപ്പെട്ട കേസ് വൈകിപ്പിക്കുവാന്‍ പ്രതികള്‍ മന:പൂര്‍വം ശ്രമിക്കുന്നതായി കോടതി. കേസ് പരിഗണിക്കുന്ന എറണാകുളം സെഷന്‍സ് കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ല. കേസിലെ പ്രധാന രേഖകളെല്ലാം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും വീണ്ടും കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പ്രതികളുടെ വിചാരണ നിശ്ചയിക്കാന്‍ തടസമാവുകയാണെന്നും കോടതി നിരീക്ഷിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളായ അഭിഭാഷകര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളി. ഈ കേസിന്റെ പരിഗണന സമയത്താണ് കോടതി നിരീക്ഷണം നടത്തിയത്.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയാണ് വിചാരണ കോടതി തള്ളിയത്. പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം. കേസില്‍ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നാതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.