നിർഭയ കേസിൽ ആരാചാരാകണം: ചോരയിൽ കത്തെഴുതി ഷൂട്ടിങ് താരം

Web Desk
Posted on December 15, 2019, 7:37 pm

ലക്നൗ: നിർഭയ കേസിൽ പ്രതികൾക്കായുള്ള തൂക്കു കയർ തയ്യാറാകുന്നു എന്ന വാർത്തകൾ വരുമ്പോൾ നിരവധി പേരാണ്  തങ്ങൾക്ക് ആരാചാരാകണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര ഷൂട്ടിങ് താരം വർത്തിക സിങ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രത്കം കൊണ്ട് കത്തെഴുതിയിരിക്കുകയാണ്. നിർഭയ കേസിലെ നാലു പ്രതികളെയും ഒരു പെണ്ണുതന്നെ തൂക്കിലേറ്റണമെന്ന് അഭ്യർഥിച്ചു രക്തത്തിലാണ് കത്ത് എഴുതിയിരിക്കുന്നത്. ‘നിർഭയ കൂട്ട ബലാത്സംഗ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാൻ എന്നെ അനുവദിക്കണം. ഇതിലൂടെ ഒരു സ്ത്രീക്ക് വധശിക്ഷ നടപ്പിലാക്കാൻ കഴിയുമെന്ന സന്ദേശം രാജ്യത്തിനു ലഭിക്കും.

ഒരു പെണ്ണു തന്നെ വധശിക്ഷ നടപ്പിലാക്കുന്നെന്ന അറിവ് ബലാത്സംഗം പോലെ ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നവർക്ക് ഒരു പാഠമാകും. ഈ കാര്യത്തിൽ എനിക്കു സിനിമാ നടിമാരുടെയും വനിതാ എംപിമാരുടെയും പിന്തുണ ആവശ്യമാണ്. ഇതു നടപ്പിലാക്കുന്നതിലൂടെ സമൂഹത്തിൽ മാറ്റം വരുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്ത്രീകൾ സമൂഹത്തിൽ ഭയപ്പെട്ടു ജീവിക്കേണ്ടവരല്ല എന്നുമാണ് വർത്തിക സിങ് വ്യക്തമാക്കുന്നത്. 2012 ഡിസംബർ 16നാണ് സിനിമ കഴിഞ്ഞു തിരികെ വരും വഴി ബസിൽ വച്ച് ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കൽ വിദ്യാര്‍ഥിനി തലസ്ഥാന നഗരിയിൽ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്.
you may also like this video

ആറു പേർ ചേർന്ന് ബലാത്സംഗം ചെയ്ത ശേഷം റോഡിലേക്കു വലിച്ചെറിഞ്ഞ പെൺകുട്ടി ഡിസംബർ 29ന് സിംഗപ്പൂരിലെ ആശുപത്രിയിലാണു മരിച്ചത്. രാജ്യം ഞെട്ടിയ കൊടും ക്രൂരതയ്ക്കു നാളെ ഏഴു വർഷം തികയുകയാണ്.