കുറ്റവാളിയെ കുടുക്കാന്‍ ഇനി മാന്ത്രിക കണ്ണട

Web Desk
Posted on October 13, 2017, 11:17 pm

പ്രത്യേക ലേഖകന്‍
ദുബായ്: കുറ്റവാളികള്‍ ജാഗ്രതൈ! ക്രിമിനലുകളെ കുടുക്കാന്‍ ഇനി ഷാഡോ പൊലീസും കുറ്റാന്വേഷണ സംഘവും പ്രത്യേകാന്വേഷണ സംഘവുമൊന്നും വേണ്ട. കണ്ണടയിലൂടെ ഒന്നു പരതിയാല്‍ മതി കണ്‍വെട്ടത്തുള്ള കുറ്റവാളികളെല്ലാം വലയില്‍ വീഴും. അതിസൂക്ഷ്മമായ കാമറ ഘടിപ്പിച്ച ഈ കണ്ണട ഒരു കുറ്റാന്വേഷകന്റെ ജോലി ഭംഗിയായി നിര്‍വഹിക്കും.

ആള്‍ക്കൂട്ടത്തിനിടയിലെ നൂറുകണക്കിന് മുഖങ്ങളില്‍ നിന്നും കുറ്റവാളിയുടെ മുഖം വേര്‍തിരിച്ചു കണ്ടുപിടിക്കാന്‍ കഴിവുള്ള ഈ കണ്ണട ഇവിടെ നടക്കുന്ന ജിറ്റെക്‌സ് സാങ്കേതിക മേളയിലാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പൊലീസുകാരന്‍ ഈ കണ്ണട ധരിച്ച് ജനക്കൂട്ടത്തിനിടയിലേക്ക് നോക്കിയാല്‍ പിടികിട്ടാപ്പുള്ളികളടക്കമുള്ള കണ്ണടയിലെ കാമറയില്‍ പതിയുന്ന ക്രിമിനലുകളുടെ ചിത്രം നേരെ പൊലീസിനെത്തും. കുറ്റവാളികളുടെ ഫയല്‍ ഫോട്ടോകളുമായി ഒത്തുനോക്കി പിടികിട്ടാപ്പുള്ളിയെ പിടിയിലാക്കാന്‍ പിന്നീട് മിനിറ്റുകള്‍ മതിയെന്നാണ് അബുദാബി പൊലീസ് ആസ്ഥാനത്തെ അദ്‌നന്‍ അല്‍ ഹമ്മാദി അറിയിച്ചത്. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച വാഹനം പോലും ഇപ്രകാരം ഈ സ്മാര്‍ട്ട്കഌസ് ഉപയോഗിച്ച് പിടിച്ചെടുക്കാം.

ഇത്തരം കണ്ണടകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും കുറ്റാമ്പേഷണത്തിനുള്ള ഈ അത്യാധുനിക ഉപകരണം അടുത്തവര്‍ഷം യുഎഇ പൊലീസിനു ലഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കണ്ണടയിലെ കാമറ കുറ്റാന്വേഷണ വിഭാഗത്തിന്റെ ഓപ്പറേഷന്‍സ് കേന്ദ്രവുമായി നേരിട്ട് ബന്ധപ്പെടുന്നതിനാല്‍ കണ്ണട ധരിച്ച പൊലീസുകാരന്‍ പോലും അറിയാതെ കുറ്റവാളിയുടെ ചിത്രം അന്വേഷകരുടെ പക്കല്‍ എത്തുമെന്ന പ്രത്യേകതയുമുണ്ട്. കാമറയ്‌ക്കൊപ്പം ജിപിഎസ് സംവിധാനവുമുള്ളതിനാല്‍ ക്രിമിനലുകളെ അവര്‍ നില്‍ക്കുന്ന സ്ഥലത്തുനിന്നും പൊലീസിന് കയ്യോടെ പൊക്കുകയും ചെയ്യാമെന്ന് ഹമ്മാദി പറഞ്ഞു.