Web Desk

ഇരവിപുരം

December 10, 2020, 7:39 pm

ഭാര്യയേയും മക്കളെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചയാള്‍ അറസ്റ്റിൽ: ആസിഡ് നല്‍കിയ ആളും പിടിയില്‍

Janayugom Online

പൊലീസിൽ പരാതി നൽകിയതിന്റെ പേരിൽ ഭാര്യയ്ക്കും, മക്കള്‍ക്കും ബന്ധുക്കളായ മൂന്ന് കുട്ടികൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. ഇയാൾക്ക് ആസിഡ് നൽകിയയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരവിപുരം പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വാളത്തുംഗൽ ഇല്ലം നഗർ 161 മങ്കാരത്ത് കിഴക്കതിൽ ജയൻ (36), ഇയാൾക്ക് ആസിഡ് നൽകിയ മയ്യനാട് വടക്കുംകര പടിഞ്ഞാറ് വള്ളിയമ്പലത്തിന് വടക്ക് പ്രശോഭാ ഭവനിൽ സുരേഷ് (35) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ജയനുവേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ ഒന്ന് ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ വാളത്തുംഗലായിരുന്നു സംഭവം.

വാളതുംഗൽ സഹൃദയ ക്ലബിന്സമീപം മംഗാരത്കിഴക്കതിൽ രജി, മകൾ 14 വയസുകാരി ആദിത്യ സമീപത്തെകുട്ടികളായ പ്രവീണ, നിരഞ്ജന എന്നിവർക്ക് നേരെയാണ് രജിയുടെ ഭർത്താവ് ജയൻ ആസിഡ് ഒഴിച്ചത്. രജി ലോട്ടറി കടയിൽ ജോലിയ്ക്ക് പോയതിന്റെ വൈരാഗ്യം മൂലമാണ് ഇയാൾ ആസിഡ് ഒഴിച്ച് ഭാര്യയേയും മക്കളെയും കൊല്ലാൻ ശ്രമിച്ചത്. ഒന്നാം തീയതി രാത്രി ഒമ്പതുമണിയോടെ ആസിഡുമായി വീട്ടിലെത്തിയ ജയൻ ആസിഡ് ഒളിച്ചുവച്ച ശേഷം വീട്ടിലെത്തി വഴക്കുണ്ടാക്കി. വിവരം ഇയാളുടെ ഭാര്യ രജി ഇരവിപുരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ ഒളിവിൽ പോകുകയും പൊലീസ് തിരികെ പോയപ്പോൾ വീണ്ടുമെത്തി ഭാര്യയ്ക്കും മക്കൾക്കും നേരേ ആസിഡ് ആക്രമണം നടത്തി കടന്നു കളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രജിയും മകൾ ആദ്യത്യയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തുവരികയാണ്.

സംഭവമറിഞ്ഞ സിറ്റി പൊലീസ് കമ്മിഷണർ ടി നാരായണൻ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം അസിസ്റ്റന്‍ഡ് കമ്മിഷണർ പ്രദീപിന്റെ മേൽനോട്ടത്തിൽ ഇരവിപുരം എസ്എച്ച്ഓ വിനോദ് കെയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിക്കുകയും എസ് ഐമാരായ അനീഷ് എ പി, ദീപു, അഭിജിത്ത്, ജിഎസ്ഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം കണ്ണൂർ, തലശ്ശേരി, മാഹി, കുറ്റ്യാടി, ചോമ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി വരവെ പൊലീസ് തന്റെ പിന്നാലെയുണ്ടെന്നറിഞ്ഞ പ്രതി അവിടെ നിന്നും കൊല്ലം ഭാഗത്തേക്ക് രക്ഷപെടുകയായിരുന്നു.

ഇയാൾ കൊല്ലത്തെത്തിയതായി വിവരം ലഭിച്ച പൊലീസ് കല്ലുവാതുക്കൽ ഭാഗത്തെ ഒളിത്താവളം വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആസിഡ് നൽകിയ സുരേഷ് പിടിയിലായത്. ഇയാൾ ചാത്തനൂർ പൊലീസ് സ്റ്റേഷനിലെ ഒരു കൊലക്കേസ് പ്രതിയാണ്.

ലഹരിക്ക് അടിമയായ ജയൻ ഭാര്യയേയും മക്കളെയും മർദ്ദിക്കുന്നതു പതിവായിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു. അറസ്റ്റിലായ ജയനെ തെളിവെടുപ്പിനാായി സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ നാട്ടുകാർ ഇയാളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് നാട്ടുകാരെ പിന്തിരിപ്പിക്കുകയായിരുന്നു. സുരേഷിന് ആസിഡ് ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. എസ്ഐമാരായ അനീഷ്, ദീപു, നിത്യാസത്യൻ എന്നിവരടങ്ങിയ സംഘമാണ് കല്ലുവാതുക്കലിൽ നിന്നും ഇയാളെ പിടികൂടിയത്. എസ്ഐമാരായ ബിനോദ് കുമാർ, അഭിജിത്ത്, ജിഎസ്ഐ സുനിൽ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ആശുപത്രിയിൽ കഴിയുന്ന കുട്ടിയ്ക്ക് ആവശ്യമായ എല്ലാ സായങ്ങളും ലീഗൽ സർവീസ് അതോറിറ്റി മുഖേന ഇരവിപുരം പൊലീസ് നൽകി വരുന്നുണ്ട്.

Eng­lish Sum­ma­ry: acid attack accused arrested

You may like this video also