വൃദ്ധനായതിനാല്‍ പ്രതിയെ വെറുതെ വിട്ടിരിക്കുന്നു

Web Desk
Posted on July 07, 2019, 11:02 pm

devikaകേരളത്തില്‍ ഇതുവരെ എത്ര ജുഡീഷ്യല്‍ അനേ്വഷണ കമ്മിഷനുകള്‍ ഉണ്ടായിട്ടുണ്ട് എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കുന്നതിലും എളുപ്പം ആകാശത്ത് എത്ര നക്ഷത്രങ്ങളുണ്ട്, കടപ്പുറത്ത് എത്ര കാക്കകളുണ്ട്, കടലില്‍ ഒരു ദിവസം എത്ര തിരകളുണ്ടാവും എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതാകും. ഭൂമി മലയാളം ഉണ്ടായ കാലം മുതല്‍ ജുഡീഷ്യല്‍ അനേ്വഷണവുമുണ്ടായി. കൈലാസവാസനായ ശ്രീ പരമേശ്വരന്‍ ഗംഗയുമായി ചില ചുറ്റിക്കളികള്‍ നടത്തിയപ്പോള്‍ അതേക്കുറിച്ച് അനേ്വഷിക്കാന്‍ പ്രിയതമ പാര്‍വതീദേവി സ്വയം അനേ്വഷണ കമ്മിഷനായതാകാം ആദ്യത്തേത്. പാര്‍വതീകമ്മിഷന്‍ റിപ്പോര്‍ട്ടിന് അന്നത്തെപോലെ തന്നെ ഒന്നും സംഭവിച്ചില്ല. ശിരസില്‍ ഗംഗയുമായി ഗംഗാധരനായി ഇന്നും ശ്രീ മഹാദേവന്‍ വാണരുളുന്നു. അതു പുരാണകാലത്തെ കഥ. ആധുനിക ജനാധിപത്യ കേരളത്തില്‍ എന്നാണ് ജുഡീഷ്യല്‍ കമ്മിഷനുകള്‍ ഉദയംകൊണ്ടു തുടങ്ങിയതെന്നു ഗൂഗിളില്‍ പരതിയാല്‍ അന്ത്യശ്വാസം വരെ ചികയുകയേ നിവൃത്തിയുള്ളു.

അനേ്വഷണ കമ്മിഷനുകള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും ഖജനാവിലെ കോടികള്‍ കമ്മിഷനുകള്‍ക്ക് ചോര്‍ത്തിക്കൊടുക്കാനുമുള്ള വെറും നമ്പരുകളാണെന്ന് ജസ്റ്റിസ് കമാല്‍പാഷ ഇന്നലെ പറഞ്ഞത് ചിന്തോദ്ദീപകമായി. കമ്മിഷനുകളില്‍ ആവിര്‍ഭാവ കാലത്തും ഇന്നും ചില സ്ഥിരം നിലയവിദ്വാന്‍മാരുണ്ട്. കാലാകാലങ്ങളില്‍ മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ഇത്തരം കമ്മിഷനെ നിയമിക്കുക. ജില്ലാ ജഡ്ജിയായി റിട്ടയര്‍ ചെയ്ത പ്രഹ്ലാദന്‍ എന്നയാള്‍ ഇത്തരം ഒരു സ്ഥിരം അനേ്വഷണ കമ്മിഷനായിരുന്നു. ഒരു കമ്മിഷന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അടുത്ത കമ്മിഷനായി വരുന്നതും റിട്ടയേര്‍ഡ് ജഡ്ജി പ്രഹ്ലാദനായിരിക്കും. അദ്ദേഹത്തിന്റെ കമ്മിഷനുകള്‍ക്ക് ഒരു സ്ഥിരം സെക്രട്ടറിയുമുണ്ടായിരുന്നു. ദേവികയുടെ ബന്ധുവും ആറ്റിങ്ങല്‍ കോരാണി സ്വദേശിയുമായ ശ്രീധരന്‍ നായര്‍, പ്രഹ്ലാദന്‍ കമ്മിഷന്‍ കണ്ടമാനം റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചു. അന്ന് ദശലക്ഷക്കണക്കിനു രൂപ പ്രതിഫലവും വാങ്ങി. ദൈവദോഷം പറയരുതല്ലോ, പ്രഹ്ലാദന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുകളെല്ലാം ഇപ്പോള്‍ അജ്ഞാതമായ ഏതോ മൂലകളില്‍ അന്ത്യവിശ്രമംകൊള്ളുന്നു.

അനേ്വഷണ കമ്മിഷനുകള്‍ ഇതുവരെ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലെ എത്ര കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നു ചോദിച്ചാല്‍ പൂജ്യം എന്നായിരിക്കും മറുപടി. പണ്ട് ജില്ലാ ജഡ്ജിയായിരുന്ന എന്‍ ശ്രീനിവാസന്‍ പിന്നീട് വയസാംകാലത്ത് എക്‌സൈസ് മന്ത്രിയുമായി. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന സ്പിരിറ്റ് കുംഭകോണ കേസില്‍ അനേ്വഷണം നടത്തിയ കമ്മിഷന്‍ അദ്ദേഹത്തെ കുറ്റക്കാരനെന്നു കണ്ടെത്തി. പിന്നീടുവന്ന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ മുന്നണിയുടെ എതിര്‍ചേരിയിലായിരുന്നു. പക്ഷേ കുറ്റക്കാരനെങ്കിലും ശ്രീനിവാസന്റെ വാര്‍ധക്യം കണക്കിലെടുത്ത് വെറുതെ വിടുന്നുവെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതികളെ കോടതി വിട്ടയയ്ക്കുന്നുവെന്നു കേള്‍ക്കാറുണ്ട്. പക്ഷേ പ്രായത്തിന്റെ ആനുകൂല്യത്തില്‍ പ്രതിയെ വിട്ടയയ്ക്കുന്നത് ഒരു പക്ഷേ ചരിത്രത്തില്‍ ആദ്യം. പിന്നീട് വന്ന കാക്കത്തൊള്ളായിരം കമ്മിഷനുകളും എങ്ങും തൊടാതെ പ്രതികളെ വെറുതെവിട്ട് കുറേ ശുപാര്‍ശകളുമായി അനേ്വഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു നടപടിയുമില്ലാതെ അവ ചവറ്റുകൊട്ടകളില്‍ അന്ത്യവിശ്രമംകൊള്ളുന്നു. ഇതുവരെ നിയമിച്ച അനേ്വഷണകമ്മിഷനുകളുടെ പേരില്‍ തുലച്ച പൊതുപണം ഉണ്ടായിരുന്നെങ്കില്‍ ഒരു കോടി വീടുകളെങ്കിലും ഭവനരഹിതര്‍ക്കു നിര്‍മിച്ചു നല്‍കാമായിരുന്നുവെന്നാണ് ഈയിടെ ഒരു സരസന്‍ പറഞ്ഞത്.

ഇതെല്ലാം പറഞ്ഞുവന്നതും ഓര്‍ത്തുപോയതും ജസ്റ്റിസ് മുഹമ്മദ് കമ്മിഷനെക്കുറിച്ച് കേട്ടപ്പോഴാണ്. കേരളത്തിലാകെ ഹൈക്കോടതിയടക്കമുള്ള കോടതികളില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ചില വഴക്കും വക്കാണവുമുണ്ടായി. ഇരുകൂട്ടരുടേയും ഷര്‍ട്ടിനു കുത്തിപ്പിടിച്ച് കോളറും പോക്കറ്റും കീറുകയും അഭിഭാഷകരുടെ കോട്ടുകള്‍ വലിച്ചുകീറുകയും ചെയ്യുന്ന കലാപരിപാടികള്‍ അരങ്ങേറി. ഇതിനൊക്കെ പരിഹാരം കാണാനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് മുഹമ്മദിനെ അനേ്വഷണ കമ്മിഷനായി നിയമിച്ചു. ഒരാഴ്ചകൊണ്ട് അനേ്വഷണം കമ്മിഷന്‍ പലതവണയായി വലിച്ചുനീട്ടിയത് മുപ്പതുമാസം. ഇതിനകം പൊതുമുതലില്‍ നിന്നും കമ്മിഷനെ തീറ്റിപ്പോറ്റാന്‍ ചെലവായത് 1.84 കോടി. എന്നിട്ടും അനേ്വഷണം ഒരു കടവിലുമടുത്തില്ല. അനേ്വഷണവിഷയം അതുപോലെ നിലനില്‍ക്കുന്നു. കമ്മിഷനു ചെലവായ തുക മാധ്യമപ്രവര്‍ത്തകരില്‍ നിന്നും അഭിഭാഷകരില്‍ നിന്നും ഈടാക്കണമെന്ന ശുപാര്‍ശ ഉണ്ടാകാതിരിക്കണേ എന്ന് ഇരുകൂട്ടരും മുട്ടിപ്പായി പ്രാര്‍ഥിക്കുന്നു. ഏതു കമ്മിഷന്റെ ശുപാര്‍ശയാണ് ഏതെങ്കിലും സര്‍ക്കാര്‍ നടപ്പിലാക്കിയത്. ബോട്ടപകടങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോള്‍ ഓരോ അനേ്വഷണ കമ്മിഷനെ നിയോഗിക്കും. കായലുകളില്‍ ബോട്ടുകള്‍ ഓടിക്കാതിരുന്നാല്‍ ബോട്ടപകടങ്ങള്‍ ഒഴിവാക്കാം എന്നിമ്മാതിരിയുള്ള ശുപാര്‍ശകള്‍ സമര്‍പ്പിച്ച് കമ്മിഷന്‍ കോടികള്‍ വാങ്ങി പൊടിയും തട്ടി പിന്‍വാങ്ങും. ഇതിനൊക്കെ ഒരതിരുവേണ്ടേ. ഈയിടെ ഒരു കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഒരു തട്ടിപ്പുകാരിയുടെ രതിനിര്‍വേദത്തെക്കുറിച്ചുള്ള വാത്സ്യായനന്റെ കാമശാസ്ത്ര സമാനമായിരുന്നു. ആ സംഭോഗകേളികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനും ദശലക്ഷങ്ങള്‍ ചെലവായി. ആ റിപ്പോര്‍ട്ട് പുസ്തകരൂപത്തില്‍ പുറത്തിറക്കിയിരുന്നുവെങ്കില്‍ ആ കാമശാസ്ത്രഗ്രന്ഥം വിറ്റ് ഒരു വര്‍ഷത്തെ സംസ്ഥാന ബജറ്റിനുള്ള പണം കണ്ടെത്താമായിരുന്നു. അതിനാലാണ് അനേ്വഷണ കമ്മിഷനുകളെ നിയോഗിക്കുന്ന സംവിധാനം പൊളിച്ചെഴുതണമെന്ന് പൊതുമനസ് ആവശ്യപ്പെടുന്നത്. കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി എന്നായിക്കൂടല്ലോ കാര്യങ്ങള്‍.

മീഡിയ അക്കാഡമി അധ്യക്ഷന്‍ ആര്‍ എസ് ബാബു ദേവികയുടെ ഒരു ഉറ്റ സുഹൃത്താണ്. ആ അവകാശം ഉപയോഗിച്ച് അദ്ദേഹത്തോട് ഒരഭ്യര്‍ഥന. മാധ്യമങ്ങളിലെ ഭാഷാ പ്രയോഗ സാധ്യതകളെക്കുറിച്ചും പ്രയോഗ വൈകല്യങ്ങളും വിപരീതാര്‍ഥം സംബന്ധിച്ചും അക്കാഡമി നേരിട്ടുതന്നെ ഒരു ഗവേഷണം നടത്തണം. ഈയടുത്ത ദിവസങ്ങളില്‍ വന്ന ചില വാര്‍ത്തകളാണ് ഇത്തരമൊരു ചിന്തയിലേക്ക് ദേവികയെ നയിച്ചത്. സ്വര്‍ണം കള്ളക്കടത്തുകാരന്‍ വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്നും 30 മദ്യകുപ്പികള്‍ കണ്ടെടുത്തെന്നായിരുന്നു വാര്‍ത്ത. മദ്യകുപ്പികള്‍ കണ്ടെടുക്കുന്നത് കുറ്റകരമെങ്കില്‍ സംസ്ഥാനത്തെ ആക്രിക്കടകളില്‍ എന്നും റെയിഡു നടത്തേണ്ടേ. മദ്യകുപ്പികള്‍ സൂക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമെന്ന് ഏതു കിത്താബിലാണ് പറഞ്ഞിട്ടുള്ളത്. യഥാര്‍ഥത്തില്‍ 30 കുപ്പി മദ്യം കണ്ടെത്തിയതാണ് പ്രയോഗവൈകല്യംകൊണ്ട് 30 മദ്യകുപ്പികളായത്.

നെടുങ്കണ്ടം ഉരുട്ടിക്കൊല സംബന്ധിച്ചതാണ് മറ്റൊരു വാര്‍ത്ത. പൈശാചികമായി അരുംകൊല ചെയ്യപ്പെട്ട രാജ്കുമാറിന് ദേഹമാസകലവും ആന്തരികാവയവങ്ങളിലും ഉണ്ടായ മര്‍ദനംമൂലം ഉണ്ടായ ന്യുമോണിയയായിരുന്നു മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതു മിക്ക ചാനലുകളും വാര്‍ത്തയാക്കിയപ്പോള്‍ കസ്റ്റഡി കൊലപാതകത്തിലെ വില്ലന്‍ പ്രാകൃതമായ മര്‍ദനമുറകളാണെന്നു പറഞ്ഞിരുന്നു. എന്നാല്‍ കൊലയാളികളായ പൊലീസുകാരെ രക്ഷിച്ചേ അടങ്ങൂ എന്ന ഒരേ വാശിയായിരുന്നു ഒരു ചാനലിന്. ‘രാജ്കുമാര്‍ മരിച്ചത് ന്യുമോണിയമൂലം’ എന്ന ബ്രേക്കിംഗ് ന്യൂസ് ആ ചാനലില്‍ അന്നും പിറ്റേന്നും തത്തിക്കളിച്ചപ്പോള്‍ ജനത്തിനാകെ കണ്‍ഫ്യൂഷന്‍; മര്‍ദനമാണോ വില്ലന്‍, ന്യുമോണിയയാണോ വില്ലന്‍ എന്ന്. ദയവായി അന്‍പത്തൊന്നക്ഷരാളികൊണ്ട് ജനങ്ങളുടെ ബോധമണ്ഡലത്തില്‍ കയറി മേയരുത്.

മോഡി ഭരണത്തില്‍ ഇന്ത്യ വളരുന്നതുകണ്ട് ലോകം അത്ഭുതം കൂറുന്നു. സംഘപരിവാറിന് രോമാഞ്ചം. എഴുന്നുനില്‍ക്കുന്ന രോമങ്ങള്‍ അടുത്തുനില്‍ക്കുന്നവന്റെ കണ്ണില്‍ തുളച്ചുകയറുംവിധം അഭിമാന രോമാഞ്ച കഞ്ചുകമണിയുന്നവര്‍. മോഡിയുടെ രാജ്യതലസ്ഥാനം കൊലപാതകങ്ങളുടെ ലോകതലസ്ഥാനമായി കഴിഞ്ഞിരിക്കുന്നുവെന്ന കണക്കുകള്‍ ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നു. 24 മണിക്കൂറിനുള്ളില്‍ ശരാശരി ഒമ്പത് കൊലപാതകങ്ങളില്‍ നിന്നുള്ള ചോരക്കറകൊണ്ട് രക്തതിലകമണിയുന്ന മോഡിയുടെ ഡല്‍ഹി. പ്രതിദിനം മണിക്കൂറില്‍ ശരാശരി രണ്ടു ബലാല്‍സംഗങ്ങളെങ്കിലും എന്ന തോതില്‍ മാനഭംഗങ്ങളുടെ ആഗോള തലസ്ഥാനപദവിയിലേക്ക് മോഡിയുടെ പൊലീസ് ഭരിക്കുന്ന ഡല്‍ഹി അടിച്ചുകയറുമ്പോള്‍ ആനന്ദലബ്ധിക്കിനി എന്തുവേണം. തമിഴ് ബ്രാഹ്മണര്‍ക്ക് ജീവിതത്തിന്റെ ഭാഗമാണ് പെരുങ്കായസഞ്ചി. ബിരുദ സര്‍ട്ടിഫിക്കറ്റായാലും പച്ചക്കറിയായാലും കായസഞ്ചിയില്‍ കൊണ്ടുനടക്കുന്നതാണ് തമിഴ് പട്ടര്‍ക്കിഷ്ടം. അതിനാല്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അമ്മ്യാരും ബജറ്റ് ലോക്‌സഭയില്‍ കൊണ്ടുവരാന്‍ അശോകസ്തംഭാങ്കിതമായ പെരുങ്കായ സഞ്ചി തന്നെ തെരഞ്ഞെടുത്തു. പക്ഷെ കായസഞ്ചിയില്‍ ഇന്ദ്രപ്രസ്ഥത്തിലെ ജനത്തിനു മരണഭയമില്ലാതെ കഴിയാനുള്ള ഒരു വഹയും ഇല്ലാതായിപോയതു കഷ്ടം.