September 28, 2022 Wednesday

Related news

June 16, 2022
October 30, 2021
July 29, 2021
July 22, 2021
June 14, 2021
April 30, 2021
September 30, 2020
September 29, 2020
August 20, 2020
July 13, 2020

അസെന്‍ഡ് 2020 ഉച്ചകോടി: ആദ്യവര്‍ഷം 54 പദ്ധതികള്‍, ഏഴു പദ്ധതികള്‍ക്കു തുടക്കമായി

Janayugom Webdesk
കൊച്ചി
August 20, 2020 5:39 pm

കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ക്ക് ഇടയിലും വ്യവസായ മേഖലയില്‍ ഒരു വര്‍ഷത്തിനകം ആരംഭിക്കാന്‍ പോകുന്നത് 25,000 കോടി രൂപയുടെ പദ്ധതികള്‍. സംസ്ഥാന വ്യവസായ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച അസെന്‍ഡ് സമ്മേളനത്തില്‍ അവതരിപ്പിച്ച 54 പദ്ധതികളാണ് ഒരു വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാകാന്‍ പോകുന്നത്. ഇതില്‍ ഏഴെണ്ണം ഇതിനകം തന്നെ പ്രവര്‍ത്തനം തുടങ്ങി.

54 പദ്ധതികളില്‍ 703 കോടി രൂപ നിക്ഷേപം വരുന്ന 16 എണ്ണം മൂന്നു മാസത്തിനകം പൂര്‍ത്തിയാകും. ആറു മാസം കൊണ്ട് 700 കോടി രൂപയുടെ 15 പദ്ധതികള്‍ കൂടി പൂര്‍ത്തിയാകുമെന്നും വ്യവസായ വകുപ്പു മന്ത്രി ശ്രീ ഇ പി ജയരാജന്‍ അറിയിച്ചു. 5456.48 കോടി രൂപയുടെ 23 പദ്ധതികള്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ ഷാര്‍പ്പ് പ്ലൈവുഡ്സ് (എട്ടു കോടി രൂപ), അഗ്രോ പാര്‍ക്ക് (രണ്ടു കോടി), ജൈസ പിഗ്മെന്‍റ് (24 ലക്ഷം), ഗാലക്സി അലുമിനിയം ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (4.5 കോടി രൂപ) സായാസ് കിച്ചണ്‍, ഹരിപ്പാട് ആലപ്പുഴ (65 ലക്ഷം രൂപ), നവ്യ ബേക്ക്സ് ആന്‍ഡ് റസ്റ്റോറന്‍റ്സ് (16 കോടി), എസ്.പി. ബയോകമ്പോസ്റ്റ് ആന്‍ഡ് ഡീസല്‍, തൃശൂര്‍ (65 ലക്ഷം രൂപ) എന്നിവയാണ് പ്രവര്‍ത്തനം തുടങ്ങിയ പദ്ധതികള്‍.

സംസ്ഥാന വ്യവസായ വകുപ്പ് കഴിഞ്ഞ ജനുവരി 9,10 തിയതികളിലാണ് എറണാകുളത്ത് അസെന്‍ഡ് 2020 ഉച്ചകോടി സംഘടിപ്പിച്ചത്. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള പ്രമുഖ വ്യവസായികള്‍ ഇതില്‍ പങ്കെടുത്തിരുന്നു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് (ഡിഐസി), കേരള സ്റ്റേറ്റ് വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്ഐഡിസി), കിന്‍ഫ്രാ, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്പ്) എന്നിവയുടെ സഹകരണത്തോടെയാണ് അസെന്‍ഡ് ഉച്ചകോടി സംഘടിപ്പിച്ചത്.

ഒരു ലക്ഷം കോടി രൂപയുടെ ധാരണാ പത്രങ്ങളും താത്പര്യ പത്രങ്ങളുമാണ് ഈ സമ്മേളനത്തിലൂടെ മുന്നോട്ടു വച്ചത്. എയ്റോട്രോപോളിസ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ലൈഫ് സയന്‍സസ്, മൊബിലിറ്റി, ടൂറിസം, ഹെല്‍ത്കെയര്‍ എന്നീ മേഖലകളിലായിരുന്നു ഇവ. പെട്രോകെമിക്കല്‍സ്, അഗ്രോ ആന്‍ഡ് ഫുഡ് പ്രൊസസ്സിംഗ്, പ്രതിരോധം ലൈഫ് സയന്‍സ്, വിമാനത്താവളങ്ങള്‍, ടൂറിസം, തുറമുഖം, മത്സ്യബന്ധനം, ഇന്‍ഫ്രാസ്ട്രക്ചര്‍, മൊബിലിറ്റി, ലോജിസ്റ്റിക്സ്, ഇലട്രോണിക്സ് എന്നിവയിലെ 100 ഓളം പദ്ധതികള്‍ ഉച്ചകോടിയില്‍ അവതരിപ്പിച്ചിരുന്നു.

കിന്‍ഫ്ര, കെഎസ്ഐഡിസി, ഡിഐസി എന്നിവയിലെ നോഡല്‍ ഓഫീസര്‍മാര്‍ ചേര്‍ന്ന് പദ്ധതികളുടെ നടത്തിപ്പിനു വേണ്‍ണ്ടി പ്രത്യേകമായി ചുമതലപ്പെടുത്തി സംരംഭകര്‍ക്ക് വേണ്ടണ്‍ പിന്തുണയും സഹകരണവും നല്‍കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്. പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്താന്‍ ഇതു വരെ അഞ്ച് യോഗങ്ങള്‍ നോഡല്‍ ഓഫീസര്‍മാര്‍ ചേര്‍ന്നിട്ടുണ്ട്.

11 പദ്ധതികള്‍ക്കായി 1209 കോടി രൂപയുടെ വായ്പ കെഎസ്ഐഡിസിയുടെ പരിഗണനയിലാണ്. ഇവയില്‍ ഏതാനും നിര്‍ദ്ദേശങ്ങള്‍ അനുവദിക്കുകയോ അനുവദിക്കുന്നതിന്‍റെ അവസാന ഘട്ടത്തിലോ ആണ്. ഭൂമിയുമായി ബന്ധപ്പെട്ട് 1,715 കോടി രൂപയുടെ ധാരണാപത്രം 11 പദ്ധതികള്‍ക്കായി കിന്‍ഫ്ര ഒപ്പിട്ടു കഴിഞ്ഞു. ഇതില്‍ ഏഴ് പദ്ധതികള്‍ക്കായുള്ള ഭൂമി അനുവദിക്കുന്നത് അതിന്‍റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ബാക്കിയുള്ളവ അനുമതിയുടെ വിവിധ ഘട്ടങ്ങളിലാണ്.

വ്യവസായ സൗഹൃദത്തില്‍ കേരളത്തിന്‍റെ മികവ് മറ്റ് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിന് അസെന്‍ഡ് സമ്മേളനത്തിലൂടെ സാധിച്ചുവെന്ന് വ്യവസായ വകുപ്
 പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ ഇളങ്കോവന്‍ പറഞ്ഞു. ഗതാഗതം ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍, ഇലക്ട്രോണിക് ഹൈടെക്, ടൂറിസം — ഹോസ്പിറ്റാലിറ്റി, നിര്‍മ്മാണ വ്യവസായം, ജലഗതാഗത വികസനം, ഭക്ഷ്യ, സുഗന്ധ വ്യഞ്ജന സംസ്ക്കരണം തുടങ്ങിയ മേഖലകള്‍ അസെന്‍ഡിന്‍റെ വൈവിധ്യം വെളിവാക്കുന്നു.

സെമി ഹൈസ്പീഡ് റെയിലായ സില്‍വര്‍ ലൈന്‍, ശബരിമല വിമാനത്താവളം, മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക്, കണ്ണൂര്‍ എയ്റോട്രോപോളിസ്, പെട്രോകെമിക്കല്‍ പാര്‍ക്ക്, ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ പാര്‍ക്ക്, ഇന്‍റഗ്രേറ്റഡ് മാനുഫാക്ച്ചറിംഗ് ക്ലസ്റ്റര്‍ എന്നിവയെല്ലാം അസെന്‍ഡിന്‍റെ ഭാഗമായി ഉയര്‍ന്നുവന്ന പദ്ധതികളാണ്.

Eng­lish  sumary: acend ker­ala glob­al investors meet

You may also like  this video:

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.